തലശ്ശേരി: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി.പി. ദിവ്യയുടെ ഫോൺകോൾ വിവരങ്ങൾ പൂർണമായി ലഭിക്കില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ തലശ്ശേരി അഡീഷനൽ ജില്ലാ സെഷൻസ് കോടതിയെ അറിയിച്ചു. തുടർന്ന് കേസ് പരിഗണിക്കുന്നത് ഈ മാസം 27ലേക്ക് മാറ്റി.
കണ്ണൂർ എഡിഎം ആയിരുന്ന കെ. നവീൻബാബുവിന്റെ മരണത്തിൽ കോടതി നിർദേശത്തെത്തുടർന്ന് തുടരന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘം, കേസിലെ പ്രതി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ കോൾ വിവരങ്ങൾ പൂർണമായി റിപ്പോർട്ടിനൊപ്പം കോടതിയിൽ സമർപ്പിച്ചിരുന്നില്ല. ദിവ്യ ഉപയോഗിച്ച 2 ഫോണുകളുടെയും 2024 ജനുവരി 16 മുതൽ നവംബർ 15 വരെയുള്ള കോൾ വിരങ്ങൾ ഹാജരാക്കാനാണ് കോടതി ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ, ഒരു ഫോണിന്റെ, 2024 മാർച്ച് 1 മുതലുള്ള കോൾ വിവരങ്ങളും മറ്റൊരു ഫോണിന്റെ ഏപ്രിൽ 1 മുതലുള്ള വിവരങ്ങളുമാണ് കോടതിയിൽ ഹാജരാക്കിയത്. കോൾ വിവരങ്ങൾ പൂർണമായും ലഭ്യമാക്കുന്നതിനെക്കുറിച്ച് കോടതി ആരാഞ്ഞു. പ്രോസിക്യൂഷൻ ഇതിനു സമയം ചോദിച്ചതിനെത്തുടർന്നാണ് കേസ് ജൂൺ ഒന്നിലേക്ക് മാറ്റിയത്.
രണ്ടു വർഷത്തെ കോൾ വിവരങ്ങൾ മാത്രമേ ലഭ്യമാവുകയുള്ളൂവെന്ന് ബിഎസ്എൻഎൽ അധികൃതർ അറിയിച്ചതായി പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്കുമാർ ഇന്നു കോടതിയിൽ പറഞ്ഞു. എന്നാൽ തങ്ങളുടെ വാദം തെളിയിക്കാൻ പൂർണമായ കോൾ വിവരങ്ങൾ പ്രധാനമാണെന്നും ഏതന്വേഷണവും നേരിടാൻ തയാറാണെന്നും പ്രതിഭാഗം അഭിഭാഷകൻ കെ. വിശ്വൻ കോടതിയെ അറിയിച്ചു.
പൊലീസ് അന്വേഷണത്തിലെ 13 വീഴ്ചകൾ ചൂണ്ടിക്കാട്ടിയായിരുന്നു നവീൻബാബുവിന്റെ ഭാര്യ മഞ്ജുഷ, അഡ്വ. പി.എം.സജിത മുഖേന തുടരന്വേഷണ ഹർജി സമർപ്പിച്ചത്. തുടരന്വേഷണം ആവശ്യമില്ലെന്ന പൊലീസിന്റെ വാദം തള്ളിയായിരുന്നു കോടതി ഉത്തരവ്.
2024 ഒക്ടോബർ 15നു പുലർച്ചെയാണ് നവീൻബാബുവിനെ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ടയിലേക്കു സ്ഥലംമാറിപ്പോകുന്ന അദ്ദേഹത്തിന്റെ യാത്രയയപ്പു യോഗത്തിൽ, അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ക്ഷണിക്കപ്പെടാതെയെത്തി നടത്തിയ പരസ്യവിമർശനവും കുറ്റപ്പെടുത്തലുകളുമാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു ആരോപണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.