കാസർകോട്: ഭർതൃവീട്ടിൽ യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്.
ഫാത്തിമത്ത് സുഫൈദയുടെ ശരീരത്തിൽ വലിയ പഴക്കമില്ലാത്ത മർദനത്തിൻ്റെയും നഖം കൊണ്ടതിൻ്റെയും പാടുകളുണ്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മുഖത്തും കൈയിലുമാണ് രക്തം കല്ലിച്ച പാടുകൾ കണ്ടെത്തിയത്.കുടുംബത്തിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ വിദ്യാനഗർ പൊലീസ് ഭർത്താവ് ആദിലിനെ അറസ്റ്റ് ചെയ്തു. ആത്മഹത്യാപ്രേരണാക്കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയത്. പ്രതിപ്പട്ടികയിൽ ഭർതൃമാതാവിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
മരിച്ച ദിവസം ഇരുവരും തമ്മിൽ വഴക്കുണ്ടായതായി പ്രതി പൊലീസിനോട് സമ്മതിച്ചു. അന്ന് യുവതിയെ ക്രൂരമായി മർദിച്ചുവെന്നും ഇയാൾ പറഞ്ഞു. സ്വർണം ആവശ്യപ്പെട്ടുള്ള ഭർതൃവീട്ടുകാരുടെ നിരന്തര പീഡനമാണ് മരണകാരണമെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. ഈ ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് പൊലീസിൻ്റെ കണ്ടെത്തലുകൾ.
ഭർതൃവീട്ടുകാരുടെ മുന്നിൽ ആത്മഹത്യ
ശനിയാഴ്ച വൈകുന്നേരം മൂന്നു മണിയോടെ പാണലത്താണ് സംഭവം. ഭർതൃവീട്ടുകാരുടെ മുന്നിൽ വച്ചാണ് യുവതി ആസിഡ് കുടിച്ചത്. ചർലടുക്ക സ്വദേശി ഫാത്തിമത്ത് സുഫൈദ(24) ആണ് മരിച്ചത്. തിങ്കളാഴ്ച വിവാഹത്തിൻ്റെ ഒന്നാം വാർഷികം ആഘോഷിക്കാനിരിക്കെയാണ് ദാരുണാന്ത്യം.
കഴിഞ്ഞ ദിവസവും സ്വർണത്തെച്ചൊല്ലി ഭർതൃവീട്ടിൽ വലിയ തർക്കമുണ്ടായി. അന്ന് സുഫൈദയെ ഭർത്താവ് അതിക്രൂരമായി മർദിച്ചു. വിവരം പുറത്തറിയിക്കാതിരിക്കാൻ മൊബൈൽ ഫോൺ എറിഞ്ഞു പൊട്ടിച്ചതായും ബന്ധുക്കൾ ആരോപിച്ചു.
പ്രണയവിവാഹമായിരുന്നു ഇരുവരുടേതും. വിവാഹത്തിൻ്റെ ആദ്യ നാളുകളിൽ തന്നെ ഭർതൃവീട്ടുകാർ മാനസികമായി പീഡിപ്പിച്ചിരുന്നു. പിന്നീട് ശാരീരിക ഉപദ്രവവും പതിവായി. ക്രമേണ ഉപദ്രവം വർധിച്ചുവെന്ന് സുഫൈദയുടെ ബന്ധുവായ അബ്ദുല്ല പൊലീസിന് മൊഴി നൽകി. വീട്ടിൽ നടന്ന പ്രശ്നങ്ങൾ സുഫൈദ മരണം നടക്കുന്നതിന് മുൻപ് അമ്മയെ വിളിച്ച് പറഞ്ഞിരുന്നു. മകളുടെ വിഷമം സഹിക്കാനാവാതെ വിവരങ്ങൾ ചോദിക്കാനെത്തിയ അമ്മയെയും ആദിൽ അടിക്കാൻ ശ്രമിച്ചു. ഭർത്താവും വീട്ടുകാരും ചേർന്ന് യുവതിയെ മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചു.
ഉപദ്രവം സഹിക്കാതെ വന്നപ്പോൾ സമീപത്തെ വീട്ടിൽ നിന്ന് ഫോൺ വാങ്ങിയാണ് സ്വന്തം വീട്ടിൽ വിവരമറിയിച്ചത്. തുടർന്ന് സുഫൈദയെ വീട്ടുകാർ തിരികെ കൊണ്ടുവരാൻ ശ്രമിച്ചു. എന്നാൽ ആദിലും കുടുംബവും ഇതിന് അനുവദിച്ചില്ല. കാർ ഉൾപ്പെടെയുള്ള കൂടുതൽ സൗകര്യങ്ങളും സ്വർണവും നൽകിയാൽ മാത്രമേ പ്രശ്നങ്ങൾ അവസാനിപ്പിക്കുകയുള്ളൂ എന്നായിരുന്നു ഭർതൃവീട്ടുകാരുടെ നിലപാട്. ഇതിന് ശേഷമാണ് സുഫൈദ ആസിഡ് കുടിച്ച് ജീവനൊടുക്കിയത്. ആശുപത്രിയിൽ എത്തിക്കുന്നതിൽ പോലും ഭർതൃവീട്ടുകാർ ഗുരുതരമായ വീഴ്ച വരുത്തിയെന്നും ആക്ഷേപമുണ്ട്.
വിവരമറിഞ്ഞ് സുഫൈദയുടെ കുടുംബം എത്തുമ്പോഴേക്കും യുവതിയുടെ നില അതീവ ഗുരുതരമായിരുന്നു. തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണം കൊലപാതകത്തിന് തുല്യമാണെന്നും എല്ലാ പ്രതികൾക്കെതിരെയും കർശന നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. ദാരുണ മരണത്തിൽ ജനകീയ പ്രതിഷേധവും ശക്തമാകുന്നുണ്ട്. യുവതിയുടെ മരണത്തിൽ വനിത കമ്മിഷൻ സ്വമേധയാ കേസെടുത്തു. കാസർകോട് ജില്ല പൊലീസ് മേധാവിയോട് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷൻ അധ്യക്ഷ നിർദേശിച്ചു.
ഗാർഹിക പീഡനം, സ്ത്രീധന നിരോധന നിയമം എന്നീ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്താൻ സാധ്യതയുണ്ട്. ആദിലിൻ്റെ അമ്മയെ ഉടൻ ചോദ്യം ചെയ്യുമെന്ന് വിദ്യാനഗർ പൊലീസ് വ്യക്തമാക്കി. പ്രദേശവാസികളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചു. കേസിൽ കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന. കാസർകോട് ആർഡിഒയുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. കാസർകോട് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.