പുണെ: മഹാരാഷ്ട്രയിൽ ട്രക്കിങിനിടെ യുവതി പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ അന്വേഷണത്തിൽ നിർണായകമായത് കൊല്ലപ്പെട്ട കേതൻ അഗർവാളിന്റെ സഹോദരിക്കുണ്ടായ സംശങ്ങൾ.
ജൂൺ 18-ന് പുണെക്കടുത്ത് ലോഹാഗഡ് കോട്ടയിലെ കൊക്കയിലേക്ക് വീണു മരിച്ച ബിസിനസുകാരനായ കേതൻ അഗർവാളിന്റെ മരണം ആദ്യം ഒരു അപകടമായാണ് ഏവരും കരുതിയിരുന്നത്. എന്നാൽ, സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കേതന്റെ സഹോദരിക്ക് തുടക്കംമുതലേ സംശയമുണ്ടായിരുന്നു. ഈ സംശയമാണ് ഒടുവിൽ ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കാൻ പോലീസിനെ സഹായിച്ചത്.സി.സി.ടി.വി ദൃശ്യങ്ങളും ഫോൺ രേഖകളും ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിനു മുൻപുതന്നെ സഹോദരിയുടെ ഇടപെടൽ അന്വേഷണത്തിൽ നിർണായകമായി. കേതന്റെ മരണശേഷം നാലാം ദിവസം അദ്ദേഹത്തിന്റെ പ്രതിശ്രുതവധു സിയ ഗോയൽ കുടുംബവീട്ടിലെത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്കിടെ കേതന്റെ സഹോദരി, സംഭവദിവസം നടന്ന കാര്യങ്ങളെക്കുറിച്ച് സിയയോട് ചില ചോദ്യങ്ങൾ ചോദിച്ചു.
സിയ നൽകിയ മറുപടികളിലെ വൈരുധ്യങ്ങളും പെരുമാറ്റത്തിലെ അസ്വാഭാവികതയും കുടുംബത്തിന് സംശയം ജനിപ്പിച്ചു. ഉടൻതന്നെ അവർ പോലീസിൽ വിവരമറിയിച്ചു. ഈ സംശയമാണ് കേസിൽ വഴിത്തിരിവായത്. സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് ആസൂത്രണം ചെയ്ത കൊലപാതകമാണ് ഇതെന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്.
മൂന്നു വർഷമായി സിയയും ചേതനും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ മാത്രം ഇവർ 2,004 തവണ ഫോണിലൂടെ സംസാരിച്ചിട്ടുണ്ട്. ഏകദേശം 238 മണിക്കൂറോളമാണ് ഇവർ ഫോൺ കോളുകളിൽ ചെലവഴിച്ചത്. ഇതിനു പുറമെ ഫേസ്‌ടൈം, വാട്സാപ്പ് കോളുകൾ വഴിയും ഇരുവരും നിരന്തരം ബന്ധപ്പെട്ടിരുന്നതായും.
പോലീസ് വ്യക്തമാക്കി. കേതനെ കൊലപ്പെടുത്തിയത് ആസൂത്രീത നീക്കത്തിനൊടുവിലെന്നും പോലീസ് കണ്ടെത്തിയിരുന്നു. കേതൻ അഗർവാളിനെ പ്രതിശ്രുതവധു സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു.
പ്രണയത്തിന് തടസ്സമാകുമെന്ന് കരുതിയാണ് ഇവർ കേതനെ വധിക്കാൻ പദ്ധതിയിട്ടതെന്നും മുമ്പും ഇത്തരത്തിൽ യുവാവിനെ കൊലപ്പെടുത്താൻ ഇവർ ആസൂത്രണം നടത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.