കൊൽക്കത്ത: ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട എംഎൽഎ ഋതബ്രത ബാനർജിയെ നിയമസഭയിലെ പ്രതിപക്ഷ നേതാവായി പിന്തുണയ്ക്കാൻ അറുപതോളം വിമത എംഎൽഎമാർ ഒരുങ്ങുന്നതായാണ് വിവരം.
2022ൽ മഹാരാഷ്ട്രയിലെ ശിവസേനയിൽ ഉണ്ടായതിനു സമാനമായ നീക്കം വിജയിച്ചാൽ, വിമത വിഭാഗം നിയമസഭയിലെ ഔദ്യോഗിക തൃണമൂൽ കോൺഗ്രസായി മാറിയേക്കും.
ആകെ 80 തൃണമൂൽ കോൺഗ്രസ് എംഎൽഎമാരിൽ 60 പേരുടെ ഒപ്പുകൾ വിമത ഗ്രൂപ്പ് ശേഖരിച്ചിട്ടുണ്ട്. തങ്ങളാണ് യഥാർഥ തൃണമൂൽ കോൺഗ്രസെന്ന് അവകാശപ്പെടുന്ന കത്ത് ഇന്ന് ബംഗാൾ നിയമസഭാ സ്പീക്കർ രതീന്ദ്ര ബോസിനു കൈമാറുമെന്ന് മുതിർന്ന വിമത നേതാവ് അറിയിച്ചു.
തൃണമൂൽ കോൺഗ്രസ് കഷണങ്ങളായി തകർന്നുവെന്നും കളി തുടങ്ങിയതായും ബിജെപി മന്ത്രി തപസ് റോയ് ഫെയ്സ്ബുക്കിൽ കുറിച്ചു.
അതേസമയം, തൃണമൂൽ കോൺഗ്രസിനെ പിളർത്താൻ ഡൽഹിയിലിരുന്ന് ബിജെപി ഗൂഢാലോചന നടത്തുകയാണെന്ന് മമത ബാനർജി കൊൽക്കത്തയിൽ നടന്ന റാലിയിൽ ഇന്നലെ ആരോപിച്ചു. ഇതിനെതിരെ പോരാടുമെന്നും അവർ വ്യക്തമാക്കി.
എന്നാൽ, പാർട്ടിയെ ചിലർ കോർപറേറ്റ്‌വൽക്കരിക്കാൻ ശ്രമിച്ചതാണ് പ്രശ്നമെന്നും തങ്ങൾ യഥാർഥ ജനകീയ തൃണമൂൽ കോൺഗ്രസാണെന്നും ഋതബ്രത ബാനർജി പ്രതികരിച്ചു.
ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം കൂറുമാറ്റ നിരോധന നിയമത്തിൽ നിന്നും രക്ഷപ്പെടാൻ വിമതർക്ക് ചുരുങ്ങിയത് 54 എംഎൽഎമാരുടെ (മൂന്നിൽ രണ്ട് ഭൂരിപക്ഷം) പിന്തുണ ആവശ്യമാണ്.
നേരത്തെ പ്രതിപക്ഷ നേതാവായി ശോഭൻദേബ് ചട്ടോപാധ്യായെ നിയമിക്കാനുള്ള ഔദ്യോഗിക തൃണമൂൽ കോൺഗ്രസിന്റെ നീക്കം, കത്തിലെ ഒപ്പുകൾ വ്യാജമാണെന്ന് കാട്ടി ഋതബ്രതയും സന്ദീപൻ സാഹയും നൽകിയ പരാതിയെത്തുടർന്ന് സ്പീക്കർ തടഞ്ഞിരുന്നു.
ഇതേത്തുടർന്ന് ജൂൺ 1നാണ് ഇവരെ പാർട്ടി പുറത്താക്കിയത്. കഴിഞ്ഞ ഞായറാഴ്ച മമത ബാനർജി വിളിച്ച എംഎൽഎമാരുടെ യോഗത്തിൽ 80ൽ 20 പേർ മാത്രമാണ് പങ്കെടുത്തത്. ഇതോടെയാണ് പാർട്ടിയിലെ പിളർപ്പ് പരസ്യമായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.