ദുബായ് :മിസ് യൂണിവേഴ്സ് കേരള കിരീടം ചൂടിയ പത്തൊൻപതുകാരി കസിയ ലിസ് മെജോ പഠിച്ചു വളർന്നത് യുഎഇയുടെ തലസ്ഥാനമായ അബുദാബിയിൽ.
ഫോട്ടോ എഡിറ്റിങ് ആപ്പുകളും കൃത്രിമ ഫിൽട്ടറുകളും വഴി സൗന്ദര്യം അളക്കപ്പെടുന്ന ഇന്നത്തെ കാലത്ത്, ശരീരത്തെക്കുറിച്ചുള്ള അപകർഷതാബോധവും ആത്മവിശ്വാസക്കുറവും നേരിടുന്ന ഒട്ടേറെ പെൺകുട്ടികൾക്ക് പ്രചോദനമാണ് ഈ പെൺകുട്ടിയുടെ വിജയഗാഥ.സമൂഹമാധ്യമത്തിലെ വ്യാജമായ സൗന്ദര്യ സങ്കൽപങ്ങൾ കൗമാരക്കാരിൽ ഉണ്ടാക്കുന്ന മാനസിക സമ്മർദ്ദങ്ങളെ അതിജീവിച്ചാണ് കസിയ ചരിത്രമെഴുതിയത്.ആലപ്പുഴ മാവേലിക്കര സ്വദേശിനിയായ കസിയ മെജോ ഏബ്രഹാമിന്റെയും സുജാ മെജോയുടെയും മകളായ കസിയ, നിലവിൽ ബെംഗളൂരുവിൽ നിയമവിദ്യാർത്ഥിനിയാണ്. മുൻപ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് അബുദാബിയിലായിരുന്നു. 2024-ൽ ‘മിസ് ടീൻ ദിവ’ കിരീടവും 2025-ൽ ‘മിസ് ടീൻ ഇന്റർനാഷനൽ’ മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പ് പദവിയും സ്വന്തമാക്കിയിട്ടുണ്ട്.
കുട്ടിക്കാലത്ത് അബുദാബിയിൽ ഏറെ ആത്മവിശ്വാസത്തോടെ വളർന്ന കസിയ കൗമാരപ്രായത്തിലേക്ക് കടന്നതോടെയാണ് സോഷ്യൽ മീഡിയയിലെ കടുത്ത സൗന്ദര്യ മാനദണ്ഡങ്ങൾ കാരണം സ്വന്തം ശരീരത്തെക്കുറിച്ച് ആശങ്കപ്പെടാൻ തുടങ്ങിയത്. മൂന്ന് വർഷത്തോളം ഒരു ഫിൽട്ടർ പോലുമില്ലാതെ തന്റെ ഒരു ചിത്രം പോലും എടുക്കാൻ ധൈര്യമുണ്ടായിരുന്നില്ലെന്ന് ഈ പെൺകുട്ടി തുറന്നുപറയുന്നു.സ്വാഭാവികമായ ഇരുണ്ട ചർമ്മത്തിന്റെ പേരിൽ ഏറെ സങ്കടപ്പെട്ടിരുന്ന കാലമുണ്ടായിരുന്നു. വെളുപ്പ് മാത്രമാണ് സൗന്ദര്യമെന്ന രീതിയിലുള്ള പരസ്യങ്ങളും സ്വാധീനങ്ങളും കാരണം താൻ പൂർണയല്ലെന്ന ചിന്ത മനസ്സിൽ വളർന്നു.
ഇതോടെ സ്വന്തം വ്യക്തിത്വം മറ്റുള്ളവരിൽനിന്ന് ഒളിപ്പിക്കാൻ കസിയ ശ്രമിച്ചു തുടങ്ങി. എന്നാൽ, തോൽവികളിൽ തളരാതെ വലിയ സ്വപ്നങ്ങൾ കാണാനുള്ള ധൈര്യമാണ് ഈ നേട്ടത്തിൽ എത്തിച്ചത്. മുൻപ് പങ്കെടുത്ത രാജ്യാന്തര കൗമാര സൗന്ദര്യ മത്സരത്തിൽ റണ്ണറപ്പായപ്പോൾ ഉണ്ടായ നിരാശയെ മറികടന്നാണ് മിസ് യൂണിവേഴ്സ് കേരള വേദിയിലേക്ക് എത്തിയത്. ഒരു തവണ കൂടി പരിശ്രമിച്ച തോറ്റ ആളാണ് വിജയി എന്ന് കസിയ വിശ്വസിക്കുന്നു.മലയാളിയല്ലേ, ചോറ് കഴിക്കും, ഇച്ചിരി വയറും വരും ഇന്ന് കിരീടം ചൂടി നിൽക്കുമ്പോഴും സൗന്ദര്യത്തിന്റെ പരമ്പരാഗതമായ അതിർവരമ്പുകൾ തകർക്കാൻ ഈ 19കാരി ആഗ്രഹിക്കുന്നു.
സോഷ്യൽ മീഡിയയിലെ പല കാര്യങ്ങളും വ്യാജമാണെന്നും കൃത്രിമമായ ഡയറ്റുകളിൽ വിശ്വസിക്കുന്നില്ലെന്നും കസിയ പറയുന്നു. ഷൂട്ടുകൾക്ക് ശേഷം മക്ഡൊണാൾഡ്സ് കഴിച്ച് സ്വയം സന്തോഷിപ്പിക്കുന്നതാണ് രീതി. മലയാളികളുടെ ജനിതകഘടന അനുസരിച്ച് ചോറ് പ്രധാന ഭക്ഷണമായതിനാൽ ചെറിയ വയറുണ്ടാകുന്നത് സ്വാഭാവികമാണെന്നും സോഷ്യൽ മീഡിയ കണ്ട് അന്ധമായി സ്വന്തം ശരീരത്തെ വെറുക്കരുതെന്നും കസിയ ഓർമിപ്പിക്കുന്നു.
ബെംഗളൂരുവിൽ നിയമവിദ്യാർത്ഥിനിയായ കസിയ പഠനവും മോഡലിങ്ങും ഒരുമിച്ചാണ് കൊണ്ടുപോകുന്നത്. പതിനേഴാം വയസ്സിൽ ഇന്ത്യയിലേക്ക് മാറിയത് സ്വന്തം വേരുകളിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായാണ്. പ്രവാസിയായിരിക്കുമ്പോൾ രണ്ട് രാജ്യങ്ങളിലും പൂർണമായി ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയുണ്ടാകാമെന്നും എന്നാൽ ഭാരതീയത എന്നത് സംസ്കാരത്തിലും മൂല്യങ്ങളിലുമാണ് അടങ്ങിയിരിക്കുന്നതെന്നും കസിയ വ്യക്തമാക്കുന്നു.
അബുദാബിയിലെ ഷവർമയും മിക്സ്ഡ് ഗ്രില്ലും ഇപ്പോഴും ഏറെ ഇഷ്ടപ്പെടുന്ന കസിയ, നാട്ടിലെത്തുമ്പോൾ അമ്മയുടെ കൈകൊണ്ട് പൊതിച്ചോറ് കഴിക്കുന്നതിലാണ് ഏറ്റവും കൂടുതൽ സന്തോഷം കണ്ടെത്തുന്നത്






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.