ദില്ലി: പശ്ചിമ ബംഗാളില്‍ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസില്‍ ഉടലെടുത്ത കലാപം ഇന്ത്യൻ പാർലമെന്റിലെ ഭരണ-പ്രതിപക്ഷ ചേരികളുടെ ശക്തിയെയും സ്വാധീനിക്കും.'
പ്രതിപക്ഷ നിരയിലെ പ്രധാന കക്ഷിയായ തൃണമൂലിൻ്റെ തകർച്ച കേന്ദ്രം ഭരിക്കുന്ന ബിജെപിക്കും എൻഡിഎ സഖ്യത്തിനും വലിയ മേല്‍ക്കൈ നല്‍കുന്നതാണ്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാതെ വന്ന ബിജെപി നേതൃത്വം ടിഡിപി-ജെഡിയു കക്ഷികളെ അമിതമായി ആശ്രയിച്ചിരുന്നു. എന്നാല്‍ ടിഎംസി എംപിമാർ കൂറുമാറി എൻഡിഎയെ പിന്തുണച്ചാല്‍, ഭരണപക്ഷത്തെ സമവാക്യം മാറും. സഖ്യകക്ഷികള്‍ക്ക് ബിജെപിക്ക് മേലുള്ള സമ്മർദ്ദ സ്വാധീനം കുറയും. ഈമാറ്റം ഏറ്റവും കൂടുതല്‍ ബാധിക്കുക മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെയും ശിവസേനയെയുമാണ്. ലോക്സഭയില്‍ 7 എം.പിമാരുള്ള ഷിൻഡെ വിഭാഗം എൻ.ഡി.എയിലെ നാലാമത്തെ വലിയ കക്ഷിയായിരുന്നു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വലിയ വിജയം നേടുകയും ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുകയും ചെയ്തതോടെ ഷിൻഡെയുടെ സ്വാധീനം സംസ്ഥാനത്ത് കുറഞ്ഞിരുന്നു.
പാർലമെന്റിലെ 7 എം.പിമാരുടെ ബലത്തിലാണ് ഷിൻഡെ കേന്ദ്രത്തില്‍ സമ്മർദ്ദം ചെലുത്തിയിരുന്നത്. ഇപ്പോള്‍ പശ്ചിമ ബംഗാളില്‍ നിന്ന് വലിയൊരു വിഭാഗം ടിഎംസി വിമതർ ബി.ജെ.പിയെ പിന്തുണയ്ക്കുന്നതോടെ ഷിൻഡെയുടെ സ്വാധീനശക്തി ഇല്ലാതാകും.പാർലമെന്റില്‍ നിർണ്ണായകമായ ഭരണഘടനാ ഭേദഗതികള്‍ പാസാക്കുന്നതിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. മുൻപ് ലോക്സഭയില്‍ ഈ മേല്‍ക്കൈ ഇല്ലാതെ വന്നപ്പോഴാണ് വനിതാ സംവരണ ഭേദഗതി ബില്‍, മണ്ഡല പുനർനിർണ്ണയ ബില്‍ എന്നിവ എൻഡിഎക്ക് പാസാക്കാൻ സാധിക്കാതെ വന്നത്. ടിഎംസി വിമതർ ഒപ്പം ചേരുന്നതോടെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തില്‍ പ്രധാന ബില്ലുകള്‍ പാസാക്കിയെടുക്കാൻ എൻഡിഎയ്ക്ക് സാധിക്കും.
കൂറുമാറ്റ നിരോധന നിയമ പ്രകാരം പാർലമെന്റില്‍ അയോഗ്യരാകാതിരിക്കാൻ പാർട്ടിയിലെ ആകെ എം.പിമാരുടെ മൂന്നില്‍ രണ്ട് ഭാഗം (2/3) പേരെങ്കിലും ഒന്നിച്ച് കൂറുമാറേണ്ടതുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ കാര്യത്തില്‍ 19 എം.പിമാരുടെ പിന്തുണ വിമത വിഭാഗത്തിന് ആവശ്യമായിരുന്നു.ഇപ്പോള്‍ വിമത ചേരിയില്‍ 20 പേരുണ്ട്. മമത ബാനർജിക്കും പ്രതിപക്ഷ കൂട്ടായ്മയായ 'ഇന്ത്യ' മുന്നണിക്കും കനത്ത തിരിച്ചടിയാണ് ഈ പിളർപ്പ്. ബിജെപിക്ക് നേട്ടമാണെങ്കിലും എൻഡിഎയിലെ സഖ്യകക്ഷികള്‍ക്കും സന്തോഷം നല്‍കുന്ന ഒന്നല്ല ടിഎംസിയുടെ പിളർപ്പ്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.