തിരുവനന്തപുരം: ലഹരി വ്യാപനം തടയാനായി ആരംഭിച്ച ഓപ്പറേഷന്‍ തൂഫാന് പിന്നാലെ കൃത്രിമ കള്ള് നിർമാണം തടയുന്നതിനായി ' ഓപ്പറേഷൻ ശുദ്ധി ' യുമായി എക്‌സൈസ് വകുപ്പ്.
സംസ്ഥാനത്ത് വ്യാജ കള്ളിൻ്റെ ഉൽപാദനവും വിതരണവും പൂർണ്ണമായും തടയുക എന്ന ലക്ഷ്യത്തോടെയാണ് ഓപ്പറേഷൻ ശുദ്ധി നടപ്പിലാക്കുന്നത്.ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും കൃത്രിമ കള്ള് നിർമാണം തടയുന്നതിനുമായി എക്‌സൈസ് വകുപ്പ് വിപുലമായ കർമ്മപദ്ധതിയാണ് സംസ്ഥാനവ്യാപകമായി ആവിഷ്‌കരിച്ചിരിക്കുന്നത്.പാലക്കാട് ഉൾപ്പെടെയുള്ള പ്രധാന കള്ള് ചെത്തുന്ന പ്രദേശങ്ങളിലും, വിവിധ ജില്ലകളിലെ കള്ള് ഷാപ്പുകളിലും പരിശോധനകൾ ഇതിനകം തന്നെ ഊർജ്ജിതമാക്കിയിട്ടുണ്ട്. 'ജാഗ്രതയോടെ എക്‌സൈസ്' എന്ന സന്ദേശമുയർത്തിക്കൊണ്ടാണ് വകുപ്പ് പ്രത്യേക ദൗത്യവുമായി മുന്നോട്ട് പോകുന്നത്.സംസ്ഥാനത്തെ കള്ള് ഷാപ്പുകൾ, കള്ള് കടത്തുന്നതിനായി ഉപയോഗിക്കുന്ന വാഹനങ്ങൾ, കള്ള് ചെത്തുന്ന തോട്ടങ്ങൾ (തെങ്ങിൻ തോപ്പുകൾ/പനന്തോപ്പുകൾ) എന്നിവ കേന്ദ്രീകരിച്ച് എക്‌സൈസ് സംഘം തുടർച്ചയായ റെയ്ഡുകളും പരിശോധനകളും നടത്തിവരികയാണ്.
കള്ള് കൊണ്ടുപോകുന്ന ഗതാഗത സമയത്തും ഷാപ്പുകളിൽ വിതരണത്തിന് എത്തിക്കുമ്പോഴും ഉദ്യോഗസ്ഥർ നേരിട്ടെത്തി സാമ്പിളുകൾ ശേഖരിക്കുന്നുണ്ട്. ഈ സാമ്പിളുകൾ കൃത്യമായ രാസപരിശോധനകൾക്ക് വിധേയമാക്കും. കെമിക്കലുകളോ മറ്റ് രാസവസ്തുക്കളോ ചേർത്ത വ്യാജ കള്ള് കണ്ടെത്തുന്ന സാഹചര്യങ്ങളിൽ കടുത്ത നിയമനടപടികൾ സ്വീകരിക്കും. അത്തരം സ്ഥാപനങ്ങൾക്കെതിരെയും വ്യക്തികൾക്കെതിരെയും ഉടനടി കേസുകൾ രജിസ്റ്റർ ചെയ്യും. ഓപ്പറേഷൻ ശുദ്ധിയിലൂടെ ഇവയെല്ലാം കൃത്യമായി നടപ്പിലാക്കും.
വ്യാജ കള്ള് നിർമാണമോ വിതരണമോ വിൽപ്പനയോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും ഇത് സംബന്ധിച്ച വിവരങ്ങൾ നേരിട്ട് 9447178000 എന്ന എക്‌സൈസ് കൺട്രോൾ റൂം നമ്പറിൽ അറിയിക്കാവുന്നതാണ്. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഓപ്പറേഷന്‍ തൂഫാനും വിജയകരമായി പുരോഗമിക്കുകയാണ്. കഴിഞ്ഞദിവസം സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായി 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 143 പേര്‍ അറസ്റ്റിലായി. ഇവരില്‍ നിന്ന് 1.656 ഗ്രാം എം.ഡി.എം.എയും 4.812 കി.ഗ്രാം കഞ്ചാവും 9.512 ഗ്രാം മെറ്റാഫിത്താമിനും ഒരു കഞ്ചാവ് ചെടിയും പിടിച്ചെടുത്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.