ഹരിപ്പാട്: ആഭ്യന്തര മന്ത്രിയും, ഹരിപ്പാട് എംഎല്‍എയുമായ രമേശ് ചെന്നിത്തലയെ ഫേസ്ബുക്കില്‍ വിമര്‍ശിച്ച് കമന്റിട്ടതിന് മണ്ണാറശാല സ്വദേശിക്കെതിരെ ഹരിപ്പാട് പൊലീസ് കേസെടുത്തു.
മണ്ണാറശാല നന്ദഗോകുലം വീട്ടില്‍ അനില്‍ കുമാറിനെതിരെയാണ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) 353(1)(b), കേരള പൊലീസ് ആക്ട് 120 (o) എന്നീ വകുപ്പുകള്‍ പ്രകാരം പൊലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്.സംഭവത്തില്‍ പൊലീസിനും ആഭ്യന്തര മന്ത്രിക്കുമെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ അധ്യക്ഷന്‍ സന്ദീപ് വാചസ്പതി രംഗത്തെത്തി.ഭരണം മാറിയിട്ടും കേരള പൊലീസിന്റെയോ പൊലീസ് മന്ത്രിയുടെയോ മനോനിലയില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. വിമര്‍ശിക്കുന്നവരെ ക്രിമിനല്‍ കേസില്‍ പ്രതിയാക്കുന്ന രീതിക്ക് ഇടത്-വലത് വ്യത്യാസമില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പരിഹസിച്ചു.മാതൃഭൂമി ന്യൂസിന്റെ ഫേസ്ബുക്ക് റീലിന് താഴെ അനില്‍ കുമാര്‍ ഇട്ട കമന്റാണ് കേസിന് ആസ്പദമായത്. തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ സുഗതനെ പൊലീസ് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട വാര്‍ത്തയ്ക്കുള്ള പ്രതികരണമായാണ് അനില്‍ കുമാര്‍ കമന്റ് രേഖപ്പെടുത്തിയത്.
പല ആയുധക്കേസുകളിലും പ്രതിയും നിലവില്‍ ഒളിവില്‍ കഴിയുന്നതുമായ കിഷോര്‍ എന്ന വ്യക്തി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോടൊപ്പം വേദി പങ്കിടുന്ന ചിത്രം സഹിതമാണ് അനില്‍ കുമാര്‍ വിമര്‍ശനം ഉന്നയിച്ചത്. തിരുവനന്തപുരത്തെ കൗണ്‍സിലറെ അറസ്റ്റ് ചെയ്യാന്‍ കാണിച്ച ശുഷ്കാന്തി, സ്വന്തം മണ്ഡലത്തില്‍ ഒളിവില്‍ കഴിയുന്ന ഗുരുതര കുറ്റകൃത്യങ്ങളിലെ പ്രതിയെ പിടികൂടാന്‍ പൊലീസ് കാണിക്കുന്നില്ലെന്നും, പ്രതിയെ പൊലീസ് മനഃപൂര്‍വ്വം സംരക്ഷിക്കുകയാണെന്നുമുള്ള രീതിയിലായിരുന്നു കമന്റ്. ഈ കമന്റിലൂടെ ആഭ്യന്തര മന്ത്രിയുടെ പ്രശസ്തിക്ക് ഹാനി വരുത്താനും, പൊലീസ് സേനയുടെ ഔദ്യോഗിക കര്‍ത്തവ്യനിര്‍വഹണത്തെക്കുറിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനും ശ്രമിച്ചു എന്ന് ആരോപിച്ചാണ് ഹരിപ്പാട് സബ് ഇന്‍സ്പെക്ടര്‍ നൗഷാദ് ഇ. സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്.
തിരുവനന്തപുരം പോലീസ് ആസ്ഥാനത്തെ സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം സൂപ്രണ്ട് നല്കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.വെറുമൊരു ഫേസ്ബുക്ക് പോസ്റ്റിന്റെയോ കമന്റിന്റെയോ പേരില്‍ പൊലീസ് ആക്ടിലെ സെക്ഷന്‍ 120 ചാര്‍ത്തരുതെന്ന് കേരള ഹൈക്കോടതിയുടെ വ്യക്തമായ ഉത്തരവുള്ള സാഹചര്യത്തിലാണ് പൊലീസ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.ആഭ്യന്തര മന്ത്രി നിര്‍ദ്ദേശിച്ചിട്ടാണ് ഈ കേസ് എടുത്തത് എന്ന് താന്‍ ആരോപിക്കുന്നില്ലെന്ന് വ്യക്തമാക്കിയ സന്ദീപ് വാചസ്പതി, മന്ത്രി ഈ വിവരമറിഞ്ഞിട്ടില്ലെങ്കില് ഇക്കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തുകയാണെന്നും പറഞ്ഞു.
ഒരു ജനപ്രതിനിധിയെയും മന്ത്രിയെയും വിമര്‍ശിച്ചതില്‍ അദ്ദേഹത്തിന്റെ ജീവന് അപകടത്തിലാക്കുന്നതോ, ഭീഷണിപ്പെടുത്തുന്നതോ ആയ എന്ത് പരാമര്‍ശമാണ് ഉള്ളതെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നും, രാഷ്ട്രീയ വിമര്‍ശനങ്ങളെ കേസ് എടുത്ത് അടിച്ചമര്‍ത്തുന്ന രീതി ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.