ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന്റെ യഥാർഥ അവകാശികൾ ആരെന്നുറപ്പിക്കാനുള്ള പോരാട്ടം കോടതി കയറാൻ സാധ്യത. ലോക്സഭയിലെ തൃണമൂൽ കോൺഗ്രസിന്റെ 28 എംപിമാരിൽ 20 പേരാണു നിലവിൽ വിമതപക്ഷത്തുള്ളത്. മൂന്നിൽ രണ്ടുഭാഗം മറുപക്ഷത്തേക്കു ചാടിയതോടെ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള നടപടികൾ ഒഴിവാകുമെന്ന പ്രതീക്ഷയിലാണ് എംപിമാർ.
രാഷ്ട്രീയ പാർട്ടിക്കു മാത്രമേ മറ്റൊരു രാഷ്ട്രീയ പാർട്ടിയിൽ ലയിക്കാൻ സാധിക്കൂ എന്നും എംപിക്കോ എംഎൽഎക്കോ ലയിക്കാൻ സാധിക്കില്ലെന്നും ലോക്സഭാ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി.ആചാരി ചൂണ്ടിക്കാട്ടി. എൻസിപിഐയിൽ ലയിച്ചതോടെ തൃണമൂൽ കോൺഗ്രസിലെ വിമത എംപിമാർക്ക് മാതൃപാർട്ടിയിൽ ഇനി അവകാശമുന്നയിക്കാൻ കഴിയില്ലെന്നു ശിവസേന (ഉദ്ദവ് താക്കറെ വിഭാഗം) നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.
‘കൂറുമാറ്റക്കാരോട് നോ’ എന്നു പോസ്റ്ററിലെഴുതി വോട്ടുചോദിച്ചിറങ്ങിയ പാർട്ടിയിലേക്കു കൂറുമാറ്റക്കാരുടെ കൂട്ടപ്പലായനം. മമത ബാനർജിയുമായി കലഹിച്ചു തൃണമൂൽ കോൺഗ്രസ് വിമതരായി മാറിയ 20 ലോക്സഭാംഗങ്ങളുടെ വരവോടെ ലോട്ടറി അടിച്ച സന്തോഷത്തിലാണ് ഏറക്കുറെ ആളില്ലാ പാർട്ടിയായി പ്രവർത്തിക്കുന്ന ‘നാഷനലിസ്റ്റ് സിറ്റിസൻ പാർട്ടി ഓഫ് ഇന്ത്യ’ എന്ന എൻസിപിഐ.
രൂപീകരണത്തിന്റെ മൂന്നാം വർഷത്തിൽ പരിപാടി അവസാനിപ്പിച്ച മട്ടിൽ നിൽക്കെയാണ് അപ്രതീക്ഷിതമായി ‘20 എംപിമാർ’ ഇതിന്റെ ഭാഗമാകുന്നത്. ഇതുവഴി ബിജെപി നയിക്കുന്ന എൻഡിഎ പാളയത്തിലേക്കാണ് എംപിമാരുടെ നീക്കം.
ദേശീയ, സംസ്ഥാന പദവി ലഭിക്കാൻ വേണ്ട വോട്ടെണ്ണം കിട്ടാത്തതു മൂലം ‘അംഗീകാരം ലഭിക്കാത്ത റജിസ്ട്രേഡ് പാർട്ടി’ എന്ന ഗണത്തിലാണ് എൻസിപിഐയുടെ സ്ഥാനം. 2022 ഒക്ടോബറിൽ പാർട്ടിയെക്കുറിച്ച് ആദ്യ പരസ്യം വന്നെങ്കിലും 2023 ജനുവരിയിലായിരുന്നു റജിസ്ട്രേഷൻ. പാർട്ടി ഇതുവരെ മത്സരിച്ച ഏക നിയമസഭാ തിരഞ്ഞെടുപ്പ് ത്രിപുരയിലാണ്. കൂറുമാറ്റക്കാരെ തള്ളിക്കളയുവെന്ന ആഹ്വാനവുമായി ‘പേനയുടെ നിബ്’ അടയാളത്തിൽ രണ്ടു മണ്ഡലത്തിൽ വോട്ടു ചോദിച്ചു. രണ്ടു സ്ഥാനാർഥികൾക്കുമായി ആകെ കിട്ടിയത് വെറും 822 വോട്ട്.
എംപിമാരുടെ ലയനവിവരം തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചുള്ള കത്തിൽ വിമതപക്ഷത്തിന്റെ നേതാവ് കകോലി ഘോഷ് ദസ്തദാറിനെ പാർട്ടി അധ്യക്ഷയാക്കിയെന്നാണ് എൻസിപിഐ വ്യക്തമാക്കിയിരിക്കുന്നത്.
ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷക ഷെവ്‌ലി കുണ്ടുവാണ് പാർട്ടി പ്രസിഡന്റ്. അവരുടെ ഭർത്താവ് ഉത്തിയ കുണ്ടു ട്രഷറർ.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.