അമ്പലമുകൾ : ചിത്രപ്പുഴ, കരിങ്ങാച്ചിറ, ചാത്താരി, തൃപ്പൂണിത്തുറ, അമ്പലമുകൾ മേഖലകളിൽ ഇന്നലെ രാവിലെ ശക്തമായി കരിപ്പൊടി വീണതു ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി.
വീടിനു പുറത്തു പാർക്ക് ചെയ്തിരുന്ന കാറുകളിലും വാഹനങ്ങളിലുമാണു കറുത്ത പൊടി ആദ്യം കണ്ടത്. തുടർന്നു നടത്തിയ പരിശോധനയിൽ, അലക്കി വിരിച്ചിട്ട തുണികളിലും വീട്ടു സാധനങ്ങളിലും വരെ കറുത്ത പൊടി പടർന്നതായി നാട്ടുകാർ കണ്ടെത്തി. ബിപിസിഎൽ കൊച്ചി റിഫൈനറിയുടെ പെറ്റ് കോക്ക് പ്ലാന്റിൽനിന്നാണു പൊടിപടലങ്ങൾ ഉയർന്നതെന്നാണു നാട്ടുകാരുടെ ആരോപണം.പൊടിപടലം ശ്വസിച്ച് പ്രദേശവാസികളിൽ പലർക്കും കടുത്ത ശ്വാസംമുട്ടലും കണ്ണെരിച്ചിലും ഉൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു.മലിനീകരണ നിയന്ത്രണ ബോർഡിനെതിരെ പ്രതിഷേധം സംഭവത്തെ തുടർന്നു നാട്ടുകാർ പരാതിപ്പെട്ടിട്ടും ആദ്യഘട്ടത്തിൽ സ്ഥലം സന്ദർശിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ വിസമ്മതിച്ചതു കനത്ത പ്രതിഷേധത്തിന് ഇടയാക്കി.
പിന്നീടു ജനരോഷം ശക്തമായതോടെ ഉദ്യോഗസ്ഥർ ചിത്രപ്പുഴ, ഇരുമ്പനം, ചാത്താരി സ്റ്റാർ ഹോംസ് പരിസരങ്ങളിൽ എത്തി സാംപിളുകൾ ശേഖരിച്ചു. ലബോറട്ടറി പരിശോധനയ്ക്കു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു. 4 ആഴ്ച മുൻപും ചിത്രപ്പുഴ ഭാഗത്ത് ഇത്തരത്തിൽ വെളുത്ത പൊടി വീണിരുന്നതായി ചിത്രപ്പുഴ വാർഡ് കൗൺസിലർ കെ.പി. പൗലോസ് പറഞ്ഞു.
സാങ്കേതികത്തകരാർ എന്ന് ബിപിസിഎൽ മേഖലയിൽ കരിപ്പൊടി പറന്ന സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു ബിപിസിഎൽ കൊച്ചിൻ റിഫൈനറീസ് അധികൃതർ അറിയിച്ചു. റിഫൈനറിയിലെ യൂണിറ്റിൽനിന്ന് ഉപോൽപന്നമായ പെട്രോളിയം കോക്ക് (പെറ്റ് കോക്ക്) പുറത്തേക്കു കൊണ്ടുപോകുമ്പോൾ പൊടി പറക്കാതിരിക്കാൻ സജ്ജീകരിച്ച 'വാട്ടർ സ്പ്രിങ്ക്ളർ' സംവിധാനത്തിലുണ്ടായ താൽക്കാലിക സാങ്കേതികത്തകരാറാണു പ്രശ്നത്തിനു കാരണമായത്.
തകരാർ ഉടൻ കണ്ടെത്തി പരിഹരിച്ചതായും അധികൃതർ വ്യക്തമാക്കി. ഇത്തരമൊരു സംഭവം ആദ്യമായാണ് ഉണ്ടാകുന്നതെന്നും ഇന്ത്യയിലെ മറ്റു റിഫൈനറികളിൽ ഇല്ലാത്ത അത്യാധുനിക സംവിധാനമാണു കൊച്ചിയിലുള്ളതെന്നും റിഫൈനറി അധികൃതർ പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.