എറണാകുളം: നഗരസഭാ പരിധിയിലെ അങ്കണവാടിയിൽ മൂന്നര വയസ്സുകാരിക്ക് നേരെ യുവാവ് ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ അങ്കണവാടി വർക്കർക്കെതിരെ കർശന നടപടി.
സുരക്ഷാ വീഴ്ച വരുത്തിയ ജീവനക്കാരിയെ സർവീസിൽ നിന്ന് അടിയന്തരമായി നീക്കം ചെയ്യാൻ വനിത ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർദേശം നൽകി. അങ്കണവാടികളിൽ പുറത്തുനിന്നുള്ള ആളുകളെ പ്രവേശിപ്പിക്കരുതെന്ന സർക്കാർ നിർദേശം കർശനമായി പാലിക്കാതിരുന്നതിനെ തുടർന്നാണ് ജീവനക്കാരിക്കെതിരെ അടിയന്തര വകുപ്പുതല നടപടി സ്വീകരിച്ചത്.സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി ജോയിൻ്റ് ഡയറക്ടർ, നിർഭയ സെൽ കോർഡിനേറ്റർ, ഐസിപിഎസ് (ICPS) പ്രോഗ്രാം കോർഡിനേറ്റർ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി. ഈ സംഘം നാളെ അങ്കണവാടിയിൽ നേരിട്ടെത്തി പരിശോധന നടത്തും. കുറ്റക്കാർക്കെതിരെ കർശന നടപടി ഉറപ്പാക്കാൻ റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കാനും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
മനസ്സാക്ഷിയെ നടുക്കിയ ക്രൂരത
നാല് ദിവസം മുൻപാണ് മനുഷ്യ മനസ്സാക്ഷിയെ നടുക്കിയ ഈ ക്രൂര സംഭവം നടന്നത്. അംഗനവാടിയിൽ നിന്ന് വീട്ടിലെത്തിയ കുട്ടിക്ക് ശാരീരികമായ അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് മാതാപിതാക്കൾക്ക് സംശയം തോന്നിയത്. തുടർന്ന് രക്ഷിതാക്കൾ കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് പുറത്തുനിന്നുള്ള ഒരു യുവാവ് അങ്കണവാടിയിൽ വെച്ച് ശരീരത്തിൻ്റെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ച വിവരം കുട്ടി തുറന്നുപറഞ്ഞത്.
സംഭവം അറിഞ്ഞയുടൻ തന്നെ കുട്ടിയുടെ രക്ഷിതാക്കൾ പൊലീസിലും ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലും (CWC) പരാതി നൽകി. പരാതിയുടെ ഗൗരവം കണക്കിലെടുത്ത് പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഒരു യുവാവ് അംഗനവാടിയിൽ ഇടയ്ക്കിടെ വരാറുണ്ടായിരുന്നു എന്ന നിർണായക വിവരമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. ഈ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് ഇയാളുടെ വീട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പോയതായാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ഇയാൾക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും എത്രയും വേഗം പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പൊലീസ് അറിയിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ട സ്ഥാപനത്തിൽ വെച്ചുണ്ടായ ഈ സംഭവം നാട്ടുകാർക്കിടയിലും ജനങ്ങൾക്കിടയിലും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.