ചെന്നൈ: ഡിഎംകെ നേതൃത്വം നൽകുന്ന മതനിരപേക്ഷ പുരോഗമന സഖ്യത്തിൽ നിന്നു പുറത്തു പോകുമെന്നു സൂചന നൽകിയ മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (എംഡിഎംകെ) 2 എംഎൽഎമാർ രാജിവച്ചു ടിവികെയിൽ ചേരാൻ സാധ്യത. നാലിടത്തു മത്സരിച്ച എംഡിഎംകെ മൂന്നിടത്തു ഡിഎംകെ ചിഹ്നത്തിലാണു മത്സരിച്ചത്.
ഇതിൽ മൈലാടുതുറ ജില്ലയിലെ സീർകാഴി മണ്ഡലത്തിൽ നിന്നു വിജയിച്ച ആർ.സെന്തിൽ സെൽവൻ, തെങ്കാശി ജില്ലയിലെ കടയനല്ലൂർ മണ്ഡലത്തിൽ നിന്നു വിജയിച്ച ടി.എം.രാജേന്ദ്രൻ എന്നിവരാണു രാജിവയ്ക്കാൻ സാധ്യത. ഇവർ എംഡിഎംകെയിൽ നിന്നു മത്സരിച്ചെങ്കിലും ചിഹ്നം ഉപയോഗിച്ചതിനാൽ നിയമസഭയിൽ ഡിഎംകെയുടെ വിപ്പ് അനുസരിക്കേണ്ടി വരും. അതിനാൽ എംഎൽഎ സ്ഥാനം രാജിവയ്ക്കാതെ കൂറുമാറിയാൽ അയോഗ്യതയുണ്ടാകും.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സി.ജോസഫ് വിജയ് രാജിവച്ച മണ്ഡലമായ തിരുച്ചിറപ്പള്ളി ഈസ്റ്റിൽ നന്ദി പര്യടനത്തിന് എത്തിയപ്പോൾ എംഡിഎംകെ സ്ഥാപക നേതാവായ വൈകോയുടെ മകൻ ദുരൈ വൈകോ എംപി വിജയിനെ സ്വീകരിക്കാൻ എത്തിയിരുന്നു. സ്ഥലം എംപി കൂടിയായ ദുരൈ വൈകോ എംഎൽഎമാർ രാജിവച്ചു പാർട്ടി മാറുന്നതിനെ അനുകൂലിച്ചിരുന്നു. ഇതോടെയാണ് എംഡിഎംകെയുടെ മുന്നണി മാറ്റത്തിൽ ചർച്ച തുടങ്ങിയത്.
ഇതിനിടെ ഡിഎംകെ നിർബന്ധിച്ചു ചിഹ്നം നൽകിയെന്ന് ആവർത്തിച്ചു വൈകോ രംഗത്തെത്തി.
അഴിച്ചുപണിക്ക് ഡിഎംകെ പാർട്ടി തലത്തിൽ വൻ അഴിച്ചുപണിക്കു ഡിഎംകെ ഒരുങ്ങുന്നതായി സൂചന. ഓരോ രണ്ടു നിയമസഭാ മണ്ഡലങ്ങൾക്കും ഒരു ജില്ലാ സെക്രട്ടറി എന്ന നിലയിൽ വിഭജിച്ച്, ജില്ലാ സെക്രട്ടറിമാരുടെ എണ്ണം കൂട്ടും. യുവാക്കളെ പാർട്ടിയിലേക്കു കൂടുതൽ ആകർഷിക്കുന്നതിനായി യുവജന ജില്ലാ സെക്രട്ടറിമാരെ നിയമിക്കും.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ശരിയായി പ്രവർത്തിക്കാത്തതോ പാർട്ടിക്കു പ്രതീക്ഷിച്ച ഫലം നൽകാത്തതോ ആയ നിലവിലുള്ള ജില്ലാ സെക്രട്ടറിമാരെ ഒഴിവാക്കും. പാർട്ടിയിലെ പ്രശ്നങ്ങളെ കുറിച്ചു പഠിക്കാൻ സമിതിയെ നിയോഗിച്ചും പ്രവർത്തകരിൽ നിന്ന് അഭിപ്രായങ്ങൾ സ്വീകരിച്ചതിനും ശേഷമാണു മാറ്റത്തിനൊരുങ്ങുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.