ന്യൂഡൽഹി: ഇന്ത്യന്‍ സൈനികനിരയില്‍ സുപ്രധാനമായ നേതൃമാറ്റം. രാജ്യത്തിൻ്റെ പുതിയ സംയുക്ത സേനാ മേധാവിയായി ( ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ) ലെഫ്റ്റനൻ്റ് ജനറൽ എൻ എസ് രാജ സുബ്രഹ്മണിയെ കേന്ദ്ര സർക്കാർ നിയമിച്ചു.
വൈസ് അഡ്‌മിറൽ കൃഷ്‌ണ സ്വാമിനാഥനെ അടുത്ത ചീഫ് ഓഫ് നാവികസേനാ മേധാവിയായും നിയമിച്ചു. നിലവിലെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ 2026 മെയ് 30 ന് കാലാവധി പൂർത്തിയാക്കുന്ന സാഹചര്യത്തിലാണ് ജി സുബ്രഹ്മണി സിഡിഎസ് ആയി നിയമിക്കുന്നത്.നാവികസേനാ മേധാവി അഡ്‌മിറൽ ദിനേഷ് കുമാർ ത്രിപാഠി മെയ് 31-ന് വിരമിക്കുന്നതിനെ തുടർന്നാണ് കൃഷ്‌ണ സ്വാമിനാഥൻ നാവികസേനയുടെ തലപ്പത്തേക്ക് എത്തുന്നത്. ഇരുവരും മെയ് മാസം അവസാനത്തോടെ ചുമതല ഏറ്റെടുത്തേക്കും.
ലഫ്റ്റനൻ്റ് ജനറൽ എൻ എസ് രാജ സുബ്രഹ്മണി
ലഫ്റ്റനൻ്റ് ജനറൽ എൻഎസ് രാജ സുബ്രഹ്മണി സിഡിഎസ് പദവിക്ക് പുറമെ സൈനികകാര്യ വകുപ്പിൻ്റെ സെക്രട്ടറിയായും സേവനമനുഷ്‌ഠിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയ വ്യക്തമാക്കി. ചുമതലയേറ്റ തീയതി മുതൽ കൂടുതൽ ഉത്തരവുകൾ പ്രാബല്യത്തിൽ വരുമെന്നും പ്രതിരോധ വകുപ്പ് അറിയിച്ചു.ലഫ്റ്റനൻ്റ് ജനറൽ സുബ്രഹ്മണി നിലവിൽ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റിലെ സൈനിക ഉപദേഷ്‌ടാവാണ്. 2024 ജൂലൈ 01 മുതൽ 2025 ജൂലൈ 31 വരെ ആർമി സ്റ്റാഫിൻ്റെ വൈസ് ചീഫ് ആയിരുന്നു. 2023 മാർച്ച് മുതൽ 2024 ജൂൺ വരെ സെൻട്രൽ കമാൻഡിൻ്റെ ജനറൽ ഓഫിസർ കമാൻഡിങ് - ഇൻ - ചീഫ് ആയും സേവനമനുഷ്‌ഠിച്ചു.
നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്നും ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്നും ബിരുദം നേടിയ ജനറൽ ഓഫിസറാണ്. 1985 ഡിസംബർ 14 ന് ഗർവാൾ റൈഫിൾസിൻ്റെ 8-ാം ബറ്റാലിയനിൽ അദ്ദേഹം കമ്മിഷൻ ചെയ്യപ്പെട്ടു. ബ്രാക്നെൽ (യുകെ) ജോയിൻ്റ് സർവീസസ് കമാൻഡ് സ്റ്റാഫ് കോളജിലെയും ന്യൂഡൽഹിയിലെ നാഷണൽ ഡിഫൻസ് കോളജിലെയും പൂർവ വിദ്യാർഥിയാണ്. ലണ്ടനിലെ കിങ്സ് കോളജിൽ നിന്ന് ആർട്‌സ് ബിരുദാനന്തര ബിരുദവും മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡിഫൻസ് സ്റ്റഡീസിൽ എംഫിലും അദ്ദേഹം നേടിയിട്ടുണ്ട്.40 വർഷത്തിലേറെ നീണ്ട തൻ്റെ മഹത്തായ കരിയറിൽ, ലെഫ്റ്റനൻ്റ് ജനറൽ എൻ എസ് രാജ സുബ്രഹ്മണി നിരവധി ഓപ്പറേഷനുകളുടെ ഭാഗമായി പ്രവര്‍ത്തിച്ചു. ഓപ്പറേഷൻ റിനോയുടെ ഭാഗമായി അസമിലെ കൗണ്ടർ-ഇൻസർജൻസിയിൽ 16 ഗർവാൾ റൈഫിൾസിനെയും, ജമ്മു കശ്‌മീരിലെ 168 ഇൻഫൻട്രി ബ്രിഗേഡിനെയും, സെൻട്രൽ സെക്‌ടറിലെ 17 മൗണ്ടൻ ഡിവിഷനെയും കമാൻഡർ ചെയ്‌തിട്ടുണ്ട്. വെസ്റ്റേൺ ഫ്രണ്ടിലെ ഇന്ത്യൻ സൈന്യത്തിൻ്റെ പ്രീമിയർ സ്ട്രൈക്ക് കോർപ്‌സായ 'ടു കോർപ്‌സിനെ' കമാൻഡർ ചെയ്‌തതിന് അദ്ദേഹത്തിന് ബഹുമതി ലഭിച്ചു. രാജ്യത്തിന് വേണ്ടിയുള്ള അദ്ദേഹത്തിൻ്റെ വിശിഷ്‌ട സേവനത്തിന് പരം വിശിഷ്‌ട സേവാ മെഡൽ, അതി വിശിഷ്‌ട സേവാ മെഡൽ, സേന മെഡൽ, വിശിഷ്‌ട സേവാ മെഡൽ എന്നിവ നല്‍കി രാജ്യം ആദരിച്ചു.
ആരാണ് വൈസ് അഡ്‌മിറൽ കൃഷ്‌ണ സ്വാമിനാഥൻ
1987 ജൂലൈ ഒന്നിന് ഇന്ത്യൻ നാവികസേനയിൽ നിയമിതനായ വൈസ് അഡ്‌മിറൽ സ്വാമിനാഥൻ കമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക് വാർഫെയർ എന്നിവയിൽ ഒരു സ്പെഷ്യലിസ്റ്റാണ്. 2025 ജൂലൈ 31 ന് വെസ്റ്റേൺ നേവൽ കമാൻഡിൻ്റെ 34-ാമത് ഫ്ലാഗ് ഓഫീസർ കമാൻഡിങ് -ഇൻ - ചീഫായി വൈസ് അഡ്‌മിറൽ സ്വാമിനാഥൻ ചുമതലയേറ്റു. ഖഡക്വാസ്ലയിലെ നാഷണൽ ഡിഫൻസ് അക്കാദമി, ബ്രിട്ടനിലെ ശ്രീവൻഹാമിലെ ജോയിൻ്റ് സർവീസസ് കമാൻഡ് ആൻഡ് സ്റ്റാഫ് കോളജ്, കരഞ്ചയിലെ കോളജ് ഓഫ് നേവൽ വാർഫെയർ, റോഡ് ഐൽസ്ലാൻഡിലെ ന്യൂപോർട്ടിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് നേവൽ വാർ കോളജ് എന്നിവിടങ്ങളിലെ പൂർവ വിദ്യാർഥിയാണ്.പരം വിശിഷ്‌ട സേവാ മെഡൽ, അതി വിശിഷ്‌ട സേവാ മെഡൽ, വിശിഷ്‌ത് സേവാ മെഡൽ എന്നിവ നേടിയ അഡ്‌മിറലാണ്. തൻ്റെ നാവിക ജീവിതത്തിൽ നിരവധി പ്രധാന പ്രവർത്തന, സ്റ്റാഫ്, പരിശീലന നിയമനങ്ങൾ വഹിച്ച വ്യക്തിയാണ്. മിസൈൽ കപ്പലുകളായ ഐഎൻഎസ് വിദ്യുത്, വിനാഷ്, മിസൈൽ കോർവെറ്റ് ഐഎൻഎസ് കുലിഷ്, ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ ഐഎൻഎസ് മൈസൂർ, വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രമാദിത്യ എന്നിവയിലെ കമാന്‍ഡറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
റിയർ അഡ്‌മിറൽ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ശേഷം, കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡിലെ ആസ്ഥാനത്ത് ചീഫ് സ്റ്റാഫ് ഓഫിസറായി (പരിശീലനം) സേവനമനുഷ്‌ഠിച്ചു. ഇന്ത്യൻ നാവികസേനയിലുടനീളം പരിശീലന നടത്തിപ്പിൽ പ്രധാന പങ്കുവഹിച്ചു. ഇന്ത്യൻ നാവിക സുരക്ഷാ സംഘത്തെ വളർത്തുന്നതിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു. തുടർന്ന് നാവികസേനയുടെ വർക്ക് അപ്പ് ഓർഗനൈസേഷൻ്റെ തലവനായി അദ്ദേഹം മാറി. ശേഷം വെസ്റ്റേൺ ഫ്ലീറ്റിലെ ഫ്ലാഗ് ഓഫിസർ കമാൻഡിംഗായി നിയമിതനായി. സ്വോർഡ് ആമിൻ്റെ കമാൻഡിങിന് ശേഷം, ഇന്ത്യൻ സർക്കാരിൻ്റെ ഓഫ്‌ഷോർ ഡിഫൻസ് അഡ്വൈസറി ഗ്രൂപ്പായ ഫ്ലാഗ് ഓഫിസറായും ഓഫ്‌ഷോർ സെക്യൂരിറ്റി ആൻഡ് ഡിഫൻസിൻ്റെ ഉപദേഷ്‌ടാവായും നിയമിതനായതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
വൈസ് അഡ്‌മിറൽ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചപ്പോൾ, ഫ്ലാഗ് ഓഫിസർ വെസ്റ്റേൺ നേവൽ കമാൻഡിൻ്റെ ചീഫ് ഓഫ് സ്റ്റാഫ്, കൺട്രോളർ ഓഫ് പേഴ്‌സണൽ സർവിസസ്, എൻഎച്ച്ക്യുവിൽ ചീഫ് ഓഫ് പേഴ്‌സണൽ എന്നീ പദവികൾ വഹിച്ചു. നിലവിലെ നിയമനത്തിന് മുമ്പ്, അദ്ദേഹം നേവൽ ഹെഡ്ക്വാർട്ടേഴ്‌സിൽ വൈസ് ചീഫ് ഓഫ് നേവൽ സ്റ്റാഫ് ആയി സേവനമനുഷ്‌ഠിച്ചു.
ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ നിന്ന് അദ്ദേഹം ബിരുദം നേടി. കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ നിന്ന് ടെലികമ്മ്യൂണിക്കേഷനിൽ എംഎസ്‌സി, കൊച്ചി; ലണ്ടനിലെ കിങ്സ് കോളജിൽ നിന്ന് ഡിഫൻസ് സ്റ്റഡീസിൽ എംഎ, മുംബൈ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സ്ട്രാറ്റജിക് സ്റ്റഡീസിൽ എംഫിൽ, മുംബൈ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇൻ്റർനാഷണൽ സ്റ്റഡീസിൽ പിഎച്ച്ഡി എന്നിവ നേടി.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.