സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ കൂട്ടസ്ഥലംമാറ്റവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിപക്ഷം നിയമസഭയിൽ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് പുറത്തുപോയി.
ആറ്റിങ്ങൽ എംഎൽഎ വി. ജോയ് ആണ് സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. അധികാരം ഏറ്റെടുക്കുന്നതിന് മുൻപ് തന്നെ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി സ്ഥലംമാറ്റങ്ങൾ നടത്തിയത് നാണംകെട്ട പരിപാടിയാണെന്നും, സർക്കാർ പരസ്യമായി ബന്ധുനിയമനം നടത്തുകയാണെന്നും വി. ജോയ് ആരോപിച്ചു.
മുനമ്പം നിവാസികളെയും ആശാ വർക്കർമാരെയും സർക്കാർ പറ്റിച്ചതായും അടിയന്തര പ്രമേയ ചർച്ചയിൽ പ്രതിപക്ഷം കുറ്റപ്പെടുത്തി.വകുപ്പ് മേധാവികളെ ഭീഷണിപ്പെടുത്തിയാണ് സ്ഥലംമാറ്റ ഉത്തരവുകൾ ഇറക്കിയതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സഭയിൽ ആരോപിച്ചു. ഈ മാറ്റങ്ങൾ പൊതുതാത്പര്യപ്രകാരമല്ലെന്ന് കണ്ടതുകൊണ്ടാണ് ട്രിബ്യൂണൽ ഇത് സ്റ്റേ ചെയ്തതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘സ്ഥാപിത താല്പര്യക്കാരെ അഴിഞ്ഞാടാൻ വിട്ടാൽ അധികാരത്തിന്റെ ഇടനാഴികളിൽ പവർ ബ്രോക്കർമാരും ദല്ലാളന്മാരും ആധിപത്യം സ്ഥാപിക്കും. ഇത് വലിയ അഴിമതിക്ക് വഴിയൊരുക്കും. കുടുംബശ്രീയിൽ നോട്ടീസ് പോലും നൽകാതെ ജീവനക്കാരെ പിരിച്ചുവിടുന്നത് മനുഷ്യത്വരഹിതമാണ്. ഭരണമാറ്റത്തിന്റെ പേരിൽ ഇത്തരം അനീതികൾ ന്യായീകരിക്കരുത്’, പിണറായി വിജയൻ വ്യക്തമാക്കി.
എന്നാൽ, പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കൊണ്ട് മന്ത്രി സണ്ണി ജോസഫ് മറുപടി നൽകി. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും, ഭരണരംഗത്തെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ വേണ്ടിയാണ് സ്ഥലംമാറ്റങ്ങൾ നടത്തിയതെന്നും മന്ത്രി പറഞ്ഞു. ജീവനക്കാർക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അത് അനുഭാവപൂർവ്വം പരിഗണിക്കും. എൽഡിഎഫ് ഭരണകാലത്ത് വനിതകൾക്കോ സർവീസ് സംഘടനാ നേതാക്കൾക്കോ ഒരു പരിഗണനയും ലഭിച്ചിട്ടില്ലെന്നും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നീതി നിഷേധിക്കപ്പെട്ടവർക്ക് സ്വാഭാവിക നീതി ഉറപ്പാക്കുകയാണ് ഈ സർക്കാർ ചെയ്യുന്നതെന്നും വ്യക്തമാക്കിയ മന്ത്രി, പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം അപ്രസക്തമാണെന്നും കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.