ന്യൂഡല്‍ഹി: 2023-ലെ തന്‍റെ ഇന്ത്യൻ സന്ദർശനവേളയില്‍ ഡല്‍ഹിയിലെ തെരുവുകളില്‍ തനിക്ക് ലഭിച്ച വൻ സ്വീകരണത്തെക്കുറിച്ചുള്ള ഓർമ്മകള്‍ പങ്കുവെച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി.
മാധ്യമപ്രവർത്തകൻ അലസ്സാൻഡ്രോ സല്ലുസ്തിയുമായുള്ള അഭിമുഖത്തെ അടിസ്ഥാനമാക്കി പുറത്തിറക്കിയ തന്‍റെ പുതിയ പുസ്തകമായ "ജോർജിയാസ് വിഷൻ" (Giorgia's Vision)-ലാണ് മെലോനി ഈ രസകരമായ അനുഭവം വിവരിക്കുന്നത്. 2023 മാർച്ചില്‍ നടന്ന എട്ടാമത് 'റൈസീന ഡയലോഗില്‍' പങ്കെടുക്കാൻ ഡല്‍ഹിയില്‍ എത്തിയപ്പോഴുള്ള അനുഭവമാണ് അവർ പങ്കുവെച്ചത്. വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടപ്പോള്‍ റോഡിന്‍റെ ഇരുവശങ്ങളിലും തന്‍റെ ചിത്രമുള്ള വൻ പോസ്റ്ററുകള്‍ സ്ഥാപിച്ചിരുന്നതായി മെലോനി ഓർക്കുന്നു."ഞാൻ എത്തിയപ്പോള്‍, റോഡിന് ഇരുവശങ്ങളിലും എന്‍റെ ചിത്രവും സ്വാഗതം എന്നെഴുതിയ പോസ്റ്ററുകള്‍ ഉണ്ടായിരുന്നു. ഞാൻ മടങ്ങിപ്പോകുമ്പോള്‍, അതേ ചിത്രത്തിനൊപ്പം 'താങ്ക് യു ഫോർ വിസിറ്റിംഗ്' എന്നായിരുന്നു പോസ്റ്ററുകളില്‍ എഴുതിയിരുന്നത്," മെലോനി പുസ്തകത്തില്‍ കുറിച്ചു. ഈ വിപുലമായ സ്വീകരണം കണ്ട്, തന്നോടൊപ്പമുണ്ടായിരുന്ന ഇറ്റാലിയൻ ഉപപ്രധാനമന്ത്രി തമാശരൂപേണ ഒരു കാര്യം പറഞ്ഞതായും മെലോനി ഓർക്കുന്നു.
"ഇത്രയധികം പോസ്റ്ററുകള്‍ കാണുമ്പോള്‍, നിങ്ങള്‍ ഡല്‍ഹിയില്‍ മത്സരിക്കുകയാണെങ്കില്‍ ഒരു പത്ത് ലക്ഷത്തിലധികം വോട്ടുകള്‍ക്ക് വിജയിക്കും," എന്ന് പറഞ്ഞതായും മെലോനിയുടെ പുസ്തകത്തില്‍ പറയുന്നു.
2023-ല്‍ രണ്ട് തവണയാണ് മെലോനി ഇന്ത്യ സന്ദർശിച്ചത്. മാർച്ചില്‍ റൈസീന ഡയലോഗിനായും പിന്നീട് സെപ്റ്റംബറില്‍ ജി20 ഉച്ചകോടിക്കായുമാണ് അവർ എത്തിയത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത സൗഹൃദം പുലർത്തുന്ന മെലോനിയുടെയും മോദിയുടെയും ചിത്രങ്ങള്‍ 'മെലോഡി' എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ തരംഗമായിരുന്നു.നയതന്ത്ര രംഗത്ത് ഔദ്യോഗികമായ ചട്ടക്കൂടുകള്‍ക്ക് അപ്പുറം വ്യക്തിപരമായ ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും പുസ്തകത്തിലെ 'ലോകനേതാക്കള്‍ക്കിടയില്‍ തലയുയർത്തി' എന്ന അധ്യായത്തില്‍ മെലോനി വ്യക്തമാക്കുന്നുണ്ട്. ഒരു ചെറിയ തമാശയോ, വ്യക്തിപരമായ കഥയോ, അല്ലെങ്കില്‍ പൊതുവായ താല്‍പ്പര്യങ്ങളോ വലിയ നയതന്ത്ര ബന്ധങ്ങള്‍ക്ക് വഴിതുറക്കാമെന്ന് അവർ വിശ്വസിക്കുന്നു.
ജോർജിയാസ് വിഷൻ വെറുമൊരു രാഷ്ട്രീയ ഓർമ്മക്കുറിപ്പുകള്‍ക്ക് അപ്പുറം നേതൃപാടവം, ദേശീയ വ്യക്തിത്വം, കുടുംബം, വിശ്വാസം എന്നിവയെക്കുറിച്ചുള്ള മെലോനിയുടെ കാഴ്ചപ്പാടുകളാണ് ചർച്ച ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകള്‍.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.