കഠ്മണ്ഡു: ത്രിഭുവൻ രാജ്യന്തര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ ടർക്കിഷ് എയർലൈൻസ് വിമാനത്തിന്റെ ടയറുകൾക്ക് തീപിടിച്ചു. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും ക്രൂ അംഗങ്ങളെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി പൊലീസ് പറഞ്ഞു.
ഇസ്താംബുളിൽനിന്ന് കഠ്മണ്ഡുവിൽ ഇറങ്ങിയ വിമാനത്തിന്റെ വലതുവശത്തെ ടയറുകൾക്കാണ് ലാൻഡിങിനിടെ തീപിടിച്ചത്. തീ നിയന്ത്രണവിധേയമാക്കിയെന്നും എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചെന്നും വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയുള്ള എസ്പി രാജ്കുമാർ സിലാവൽ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
വിമാനത്തിൽ 278 യാത്രക്കാരും 11 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരിൽ ചില ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. വിമാനത്തിന്റെ വലതുവശത്തെ ലാൻഡിങ് ഗിയറിൽനിന്ന് തീയും ചാരനിറത്തിലുള്ള പുകയും ഉയരുന്നത് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോകളിൽ കാണാം. അടിയന്തര വാതിലുകൾ വഴിയാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.
വിമാനത്താവള അധികൃതരോ വിമാന കമ്പനിയോ ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല. ടർക്കിഷ് എയർലൈൻസിന് ത്രിഭുവൻ വിമാനത്താവളത്തിൽ സമാനമായ അനുഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. 2015ൽ എയർബസ് എ330 വിമാനം ലാൻഡിങിനിടെ നിയന്ത്രണം വിട്ട് റൺവേയിൽ നിന്നു തെന്നിമാറിയിരുന്നു.
കനത്ത മൂടൽമഞ്ഞ് കാരണം പൈലറ്റിന് റൺവേ കൃത്യമായി കാണാൻ കഴിയാതിരുന്നതാണ് അപകടത്തിന് കാരണമായത്. ആർക്കും പരുക്കേറ്റില്ല. അന്ന് വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചിടേണ്ടി വന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.