തിരുവനന്തപുരം: ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലേക്ക് മാധ്യമങ്ങള്‍ക്ക് വീണ്ടും കര്‍ശന നിയന്ത്രണം. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോര്‍ത്ത് ബ്ലോക്കില്‍ ഒരാഴ്ച മുന്‍പ് തുടങ്ങിയ നിയന്ത്രണങ്ങള്‍ ഇപ്പോള്‍ സെക്രട്ടേറിയറ്റിലെ മറ്റ് ഓഫീസുകളിലേക്കും വ്യാപകമാക്കിയിരിക്കുകയാണ്.
പൊതുസന്ദര്‍ശകര്‍ക്കായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ മറയാക്കിയാണ് മാധ്യമപ്രവര്‍ത്തകരെയും തടയുന്നത്. ഇതിന് പുറമെ സെക്രട്ടേറിയറ്റിലെ പ്രധാന പ്രവേശന കവാടമായ നോര്‍ത്ത് ഗേറ്റ് (സമരഗേറ്റ്) ബാരിക്കേഡ് വെച്ച് അടക്കുകയും ചെയ്തു. ബന്ധപ്പെടേണ്ട വകുപ്പില്‍ നിന്നുള്ള പ്രത്യേക ശിപാര്‍ശ ഇല്ലാതെ, സര്‍ക്കാര്‍ അംഗീകൃത അക്രഡിറ്റേഷന് ഉള്ള മാധ്യമപ്രവര്‍ത്തകരെപ്പോലും അകത്ത് കയറ്റിവിടേണ്ടതില്ല എന്നാണ് കന്റോണ്‍മെന്റ് ഗേറ്റിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.മുഖ്യമന്ത്രിക്ക് കീഴിലുള്ള ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന് നല്‍കുന്നത്. സെക്രട്ടേറിയറ്റ് അടക്കമുള്ള നിയന്ത്രിത മേഖലകളില്‍ സുഗമമായി പ്രവേശിച്ച് വാര്‍ത്താ ശേഖരണം നടത്തുന്നതിന് വേണ്ടിയാണിത്.
എന്നാല്‍ ഈ കാര്‍ഡുമായി എത്തുന്നവരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയാണ്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ സെക്രട്ടേറിയറ്റില്‍ സന്ദര്‍ശകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ഇതേത്തുടര്‍ന്ന് സന്ദര്‍ശക സമയം വൈകിട്ട് മൂന്ന് മണി മുതല്‍ അഞ്ച് മണി വരെയായി പരിമിതപ്പെടുത്തിയിരുന്നു. പാസ് എടുത്തോ, അല്ലെങ്കില്‍ അകത്തുനിന്നും സെക്യൂരിറ്റി ഗേറ്റിലേക്ക് വരുന്ന ഫോണ്‍ കോള്‍ വഴിയോ മാത്രമേ ഈ സമയത്തും അകത്ത് കടക്കാന്‍ സാധിക്കൂ. പൊതുജനങ്ങള്‍ക്കുള്ള ഈ നിയന്ത്രണം ചൂണ്ടിക്കാട്ടിയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ മാധ്യമങ്ങളെയും തടയുന്നത്.
സെക്രട്ടേറിയറ്റിലേക്ക് പ്രവേശിക്കുന്ന പ്രധാന ഗേറ്റായ നോര്‍ത്ത് ഗേറ്റും ബാരിക്കേഡുകള്‍ ഉപയോഗിച്ച് അടച്ചിരിക്കുകയാണ്.
നിരന്തരം സമരങ്ങള്‍ നടക്കുന്നതിനാലും ജനങ്ങളുടെ പ്രധാന പ്രവേശന മാര്‍ഗമായതിനാലും ‘സമരഗേറ്റ്’ എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ഉടനെ തുറന്നുകൊടുത്ത ഗേറ്റാണ് ഇപ്പോള്‍ വീണ്ടും അടച്ചിരിക്കുന്നത്.
പിണറായി സര്‍ക്കാരിന്റെ കാലത്താണ് സെക്രട്ടേറിയറ്റില്‍ മാധ്യമങ്ങള്‍ക്ക് സമാനമായ രീതിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അന്ന് പ്രതിപക്ഷത്തായിരുന്നവര്‍ ഈ മാധ്യമ വിലക്കിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. സന്ദര്‍ശക സമയക്രമം ഉള്‍പ്പെടെ മുന്‍ സര്‍ക്കാരിന്റെ കാലത്തെ അതേ രീതിയിലേക്ക് ഇപ്പോള്‍ വീണ്ടും മാറിയിരിക്കുകയാണ്.അതേസമയം, മുഖ്യമന്ത്രി ബജറ്റിന്റെ തിരക്കിലായതിനാല്‍ സെക്രട്ടേറിയറ്റിലെ പ്രവേശനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സമയം ലഭിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ഈ മാസം തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുമെന്നും അധികൃതര്‍ അറിയിക്കുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.