മുംബൈ: ബോളിവുഡ് സ്പൈ ത്രില്ലർ ‘ധുരന്ധർ’ റിലീസിനു ശേഷം അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനി പ്രകോപിതരായതായി രഹസ്യവിവരം. പാക്കിസ്ഥാനിൽനിന്ന് പ്രവർത്തനം നടത്തുന്ന ഡി-കമ്പനി ചിത്രത്തിന്റെ വിജയത്തിനു പിന്നാലെ മുംബൈയിൽ ഗ്രൗണ്ട് നെറ്റ്‌വർക് സജീവമാക്കിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
രൺവീർ സിങ് നായകനായ ചിത്രത്തിന്റെ രണ്ടു ഭാഗങ്ങളിലായി വരുന്ന ‘ബഡേ സാഹേബ്’ എന്ന കഥാപാത്രം മരണക്കിടക്കയിൽ കിടക്കുന്ന രംഗം ദാവൂദുമായി ശ്രദ്ധേയമായ സാമ്യം പുലർത്തുന്നതാണ് പ്രകോപനത്തിനു കാരണം. ഇത് ‘ദാവൂദ് ജീവിച്ചിരിക്കുന്നു’ എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ അടിയന്തരമായി ശ്രമിക്കേണ്ട സാഹചര്യം ഡി-കമ്പനിക്കുണ്ടാക്കിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തി.
സംഘത്തിന്റെ ആദ്യ വെല്ലുവിളി പുതിയ ഭീകരഗൂഢാലോചനയ്ക്കായി അംഗങ്ങളെ കണ്ടെത്തുക എന്നതായിരുന്നു. റിക്രൂട്ട്മെന്റ് ചുമതല ഷക്കീൽ ഗ്യാങ്ങിനായിരുന്നു. ഇങ്ങനെ റിക്രൂട്ട് ചെയ്യുന്നവരെ പരിശീലിപ്പിക്കാനും ആയുധങ്ങൾ നൽകാനുമുള്ള ചുമതല പാക്കിസ്ഥാന്റെ ഐഎസ്ഐ ഏറ്റെടുത്തു. ഒരു ഭീകര പദ്ധതി നടപ്പാക്കാൻ ഷാർപ് ഷൂട്ടറായ മുന്ന സിങ്കാഡയെ ചുമതലപ്പെടുത്തി.
റിക്രൂട്ട് ചെയ്യപ്പെട്ടവരോട് ചെയ്യാൻ പോകുന്ന കുറ്റകൃത്യത്തിന്റെ യഥാർഥ കാരണം വെളിപ്പെടുത്തിയില്ലെന്നും മുംബൈയിലെ തെരുവുകളിൽനിന്നു തിരഞ്ഞെടുത്ത ഇവരെ ബാന്ദ്ര ഗരീബ് നഗറിലെ അനധികൃത മസ്ജിദിന് നേരെയുള്ള ബുൾഡോസർ നടപടിയുടെ പേരിൽ പ്രകോപിപ്പിച്ചതായും വൃത്തങ്ങൾ വെളിപ്പെടുത്തി.
ഗൂഢാലോചന പൊളിച്ചത് ഡൽഹി പൊലീസ്
ഡൽഹി പൊലീസ് അടുത്തിടെ ഒരു ഭീകരാക്രമണ ഗൂഢാലോചന പൊളിച്ചിരുന്നു. ഐഎസ്ഐയും മുംബൈ അധോലോകവും തമ്മിലുള്ള ബന്ധം തെളിയിക്കുകയും ചെയ്തു. അധോലോകത്തിലും കവർച്ച-ഭീഷണി പ്രവർത്തനങ്ങളിലും ഡി-കമ്പനിയുടെ സ്വാധീനം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ അതിജീവനത്തിനായുള്ള പരക്കം പാച്ചിലാണ് ഈ പെട്ടെന്നുള്ള നീക്കങ്ങളെന്ന് ഏജൻസികൾ സംശയിക്കുന്നു. ഐഎസ്ഐയുടെ സഹായത്തോടെ ഇന്ത്യയിൽ ഒരു വലിയ ആക്രമണമോ പ്രമുഖ വ്യക്തിയെ ലക്ഷ്യം വയ്ക്കാനോ ഉള്ള പദ്ധതി ദാവൂദ് ഗ്യാങ് ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് രഹസ്യവിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.