ന്യൂഡൽഹി: ഇന്ത്യയിലെ ഗോത്രവർഗ സമൂഹങ്ങളുടെ തനിമയും ആചാരങ്ങളും സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുനൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിർദ്ദിഷ്ട ഏകീകൃത സിവിൽ കോഡ് (UCC) ആദിവാസി വിഭാഗങ്ങളെ ഒരു വിധത്തിലും ബാധിക്കില്ലെന്നും അവരെ ഈ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
'ആഭ്യന്തര മന്ത്രി എന്ന നിലയിൽ, ഏക സിവിൽ കോഡിന്റെ ഒരു വ്യവസ്ഥയും ഗോത്രവർഗ സമൂഹങ്ങളുടെ മേൽ അടിച്ചേൽപ്പിക്കില്ലെന്ന് ഞാൻ ഉറപ്പ് നൽകുന്നു. അത് ഒരു ഗോത്രവർഗ അവകാശത്തെയും ലംഘിക്കില്ല.' അദ്ദേഹം പറഞ്ഞു. ഏക സിവിൽ കോഡ് നടപ്പിലാക്കുമ്പോൾ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഗോത്രവർഗക്കാർക്കായി സുരക്ഷാ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഷാ പറഞ്ഞു. ഈ നിയമത്തെ ഭയപ്പെടരുതെന്ന് അദ്ദേഹം ഗോത്രവർഗ വിഭാഗങ്ങളോട് അഭ്യർത്ഥിച്ചു. നാട്ടിൽനിന്നു നക്‌സലിസം തുടച്ചുനീക്കിയതും ആദിവാസി ക്ഷേമത്തിനായി ബജറ്റ് വിഹിതം വർധിപ്പിച്ചതും ഉൾപ്പെടെയുള്ള സർക്കാരിന്റെ നേട്ടങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. ഗോത്രസംസ്‌കാരം സംരക്ഷിക്കുന്നതിനോടൊപ്പം അവരുടെ സാമൂഹിക വികസനത്തിന് മുൻഗണന നൽകുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇനി ഗോത്രവർഗ മേഖലകളിലും മലനിരകളിലും വനങ്ങളിലും ദ്രുതഗതിയിലുള്ള വികസനത്തിനുള്ള സമയമായിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുമ്പ് 28,000 കോടി രൂപയായിരുന്ന ഗോത്രവർഗ ക്ഷേമ ബജറ്റ് 1.5 ലക്ഷം കോടി രൂപയായി വർധിപ്പിച്ചതും മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ഒരു പ്രത്യേക ഗോത്രകാര്യ മന്ത്രാലയം രൂപീകരിച്ച കാര്യം അദ്ദേഹം സ്മരിച്ചു. ദ്രൗപതി മുർമുവിനെ രാഷ്ട്രപതിയായി തിരഞ്ഞെടുത്തത് പരമോന്നത ഭരണഘടനാ തലത്തിൽ ഗോത്രവർഗ സമൂഹത്തിന് അഭിമാനവും പ്രാതിനിധ്യവും നൽകിയെന്നും ഷാ പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച് 76 വർഷത്തിനിടെ ഒരു ഗോത്രവർഗക്കാരനും രാജ്യത്തിന്റെ പരമോന്നത പദവിയിൽ ഇരുന്നിട്ടില്ലെന്നും പാവപ്പെട്ട ഒരു ഗോത്രവർഗ കുടുംബത്തിൽ നിന്നുള്ള ഒരു സ്ത്രീയെ ഈ പദവിയിലേക്ക് ഉയർത്തിയത് മുഴുവൻ ഗോത്രവർഗ സമൂഹത്തിനും ബഹുമതി നൽകിയെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഒഡീഷയിലും ഛത്തീസ്ഗഢിലും ഗോത്രവർഗക്കാരായ മുഖ്യമന്ത്രിമാരുള്ളത് സർക്കാരിന്റെ പ്രതിബദ്ധതയെയാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടി ഗോത്രവർഗക്കാർക്കായി സംവരണം ചെയ്ത 16 സീറ്റുകളിലും വിജയിച്ചതായി അദ്ദേഹം പറഞ്ഞു. പ്രസംഗത്തിനിടെ, ഈ സംഗമത്തെ 'ഗോത്രസമൂഹത്തിന്റെ മഹാകുംഭം' എന്ന് വിശേഷിപ്പിച്ച ഷാ, ഗോത്രവർഗ സ്വത്വവും സംസ്‌കാരവും സംരക്ഷിക്കുന്നതിനുള്ള ഒരു വലിയ പ്രസ്ഥാനമായി ഇത് വർഷങ്ങളോളം സ്മരിക്കപ്പെടുമെന്നും അഭിപ്രായപ്പെട്ടു. ഗോത്രസമൂഹം ലോകത്തിന് തന്നെ സുസ്ഥിരമായ ഒരു മാതൃകയാണെന്ന് ഷാ പറഞ്ഞു.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.