തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ.റീനയുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു. പകര്‍ച്ചവ്യാധിക്കാലത്ത് ഡോ.റീന 15 ദിവസം അവധി എടുത്തുവെന്ന് സ്ഥലംമാറ്റ ഉത്തരവില്‍ ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ ഡോ. കെ.ജെ. റീന രംഗത്തെത്തി. 15 ദിവസം അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും ആരോഗ്യകാരണങ്ങളാല്‍ താന്‍ രണ്ടര ദിവസത്തെ അവധി മാത്രമാണ് അപേക്ഷിച്ചതെന്നും ഡോ. റീന പറഞ്ഞു.
ലീവിലാണെങ്കിലും ഇന്നലെ വൈകിട്ട് ആറര വരെയുള്ള അവലോകന യോഗങ്ങളില്‍ സംബന്ധിക്കുകയും ചെയ്തു. രാത്രി എട്ടു മണി വരെ ഓഫിസ് ഫയലുകള്‍ നോക്കിയിരുന്നു. നിപ്പയുടെ റിസൽട്ട് സംബന്ധിച്ച് മന്ത്രിയെ ഫോണില്‍ വിളിച്ചു പറഞ്ഞ ശേഷം ടിവി ഓണ്‍ ചെയ്യുമ്പോഴാണ് എന്നെ സ്ഥലം മാറ്റിയ വിവരം അറിയുന്നത്. 30 വര്‍ഷം സര്‍വീസുള്ള ഒരാളെ മാറ്റുമ്പോള്‍ ആര്‍ക്കെങ്കിലും ഒന്നു പറയാമായിരുന്നു. അത് ഒരു ഉദ്യോഗസ്ഥയ്ക്കു കിട്ടേണ്ട നീതിയല്ലേ. അതു നിഷേധിക്കപ്പെട്ടു’’ - ഡോ. റീന പറഞ്ഞു.
ശബരിമലയിലേക്കു ഡോക്ടര്‍മാരെ നിയോഗിക്കുന്നതില്‍ ദേവസ്വത്തെ ബുദ്ധിമുട്ട് അറിയിച്ചത് സ്വന്തം തീരുമാനമായിരുന്നില്ലെന്നും ഡോ.റീന പറഞ്ഞു. പബ്ലിക് ഹെല്‍ത്ത് സ്റ്റേറ്റ് നോഡല്‍ ഓഫിസറും അഡീ.ഡയറക്ടറും യോഗത്തില്‍ കാര്യങ്ങള്‍ വിശദമായി ദേവസ്വത്തെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കത്തു നല്‍കിയത്. കത്തു നല്കുന്നതിനു മുന്‍പ് ബന്ധപ്പെട്ട ഡോക്ടര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കുകയും ചെയ്തു. ശബരിമലയില്‍ ഒരു സ്ഥിരം സംവിധാനം ആവശ്യമാണെന്നു തോന്നിയതിനാലാണ് കത്തു നല്‍കിയത്. മണ്ഡലകാലത്ത് ആദ്യനാലു ദിവസമാണ് ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ ശാരീരികാസ്വാസ്ഥ്യം മൂലം മരിച്ചത്. ശരിയായ വിധത്തില്‍ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ സജ്ജമായിരുന്നില്ല. ഇതെല്ലാം ആരോഗ്യവകുപ്പല്ലേ ചൂണ്ടിക്കാട്ടേണ്ടതെന്നും ഡോ.റീന ചോദിച്ചു.
ഡോ. കെ.ജെ.റീനയെ എറണാകുളം റീജനല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി ഡയറക്ടറായി സ്ഥലംമാറ്റിയാണ് ഇന്നലെ ഉത്തരവിറക്കിയത്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ തസ്തികയില്‍ ഡോ. കെ.ജെ.റീന 3 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. ആരോഗ്യ അഡിഷനല്‍ ഡയറക്ടര്‍ (കുടുംബ ക്ഷേമ വിഭാഗം) ഡോ. വി. മീനാക്ഷിക്ക് ഡയറക്ടറുടെ പൂര്‍ണ അധികച്ചുമതല നല്കി.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.