കണ്ണൂർ : വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ ഒരേ കല്ലറയിൽ രണ്ട് മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർധിച്ചതോടെ വിശദമായ അന്വേഷണത്തിന് പൊലീസ്.
എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ പൊലീസ് തീരുമാനിച്ചു. ക്രൈംബ്രാഞ്ച്, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിമാർ സ്ഥലം സന്ദർശിച്ചു. കല്ലറ തുറക്കാനായി ആർഡിഒയുടെ അനുമതി തേടും. എസ്പിയുടെ നേതൃത്വത്തിൽ യോഗം ചേർന്നശേഷമായിരിക്കും തുടർകാര്യങ്ങൾ തീരുമാനിക്കുന്നത്.കാണാതായ നാദാപുരം വിലങ്ങാട് സ്വദേശിയുടെ ബന്ധുക്കൾ രംഗത്തെത്തിയതോടെയാണ് പൊലീസ് ദുരൂഹതയില്ലെന്ന് പറഞ്ഞ പ്രശ്നം കൂടുതൽ സങ്കീർണമായത്. ഇതിനിടെ കുഴിയിൽ അടക്കം ചെയ്ത ആളുടെ ബന്ധുക്കളും രംഗത്തെത്തി. ആചാരപ്രകാരമാണ് അടക്കിയതെന്ന് ഇവർ വ്യക്തമാക്കി. പള്ളിയുടെ 38ാം നമ്പർ കല്ലറയിൽ 2015 ൽ സംസ്കരിച്ച ജെയിംസ് കുമ്പുക്കലിന്റെ മൃതദേഹം ക്രിസ്ത്യൻ ആചാരപ്രകാരം പെട്ടിയിലാണ് അടക്കിയതെന്ന് ബന്ധുക്കൾ പള്ളി വികാരിയെ അറിയിച്ചു.
ശനിയാഴ്ച ജെയിംസിന്റെ ഭാര്യയെ സെമിത്തേരിയിലെത്തിച്ച് പൊലീസ് കല്ലറ തിരിച്ചറിഞ്ഞിരുന്നു. ഭാര്യ കാണിച്ചതനുസരിച്ച് ഇതേ കല്ലറയാണെന്ന് ഉറപ്പിക്കുകയായിരുന്നു. എന്നാൽ ജെയിംസിന്റെ സഹോദരങ്ങൾ രംഗത്തെത്തിയതോടെയാണ് പ്രശ്നം വീണ്ടും സങ്കീർണമായത്. പോസ്റ്റ്മോർട്ടം കഴിഞ്ഞ ശേഷം പായയിൽ കെട്ടി അടക്കിയതാകാമെന്ന പൊലീസിന്റെ കണ്ടെത്തലിനെ ബന്ധുക്കൾ നിഷേധിച്ചു.
ജെയിംസിന്റെ സഹോദരിമാരായ മേരി, മിനി, മിനിയുടെ ഭർത്താവ് തങ്കച്ചൻ, ബന്ധുക്കൾ ഉൾപ്പെടെയുള്ളവരാണ് പള്ളിയിലെത്തി വികാരിയെ കണ്ടത്. മരിച്ച ജെയിംസ് മൂന്ന് വർഷത്തോളമായി ഭാര്യയുമായി പിണങ്ങി സഹോദരി മേരിക്കൊപ്പമാണ് താമസിച്ചത്. അസുഖ ബാധിതനായ ജെയിംസ് രക്തം ഛർദിച്ചാണ് മരിച്ചത്. തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സംസ്കാരത്തിനായി പള്ളിയിലെത്തിച്ചു. 38ാം നമ്പർ കല്ലറയിൽ അറക്കപ്പൊടിയും മണലും നിരത്തി വെള്ളത്തുണി വിരിച്ച ശേഷമാണ് സംസ്കരിച്ചത്.
മൃതദേഹം പള്ളിയിലെത്തിച്ച് ഏറെ നേരം കഴിഞ്ഞാണ് ഭാര്യ സംസ്കാരത്തിന് എത്തിയത്. അതിനാൽ സംസ്കാരത്തെക്കുറിച്ച് ഇവർക്ക് അറിവുണ്ടാകണമെന്നില്ല. ആറടിയിലധികം ഉയരമുള്ള ആളായിരുന്നു ജെയിംസ്. പായയിൽ കാണുന്ന മൃതദേഹത്തിന് അത്രയും നീളം തോന്നിക്കുന്നില്ലെന്നും ബന്ധുക്കൾ വികാരിയോട് പറഞ്ഞു.കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത് വിലങ്ങാട് വാളൂക്കിനു സമീപം ഇന്ദിരാ നഗർ സ്വദേശി ആലപ്പാട്ട് സ്കറിയയുടെ മകൻ സിജോയുടെ മൃതദേഹമെന്ന സംശയത്തിൽ ബന്ധുക്കൾ രംഗത്തെത്തിയതോടെ പ്രശ്നം വീണ്ടും കുഴഞ്ഞു.
2014ലാണ് സിജോയെ കാണാതായത്. സിജോ വിവാഹം കഴിച്ചത് വാണിയപ്പാറയിൽ നിന്നാണ്. കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ലെന്നാണു 2021ൽ ഭാര്യ നിഖില മൊഴി നൽകിയത്. സിജോയെ തേടി വാളൂക്കിൽ എത്തിയപ്പോഴാണു അവിടെ ഇല്ലെന്ന കാര്യം അറിയുന്നതെന്നും നിഖില പറഞ്ഞിരുന്നു. സിജോയുടെ തിരോധാനം സംബന്ധിച്ചു ബന്ധുക്കൾ 7 വർഷം കഴിഞ്ഞാണു കുറ്റ്യാടി പൊലീസിൽ പരാതി നൽകിയത്. സിജോ ഭാര്യവീട്ടിലാണെന്നു വിലങ്ങാട്ടെ വീട്ടുകാരും വിലങ്ങാടാണെന്നു ഭാര്യവീട്ടുകാരും കരുതിയെന്നാണു പരാതി വൈകിയതിനു കാരണമായി ഇരുവീട്ടുകാരും അന്നു പറഞ്ഞിരുന്നത്.
സിജോയുടെ അമ്മ ത്രേസ്യാമ്മയുടെ പരാതിയിൽ കുറ്റ്യാടി പൊലീസ് കേസെടുത്തെങ്കിലും സിജോയെ കണ്ടെത്തിയില്ല. അന്വേഷണ പുരോഗതിയൊന്നും ഇല്ലാതിരിക്കുന്നതിനിടയിലാണു കഴിഞ്ഞ ദിവസം കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിലെ വസ്തു കണ്ടെത്തിയത്. ഇതോടെ മൃതദേഹം സിജോയുടേതാണോ എന്ന സംശയത്തിൽ ബന്ധുക്കൾ രംഗത്തെത്തി. സിജോയുടെ ബന്ധുക്കളോട് ഇരിട്ടിയിൽ എത്താൻ പൊലീസ് പറഞ്ഞിട്ടുണ്ട്.ഡിഎൻഎ പരിശോധന ഉൾപ്പെടെ ശാസ്ത്രീയ പരിശോധന നടത്തണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് പള്ളി അധികൃതർ. ക്രിസ്ത്യൻ ആചാര പ്രകാരം പായയിൽ പൊതിഞ്ഞ് മൃതദേഹം അടക്കാറില്ല.
ചില സന്ദർഭങ്ങളിൽ മരിച്ചവർ ഉപയോഗിച്ച വസ്തുക്കൾ മൃതദേഹത്തിനൊപ്പം അടക്കം ചെയ്യാറുണ്ടെങ്കിലും അത് പെട്ടിക്കുള്ളിലാണ് വയ്ക്കാണ്. എന്നാൽ ഈ കുഴിയിൽ ഒറ്റ പെട്ടിയേ കാണാനുള്ളു. മാത്രമല്ല, ഒരു പെട്ടിയുടെ മുകളിലായി മറ്റൊരു മൃതദേഹം അടക്കാറില്ല. മൃതദേഹ അവശിഷ്ടങ്ങൾ നീക്കം ചെയ്തശേഷമോ മൂടിയ ശേഷമോ ആണ് അടക്കാറ്. കോവിഡ്, പ്രളയം എന്നീ സന്ദർഭങ്ങളിൽ മാത്രമാണ് ഈ രീതിക്ക് ചിലയിടങ്ങളിലെങ്കിലും മാറ്റം വന്നത്. എന്നാൽ ഈ കുഴിയിൽ അടക്കിയ രണ്ട് മൃതദേഹങ്ങളും കോവിഡ്, പ്രളയം കാലഘട്ടത്തിലല്ല.
ആചാരപ്രകാരമല്ലാതെ ഒരു കാരണവശാലും ക്രിസ്ത്യൻ പള്ളി സെമിത്തേരികളിൽ മൃതദേഹം അടക്കാറില്ല. അതിനാലാണ് പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയപ്പോൾ സംശയം തോന്നി പള്ളി അധികൃതർ കുഴി അടച്ചുവയ്ക്കുകയും പൊലീസിനെ അറിയിക്കുകയും ചെയ്തത്. എന്നാൽ പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ ദുരൂഹത ഇല്ലെന്ന് കണ്ടെത്തി. പക്ഷേ ദുരൂഹത ഉണ്ടെന്ന നിലപാടിൽ നാട്ടുകാരും പള്ളിക്കാരും ഉറച്ചു നിന്നതോടെ പൊലീസ് കൂടുതൽ പരിശോധനയ്ക്ക് തയറായി. കഴിഞ്ഞ 13നാണ് സെമിത്തേരിയിലെ 38ാം നമ്പർ കല്ലറ തുറന്നപ്പോൾ ഉള്ളിൽ പെട്ടിയും സമീപത്തായി പായയിൽ പൊതിഞ്ഞ രീതിയിൽ മൃതദേഹമെന്ന് തോന്നിക്കുന്ന വസ്തുവും കണ്ടത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.