കോട്ടയം: പഞ്ചസാരയേക്കാള്‍ മുപ്പതിരട്ടി മധുരമുള്ളതും പ്രകൃതിദത്തവുമായ ചെടിയാണ് മധുര തുളസി അഥവാ സ്റ്റീവീയ. പ്രമേഹ രോഗികള്‍ക്ക് പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണിത്.
മധുര തുളസിയില്‍ അടങ്ങിയിട്ടുള്ള സ്റ്റീവിയോള്‍ ഗ്ലൈക്കോസൈഡ് എന്ന സംയുക്തം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കുന്നു.കലോറി അടങ്ങിയിട്ടില്ല എന്നതുകൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും മധുര തുളസി ഉത്തമമാണ്. ഇതില്‍ അടങ്ങിയിട്ടുള്ള ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ മുറിവ് വേഗം ഭേദമാക്കുന്നു. മധുര തുളസിയുടെ ഇല നന്നായി അരച്ചെടുത്ത് കുഴമ്പ് രൂപത്തിലാക്കി മുഖത്തിട്ടാല്‍ മുഖക്കുരു അകറ്റാം.
ആന്റി ഫംഗല്‍ ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ ഉള്ള മധുര തുളസിയുടെ സത്ത് താരൻ അകറ്റാൻ ഉപയോഗിക്കുന്നവരും ഏറെയാണ്. ഇത്തരത്തില്‍ ഏറെ ഗുണങ്ങളുള്ള സ്റ്റീവീയ വീട്ടില്‍ തന്നെ വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാൻ സാധിക്കും. എങ്ങനെയെന്ന് നോക്കാം.
കൃഷിരീതി
പൊതുവെ കേരളത്തിലെ കാലാവസ്ഥ മധുര തുളസിയുടെ കൃഷിക്ക് വളരെ അനുയോജ്യമാണ്. വെള്ളക്കെട്ടില്ലാത്തതും ജൈവവള സമ്പുഷ്ടവുമായ മണല്‍ കലർന്ന മണ്ണാണ് കൃഷിയ്ക്ക് ഏറ്റവും അനുയോജ്യം. മാത്രമല്ല ദിവസവും കുറഞ്ഞത് ആറ് മണിക്കൂർ വരെ എങ്കിലും നല്ല വെയില്‍ ലഭിക്കുന്ന സ്ഥലം ഇതിനായി തിരഞ്ഞെടുക്കേണ്ടതുണ്ട്. വിത്തുകളേക്കാള്‍ വേഗത്തില്‍ വളരുന്നത് തണ്ടുകള്‍ മുറിച്ചു നടുമ്പോഴാണ്.
നാല് മുതല്‍ ആറ് ഇഞ്ച് വരെ നീളമുള്ള മൂപ്പുള്ള തണ്ടുകള്‍ നടാനായി ഉപയോഗിക്കാം. ഇനി ചട്ടികളിലാണ് കൃഷിചെയ്യാൻ പദ്ധതിയെങ്കില്‍ ഒരോ തൈ വീതം വേണം നടാൻ. മാത്രമല്ല ചട്ടിയുടെ അടിയില്‍ സുഷിരങ്ങളുണ്ടെന്ന് ഉറപ്പുവരുത്തണം. മണ്ണില്‍ എപ്പോഴും നേരിയ ഈർപ്പം ഉണ്ടായിരിക്കണം. എന്നാല്‍ വെള്ളം കെട്ടിക്കിടക്കാൻ പാടില്ല. അങ്ങനെ വന്നാല്‍ വേര് പെട്ടെന്ന് ചീഞ്ഞുപോകാൻ ഇടയുണ്ട്.
രാസവളങ്ങള്‍ പരമാവധി ഒഴിവാക്കി വേണം കൃഷിചെയ്യാൻ. ചാണകപ്പൊടി, കമ്പോസ്റ്റ്, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിങ്ങനെയുള്ള ജൈവവളങ്ങള്‍ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം. നട്ട് കഴിഞ്ഞ് നാല് മാസത്തിനുള്ളില്‍ ആദ്യ വിളവെടുപ്പ് നടത്താം. മധുര തുളസിയില്‍ വെള്ളപ്പൂക്കള്‍ വിരിയുന്നതിന് മുമ്പ് ഇലകളില്‍ മധുരമുണ്ടാകും.ഈ സമയത്താണ് വിളവെടുക്കേണ്ടത്. ഒരു ചെടിയില്‍ നിന്നും ആവശ്യമായ തണ്ടുകള്‍ മുറിച്ചെടുത്തതിന് ശേഷം ബാക്കി അതുപോലെ തന്നെ പരിചരിക്കണം. ഇത് പുതിയ ചെടികള്‍ വളരാൻ സഹായിക്കുന്നു.
ഉപയോഗിക്കേണ്ട വിധം
മധുരതുളസിയുടെ ഇലകള്‍ നേരിട്ട് ചായയിലോ കാപ്പിയിലോ ഇട്ട് തിളപ്പിച്ച് കുടിക്കാം.
ഇലകള്‍ വെയിലത്ത് ഉണക്കിപ്പൊടിച്ച് ചായപ്പൊടി പോലെ സൂക്ഷിക്കാം.
വിപണിയില്‍ സ്റ്റീവിയ ദ്രാവകരൂപത്തിലും പൊടി രൂപത്തിലും ലഭ്യമാണ്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.