തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ, പ്രചാരണ തന്ത്രങ്ങളിലും പാർട്ടി നിലപാടുകളിലും ഉണ്ടായ വീഴ്ചകൾ പരസ്യമായി സമ്മതിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവ്. തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടി ഉയർത്തിയ ‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന പ്രധാന മുദ്രാവാക്യം വിപരീത ഫലമാണ് ഉണ്ടാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് സംഘടിപ്പിച്ച ഇ.എം.എസ് അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ മുദ്രാവാക്യം വേണ്ടത്ര ശരിയായില്ല എന്നാണ് പാർട്ടി നിലവിൽ വിലയിരുത്തിയിരിക്കുന്നത്. ഇത് ജനങ്ങൾക്കിടയിൽ മറ്റൊരർത്ഥത്തിൽ സ്വീകരിക്കപ്പെടുകയും പാർട്ടിക്ക് തിരിച്ചടിയാകുന്ന രീതിയിലുള്ള ബോധം രൂപപ്പെടുത്താൻ കാരണമാവുകയും ചെയ്തുവെന്ന് പി. രാജീവ് വ്യക്തമാക്കി. ഇന്നലെകളുടെ തനിയാവർത്തനങ്ങൾ കൊണ്ട് ഇന്നത്തെ സങ്കീർണ്ണമായ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനാകില്ലെന്ന് രാജീവ് ചൂണ്ടിക്കാട്ടി. കാലത്തിനനുസരിച്ച് പാർട്ടിയുടെ സമരരീതികളിൽ മാറ്റം വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നത്തെ കാലത്തെ കൃത്യമായി മനസ്സിലാക്കാൻ പാർട്ടിക്ക് സാധിക്കണം.
അതിനനുസരിച്ചുള്ള പുതിയ സമരരൂപങ്ങൾ ആവിഷ്‌കരിക്കുകയും ഇന്നിന് പറ്റുന്ന പാർട്ടിയായി സിപിഎം മാറുകയും വേണം. എങ്കിൽ മാത്രമേ നിലവിലുള്ള ഈ വലിയ പ്രതിസന്ധി ഘട്ടത്തെ നമുക്ക് മറികടക്കാൻ കഴിയൂ രാജീവ് പറഞ്ഞു.മുദ്രാവാക്യത്തിലെ പാളിച്ചകൾക്ക് പുറമെ, സമീപകാലത്ത് പാർട്ടി സ്വീകരിച്ച ചില നിലപാടുകളിലും വീഴ്ച പറ്റിയിട്ടുണ്ടെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കുന്നതിൽ പാർട്ടിക്ക് വീഴ്ചപറ്റി.
ഭാവിയിൽ ഇത്തരം സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ എങ്ങനെ ഇടപെടണം എന്നതിനെക്കുറിച്ച് പാർട്ടിക്ക് കൃത്യമായ ധാരണയുണ്ടാക്കേണ്ടതുണ്ട്. ശബരിമല വിഷയത്തിൽ അപ്പോൾത്തന്നെ ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കണമായിരുന്നു. പാർട്ടിയുടെ കേവലമായ സംഘടനാ സാങ്കേതികത്വങ്ങൾക്കപ്പുറം ജനവികാരം മനസ്സിലാക്കി ഇടപെടേണ്ടതായിരുന്നുവെന്ന് പാർട്ടി ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പി. രാജീവ് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.