കോഴിക്കോട്: നാട്ടിലെങ്ങും 'റഹീമിന്' സ്വീകരണമാണിപ്പോള്‍. ചാനലുകാരും, ഓണ്‍ലൈനുകാരും സദാ അയാള്‍ക്ക് പിറകെയാണ്. അയാളുടെ വിടുവായിത്തങ്ങളും, ന്യായീകരണങ്ങളും അവർ ആഘോഷിക്കുകയാണ്.
ക്യാമറകള്‍ക്ക് മുന്നില്‍ അയാളുടെ പ്രശസ്തി അത്യുന്നതിയിലെത്തി നില്‍ക്കുന്നു. എം.എല്‍.എ മാരും, പ്രാദേശിക ജന പ്രതിനിധികളും അയാളെ പൊന്നാട ചാർത്തുന്നു. ഇതാണ് ഇപ്പോഴത്തെ ട്രെന്റ്. മുന്നും, പിന്നും നോക്കാതെ 'ട്രെന്റിന്' പിറകെ സഞ്ചരിക്കുന്ന ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങളാണ് മലബാറിലെങ്ങും നടക്കുന്നത്. 'ട്രെന്റിന്' പിറകെ അനുഗമിക്കാൻ ജനക്കൂട്ടം മത്സരിക്കുകയാണ്.എന്നാല്‍ പല കോണില്‍ നിന്നുമായി അതിശക്തമായ പ്രതിഷേധവും, ചോദ്യങ്ങളും ഉയരുന്നുമുണ്ട്. ജയില്‍മോചിതനായ റഹീം നാട്ടിലെത്തി സ്വീകരണ പരിപാടികളില്‍ തിളങ്ങി മുന്നേറിക്കൊണ്ടിരിക്കെ, റഹീമിന്റെ ദിയാധനം (ബ്ലഡ്മണി) സ്വരൂപിക്കുന്നതിനായി പിരിച്ചെടുത്ത തുകയില്‍ അധികം ലഭിച്ച 11 കോടി രൂപ എന്ത് ചെയ്തു എന്ന ചോദ്യമാണ് ഇപ്പോള്‍ മുന്നിൽ നില്‍ക്കുന്നത്.
അയാളെ രക്ഷപ്പെടുത്തുന്നതിനായി. ആഗോള തലത്തില്‍ നടന്ന ക്രൗഡ്: ഫണ്ടിങ്ങിലൂടെ 46 കോടി രൂപ സമാഹരിക്കപ്പെട്ടു. സൗദി-കോടതിയുടെ ഉത്തരവ് പ്രകാരം ദിയാധനമായി 34 കോടി രൂപയാണ് കൈമാറിയത്. എന്നാല്‍ ഇപ്രകാരം സമാഹരിച്ച തുകയുടെ കണക്കുകള്‍ ഔദ്യോഗികമായി ഇതുവരെ പുറത്ത് വന്നിട്ടില്ല. ഈ തുകയുടെ കണക്കുകള്‍ പൊതു സമക്ഷം വ്യക്തമാക്കണം എന്നാവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെയും, വാട്‌സ്‌ആപ്പ് ഗ്രൂപ്പുകള്‍ വഴിയും ശക്തമായ ആവശ്യം ഉയർന്ന് വന്നിട്ടുണ്ട്.
പണപ്പിരിവുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്നും, അതിന്റെ കണക്കുകളും മറ്റും വ്യക്തമാക്കേണ്ടത് നിയമസഹായ സമിതിയാണെന്നും റഹീമിന്റെ കുടുംബം പറയുന്നു. ബാക്കിത്തുക എന്ത് ചെയ്യണം എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. പണം നല്‍കിയ പൊതു സമൂഹത്തിന്റെ അഭിപ്രായം തേടിയതിന് ശേഷമേ അതേക്കുറിച്ച് തീരുമാനമെടുക്കുകയുള്ളൂ എന്ന് വ്യവസായി ബോബി ചെമ്മണ്ണൂർ ഉള്‍പ്പെടെയുള്ളവരും വ്യക്തമാക്കിയിട്ടുണ്ട്.
ക്രൗഡ് ഫണ്ടിംഗ്
റഹീമിന്റെ ജയില്‍മോചനത്തിന് വേണ്ട ബ്ലഡ് മണി സ്വരൂപിക്കുന്നതിനായി മുൻനിരയില്‍ നിലകൊണ്ട സ്വർണ്ണ വ്യവസായി ബോബി ചെമ്മണ്ണൂർ ഒരു കോടി രൂപ നല്‍കിയ ശേഷം, അദ്ദേഹം നടത്തിയ 'യാചകയാത്ര' ഈ വിഷയത്തെ കൂടുതല്‍ ജനശ്രദ്ധ ആകർഷിച്ചു. തുടർന്ന് രാഷ്ട്രീയ രംഗത്തുള്ളവരും, മതരംഗത്തുള്ളവരുമെല്ലാം ഒന്നിച്ച് പ്രവർത്തിക്കുന്ന സാഹചര്യവും സംജാതമായി. മലപ്പുറത്തെ സ്‌പൈൻ കോഡ്‌സ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയിലെ ഇലകട്രോണിക്‌സ് എഞ്ചിനീയർമാരായ ഹാഷിം, ഷുഹൈബ്, അഷ്ഹർ എന്നീ യുവാക്കള്‍ റഹീമിനുള്ള ധനസമാഹരണത്തിന് വേണ്ടി ലളിതവും സുതാര്യവുമായ തരത്തില്‍ ഒരു ആപ്പ് രൂപ കല്‍പ്പന ചെയ്തിരുന്നു.
ഈ ആപ്പ് വഴി ക്രൗഡ്ഫണ്ടിംഗ് സുതാര്യമാക്കുക എന്നതായിരുന്നു ലക്ഷ്യം. 'സേവ് അബ്ദുല്‍ റഹീം' എന്ന ആപ്പിലൂടെ ഓരോ സെക്കന്റിലും, ലഭ്യമാകുന്ന തുക പൊതു ജനങ്ങള്‍ക്ക് കൃത്യമായി അറിയാനാകുമായിരുന്നു. സംസ്ഥാനം, ജില്ല, നിയോജക മണ്ഡലം, സംഘടനകള്‍, വ്യക്തികള്‍ എന്നിങ്ങനെ പണം എവിടെ നിന്നാണ് വരുന്നത് എന്നതിന്റെ പൂർണ്ണ വിവരം ഈ ആപ്പ് വഴി വ്യക്തവുമായിരുന്നു.
വിവിധ രാജ്യങ്ങളില്‍ നിന്നും, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി ആഗോള മലയാളി സമൂഹം ഒന്നിച്ച് നിന്നതോടെയാണ് ദിവസങ്ങള്‍ കൊണ്ട് കോടിക്കണക്കിന് രൂപ സ്വരൂപിക്കാനായത്. ഏതായാലും കേവലം ദിവസങ്ങള്‍ കൊണ്ട് മാത്രം 47.87 കോടി രൂപ സ്വരൂപിച്ച് അത്യാത്ഭുതം സൃഷ്ടിച്ച മലയാള മനസ്സിന്റെ നൻമയും, ഒരുമയും അത്ഭുതപ്പെടുത്തുന്ന യാഥാർത്ഥ്യം തന്നെയാണ്.
മലപ്പുറം ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തുക ലഭിച്ചത്. 9,28,36,577 രൂപ. ക്രൗഡ് ഫണ്ടിംഗിലൂടെ ആകെ ലഭിച്ച 47.87 കോടി രൂപയില്‍ നിന്ന് സൗദി കോടതി മുേഖന നല്‍കിയ ദയാധനവും, അഭിഭാഷകന്റേത് ഉള്‍പ്പെടെയുള്ള ചെലവുകളും 36.27 കോടി രൂപയാണ്. 11.60 കോടി രൂപയാണ് ഇത് പ്രകാരം ബാക്കി വന്നിട്ടുള്ളത്.
നേരത്തെ റഹീം നിയമ സഹായ സമിതി നടത്തിയ വാർത്താ സമ്മേളനത്തില്‍ പുറത്ത് വിട്ട വിവരങ്ങളാണിത്. ഈ തുക ദുരുപയോഗം ചെയ്യാതെ നല്ല രീതിയില്‍ ഉപയോഗിക്കണമെന്നും, അതങ്ങനെ ചെയ്യണമെന്ന കാര്യത്തില്‍ പണം നല്‍കിയ പൊതുസമൂഹം അഭിപ്രായം പറയണമെന്നുമാണ് ബോബി ചെമ്മണ്ണൂർ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടുള്ളത്. ഭൂരിപക്ഷ അഭിപ്രായം മാനിച്ചായിരിക്കണം തുടർനടപടി സ്വീകരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.റഹീം നിരപരാധിയല്ലെന്ന്?
റഹീം നിരപരാധിയല്ലെന്നും, അതേസമയം സൗദി നിയമത്തിന്റെ കൊലവാളില്‍ നിന്ന് അയാളുടെ ജീവൻ രക്ഷിച്ചത് കേരളീയരുടെ മാതൃകാ പ്രവൃത്തിയാണെന്നും സൗദിയില്‍ നിന്ന് ഉള്‍പ്പെടെയുള്ള പലരും ചൂണ്ടിക്കാട്ടുന്നു. റഹീമിന്റെ പേരിലുള്ള കുറ്റകൃത്യത്തിന്റെ ആധികാരിക രേഖകളുടെ പകർപ്പുകളും സോഷ്യല്‍ മീഡിയായില്‍ ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്. നാട്ടില്‍ പ്രവർത്തിച്ചിരുന്ന 'സേവ് റഹീം കമ്മറ്റി'ക്ക് പുറമെ ജിദ്ദയിലും, റിയാദിലുമായി വൻ തോതില്‍ ധനസമാഹരണം നടന്നതായും പലരും പറയുന്നുണ്ട്.
ഇപ്പോള്‍ ജയില്‍മോചിതനായി നാട്ടിലെത്തിയ റഹീമിന് പലയിടത്തും സ്വീകരണം നല്‍കി വരുന്നുണ്ട്. റഹീം മോചനത്തിന്റെ ക്രെഡിറ്റ് അവകാശപ്പെട്ട് ഇപ്പോള്‍ പലരും രംഗത്ത് വന്നിട്ടുമുണ്ട്. എന്നാല്‍ അതിന്റെ ക്രെഡിറ്റ് തങ്ങള്‍ക്ക് വേണ്ടെന്നാണ് റിയാദിലെ റഹീം നിയമ സഹായ സമിതി പറയുന്നത്.റഹീമിന്റെ മോചനത്തിന് വേണ്ടി കഠിനാധ്വാനം ചെയ്തവരാണ് തങ്ങളെന്നും, പരിമിതികള്‍ക്കിടയിൻ നിന്നുകൊണ്ട് റഹീമിന് വേണ്ടി തങ്ങള്‍ ഒത്തരുമയോടെ പ്രവർത്തിച്ചതായും എന്നാല്‍ റഹീമിന്റെ കുടുംബത്തിന്റെ ഭാഗത്തുനിന്ന് പോലും പലപ്പോഴുംഅനാവശ്യവിമർശനമുണ്ടായതായും റിയാദിലെ റഹീം നിയമസഹായ സമിതി പറയുന്നു.
റഹീം വിഷയത്തില്‍ ഫലപ്രാപ്തി കൈവന്നപ്പോള്‍ ചിലർ എട്ടുകാലി മമ്മൂഞ്ഞുകളായി രംഗത്ത് വരികയാണ് ഉണ്ടായതെന്നും റിയാദിലെ ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ ജനറല്‍കണ്‍വീനർ അബ്ദുല്ല വല്ലാഞ്ചിറയുടെ നേതൃത്വത്തില്‍ ചേർന്ന റിയാദ് സഹായ സമിതി യോഗം വ്യക്തമാക്കി. സമൂഹ മാധ്യമങ്ങള്‍ വഴി തെറ്റായ വിവരങ്ങളും, അപവാദ പ്രചാരണങ്ങളും ചിലർ നടത്തുന്നതായും സമിതി കുറ്റപ്പെടുത്തി.
അതേസമയം റഹീമിന് വേണ്ടി സ്വരൂപിച്ച തുകയില്‍ മിച്ചം വന്ന 11.6 കോടി രൂപ ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് നിയമസഹായ സമിതി പറയുമ്പോള്‍, സൗദിയില്‍ റിയല്‍ എസ്റ്റേറ്റ്-ഹോട്ടല്‍ വ്യവസായങ്ങളില്‍ ചിലരത് നിക്ഷേപിച്ചിട്ടുണ്ടെന്നും, വസ്തുതകള്‍ നിഷ്പക്ഷമായി അന്വേഷണം നടത്തിയാല്‍ ഇപ്പോള്‍ നന്മമരങ്ങളായി ചമയുന്ന പലരുടേയും മുഖംമൂടി പൊഴിയുമെന്നും റിയാദില്‍ നിന്നുതന്നെ ഒരു വിഭാഗം ആരോപിക്കുന്നുണ്ട്.
കേസിന്റെ രത്‌നച്ചുരുക്കം
2006-ലാണ് കോഴിക്കോട്-കോടമ്പുഴ മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ റഹീമിന്റെ കേസ്സിന് ആസ്പദമായ സംഭവം നടക്കുന്നത്. റിയാദില്‍ 'അബ്ദുറഹ്മാൻ-അല്‍ ഷഹരി'എന്ന സ്‌പോണ്‍സറുടെ വീട്ടില്‍ ഹൗസ് ഡ്രൈവറായിട്ടാണ് റഹീം അവിടെയെത്തിയത്. ഒരു മാസം തികയും മുമ്പാണ് ആ ദാരുണ സംഭവം ഉണ്ടാകുന്നതും. ഒരു അപകടത്തെ തുടർന്ന് ചലനശേഷി നഷ്ടപ്പെട്ട സ്‌പോണ്‍സറുടെ 14-കാരനായ ഇളയ മകന്റെ അനസിന്റെ പരിചരണമായിരുന്നു റഹീമിനുണ്ടായിരുന്ന മുഖ്യചുമതല.
ഈ കുട്ടിയുടെ കഴുത്തിലൂടെ ശ്വാസ നാളത്തിലേക്ക് തുളയിട്ട് ഘടിപ്പിച്ച 'ട്രക്കിയോസ്റ്റമി ട്യൂബുമായി ബന്ധിപ്പിച്ച പോർട്ടബ്ള്‍ വെന്റിലേറ്ററിന്റെ' സഹായത്തോടെയാണ് കുട്ടിയുടെ ജീവൻ നിലനിർത്തിയിരുന്നത്. കുട്ടിയുമായി കാറില്‍ സഞ്ചരിക്കവെ, നിരത്തിലെ ചുകപ്പ് ട്രാഫിക് സിഗ്നല്‍ കട്ട് ചെയ്ത് മുന്നോട്ട് പോകാൻ ആവശ്യപ്പെട്ട് കുട്ടി ബഹളമുണ്ടാക്കി.
അരിശംപൂണ്ട പയ്യൻ പല തവണ റഹീമിനെ തുപ്പിയതായും, അവനെ തടയാൻ ശ്രമിക്കവെ, കുട്ടിയുടെ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ റഹീമിന്റെ കൈ തട്ടി, അത് ഡിസ്‌കണക്റ്റ് ആവുകയും ചെയ്തതായും പറയുന്നു. യാത്രതുടർന്ന റഹീം, കുട്ടിയുടെ ശബ്ദമൊന്നും കേള്‍ക്കാതായതോടെ വണ്ടി നിർത്തി പരിശോധിച്ചപ്പോള്‍ കുട്ടി അപസ്മാര ബാധയിലായിരുന്നു. അധികം വൈകാതെ കുട്ടി മരണപ്പെടുകയും ചെയ്തു.
ഇത്രയും വരെയുള്ള സംഭവം ഒരു കയ്യബന്ധമായിത്തന്നെ വിലയിരുത്താവുന്നതാണെങ്കിലും, കാര്യങ്ങളുടെ ഗതിമാറുന്നത് ഇനിയങ്ങോട്ടാണ്.
റിയാദില്‍ ജോലിചെയ്യുന്ന ബന്ധുവും, നാട്ടുകാരനുമായ നസീറിനെ വിളിച്ച് വരുത്തി റഹീം കാര്യം ധരിപ്പിച്ചു. രക്ഷപ്പെടാനായി ഇരുവരും ചേർന്ന് ഒരു പദ്ധതി ആവിഷ്‌കരിക്കുകയും ചെയ്തു. അതും പ്രകാരം റഹീമിനെ വണ്ടിയുടെ സീറ്റില്‍ കെട്ടിയിട്ട്, നസീർ പോലീസിനെ വിളിയ്ക്കുകയായിരുന്നു. 'പണം തട്ടാനായി കവർച്ചക്കാർ റഹീമിനെ കാറില്‍ ബന്ധിച്ച ശേഷം, കുട്ടിയെ അക്രമിച്ചതായും, കുട്ടി മരണപ്പെടുകയും ചെയ്തു എന്നതായിരുന്നു ഇവർ മെനഞ്ഞുണ്ടാക്കിയ കഥ'.
ഇരുവരേയും കസ്റ്റഡിയിലെടുത്ത പോലീസ് വിശദമായ ചോദ്യം ചെയ്യലില്‍ ആ കഥ പൊളിച്ചു. കയ്യബദ്ധം പറ്റിയതെങ്കില്‍, കുട്ടിയെ പരമാവധി വേഗത്തില്‍ ഏതെങ്കിലും, ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം, കള്ളക്കഥ മെനഞ്ഞ് സംഭവം വഴി തിരിച്ച് വിടാൻ ശ്രമിച്ചത് വിഷയത്തെ കൂടുതല്‍ സങ്കീർണ്ണമാക്കി. തന്റെ മകനെ റഹീം മനപ്പൂർവ്വം കൊലപ്പെടുത്തിയതാണെന്ന് അനസിന്റെ പിതാവും, കുടുംബവും ഉറച്ച് വിശ്വസിച്ചു.
ഒരു നുണക്കഥ മെനഞ്ഞുണ്ടാക്കിയത് മൂലം സംശയത്തിന്റെ ആനുകൂല്യത്തിന് റഹീം അനർഹനായി. മാത്രമല്ല, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ട്, അപ്പോഴത്തെ ദേഷ്യത്തില്‍ മനപ്പൂർവ്വമാണ് കുട്ടിയുടെ ജീവൻരക്ഷാ ഉപകരണം തട്ടിമാറ്റിയതെന്ന പ്രോസിക്യൂഷൻ വാദത്തില്‍ കാമ്പുണ്ടെന്ന നിരീക്ഷണവും കോടതി നടത്തി.
ഒപ്പം സാഹചര്യത്തെളിവുകള്‍ റഹീമിന് പ്രതികൂലവുമായിരുന്നു. കോടതി മുമ്പാകെ അയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. ശരീഅത്ത് കോടതി അയാള്‍ക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു. റഹീമിന്റെ ബന്ധു നസീർ പിന്നീട് കേസ്സില്‍ മാപ്പുസാക്ഷിയായി. നീണ്ട കാലത്തെ ജയില്‍ ശിക്ഷയ്ക്ക് ശേഷം അയാള്‍ നാട്ടില്‍ തിരിച്ചെത്തി.
അനന്തമായി നീണ്ടുപോയ വധശിക്ഷ
2006-ല്‍ നടന്ന സംഭവത്തില്‍, 2008-ല്‍ കേസ്സ് വിധി പ്രസ്താവിച്ചുവെങ്കിലും, വർഷങ്ങള്‍ പിന്നിട്ടിട്ടും, സൗദി ഭരണകൂടം വധശിക്ഷ നടപ്പിലാക്കിയില്ല. നീണ്ടകാലത്തെ ജയില്‍ വാസത്തിനിടയ്ക്ക് സാധ്യമായ വേളയിലെല്ലാം വധശിക്ഷയ്‌ക്കെതിരെ വിചാരണ കോടതിയിലും, മേല്‍ക്കോടതിയിലും, മറ്റുമായി റഹീം പല തവണ അപ്പില്‍ സമർപ്പിച്ചുവെങ്കിലും, അതൊന്നും പരിഗണിയ്ക്കപ്പെട്ടതുമില്ല.
ഇതിനിടെ കൊല്ലപ്പെട്ട ബാലന്റെ പിതാവ് അബ്ദുറഹ്മാൻ-അല്‍ ഷഹരി മരണപ്പെട്ടതോടെ, വിഷയത്തില്‍ കൂടുതല്‍ സങ്കീർണ്ണതയുണ്ടായി. 'റഹീമിന് വധശിക്ഷ ലഭിച്ചെങ്കിലേ നീതിയാവൂ' എന്ന നിലപാടില്‍ കുട്ടിയുടെ മാതാവും, സഹോദരിമാരും ഉറച്ച് നിന്നു. 'നഷ്ടപരിഹാരം സ്വീകരിച്ച് റഹീമിന് മോചനം നല്‍കിക്കൂടേ' എന്ന് അപ്പീല്‍ കോടതിയുടെ ആവർത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് തീർത്തും നിഷേധ നിലപാടിലായിരുന്നു മരണപ്പെട്ട കുട്ടിയുടെ കുടുംബം.
ഒടുവില്‍, റഹീമിന് ഒരിക്കലും സാധിക്കാത്ത വലിയൊരു തുക അതായത് ഒന്നരക്കോടി സൗദി റിയാല്‍ (34 കോടി ഇന്ത്യൻ രൂപ) അവരാവശ്യപ്പെടുകയായിരുന്നു. സാമാന്യം ധനാഢ്യരായ അറബി കുടുംബം ''പണക്കൊതി'' കൊണ്ടല്ല ഭീമൻതുക ആവശ്യപ്പെട്ടത്. പണം നല്‍കാൻ കഴിയാതെ വരുമ്പോള്‍ വധശിക്ഷ ഇനിയും നീട്ടിക്കൊണ്ട് പോകാനാകില്ലെന്നാണവർ കണക്ക് കൂട്ടിയതും.
ഒരാളുടെ കയ്യബദ്ധം മൂലം സംഭവിക്കുന്നതും, അപകടങ്ങളില്‍ സംഭവിക്കുന്നതുമായ മരണങ്ങള്‍ക്ക് ഇസ്ലാമിക ശരീഅത്ത് നിയമ പ്രകാരം കുറ്റാരോപിതർക്ക് വധശിക്ഷ നല്‍കില്ല. അതേസമയം ഈ രണ്ട് വിഷയങ്ങളിലും ജയില്‍ ശിക്ഷ ലഭിക്കുകയും ചെയ്യും. നിയമത്തിന്റെ സാധ്യമായ എല്ലാ വഴികളും, ലഭ്യമായ തെളിവുകള്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് തലനാരിഴ കീറി പരിശോധന നടത്തിയ ശേഷം, കുറ്റവാളിയെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് ശരീഅത്ത് കോടതി വധശിക്ഷ വിധിക്കുക.
കൊലയാളികള്‍ക്ക് നിശ്ചിത കാലയളവിലുള്ള ജയില്‍ ശിക്ഷയും ഉറപ്പാണ്. അതേസമയം പ്രതിക്ക് വധശിക്ഷ നല്‍കുന്ന കാര്യത്തില്‍, നഷ്ടപരിഹാരം സ്വീകരിക്കാൻ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ തയ്യാറാകുന്ന പക്ഷം, പ്രതിയുടെ ജീവൻ രക്ഷപ്പെടുകയും ചെയ്യും. നഷ്ടപരിഹാരം ഒന്നും സ്വീകരിക്കാതെ ബന്ധുക്കള്‍ മാപ്പുനല്‍കി പ്രതിയെ വെറുതെ വിടുന്ന സംഭവങ്ങളും ഏറെയുണ്ട്.
സ്വദേശി ആയാലും, വിദേശി ആയാലും ഈ നിയമം എല്ലാവർക്കും ഒരു പോലെ ബാധകവുമാണ്. കൊല്ലപ്പെട്ട ബാലന്റെ ബന്ധുക്കള്‍ കൊലയാളിയില്‍ നിന്ന് 'ബ്ലഡ്മണി' സ്വീകരിക്കാൻ തയ്യാറായതോടെയാണ് റഹീം വിഷയത്തില്‍ പ്രതീക്ഷയുണ്ടായതും. കേവലം ദിവസങ്ങള്‍ കൊണ്ട് മാത്രം 47.87 കോടി രൂപ സ്വരൂപിച്ച് അത്യാത്ഭുതം സൃഷ്ടിച്ച മലയാള മനസ്സിന്റെ നൻമയും, ഒരുമയും അത്ഭുതപ്പെടുത്തുന്ന ചരിത്ര വസ്തുത തന്നെയാണ്. ഈ പണം നല്‍കിയാണ് റഹീം കൊലവാളില്‍ നിന്ന് മോചിതനാകുന്നതും, 2026 മെയ് 28-ന് നാട്ടിലെത്തിയതും.
റഹീം ലോകത്തോട്, വിശിഷ്യാ മലയാളി മനസ്സുകളോട്, താൻ ചെയ്ത തെറ്റിന് മാപ്പുപറയാൻ ബാധ്യസ്ഥമാണെന്ന് പലരും ആണയിട്ട് പറയുന്നു. അതിന് തുനിയാതെ അയാളിപ്പോള്‍ ഒരുതരം 'ഹീറോ ചമഞ്ഞ് താരപരിവേഷത്തിലാണ് .' ഇതിനെതിരെയാണ് സോഷ്യല്‍ മീഡിയായിലും മറ്റുമായി ശക്തമായ പ്രതിഷേധമുയരുന്നത്.
വിദേശ ജയിലിലുള്ള ഇന്ത്യക്കാർ
കൊലപാതകം, മയക്കുമരുന്ന് കടത്ത്, ലഹരിവസ്തുക്കളുടെ വിപണനം, പല തരത്തിലുമുള്ള സാമ്പത്തിക തട്ടിപ്പുകള്‍, ലൈംഗിക അതിക്രമങ്ങള്‍, മത്സ്യത്തൊഴിലാളികളുടെ സമുദ്രാതിർത്തി ലംഘനം തുടങ്ങി വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ജയിലുകളില്‍ 6,000-ത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് ഔദ്യോഗിക ഭാഷ്യം.
ഇതില്‍ നൂറ് കണക്കിന് മലയാളികളുമുണ്ട്. ഗള്‍ഫ്‌നാടുകളില്‍ ചിലയിടത്ത് നിലനില്‍ക്കുന്ന 'ശരീഅത്ത് നിയമ'ത്തെ പഴിചാരിയാണ് പല കുറ്റവാളികളും നിരപാരാധി ആണെന്ന ഭാഷ്യം ചമയുന്നത്. പ്രതികളുടെ മൊഴിയും, സാക്ഷി മൊഴികളും, തൊണ്ടി പരിശോധനകള്‍ ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ അവലംബിച്ചും, നിയമത്തിന്റെ സാധ്യമായ എല്ലാ വഴികളും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് തലനാരിഴകീറി പരിശോധന നടത്തിയ ശേഷം, കുറ്റവാളി എന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് ശരീഅത്ത് കോടതി വധശിക്ഷ വിധിക്കുക.
ഗള്‍ഫ് നാടുകളിലെ ജയിലില്‍ കഴിയുന്നവരില്‍ പലരും തങ്ങള്‍ നിരപരാധികളാണെന്നാണ് അവകാശപ്പെടുന്നത്. ഇലക്‌ട്രോണിക് മീഡിയാകളുടെ സ്വാധീനം വർദ്ധിച്ചതോടെ ഇത്തരത്തിലുള്ള അവകാശ വാദം ശക്തിപ്പെട്ട് കൊണ്ടിരിക്കുകയാണ്. റഹീം വിഷയത്തിലും ഒരവകാശവാദം എന്ന മട്ടില്‍ തന്നെയാണ് അയാള്‍ നിരപരാധിയാണെന്ന സ്വരം ഉയർന്നതെന്നാണ് റിയാദിലെ മലയാളികള്‍ പറയുന്നത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.