തിരൂർ: ടിക്കറ്റിനത്തിലെ വരുമാനക്കണക്കിൽ മുന്നോട്ടു കുതിക്കുകയാണ് ജില്ലയിലെ റെയിൽവേ സ്റ്റേഷനുകൾ. കൂട്ടത്തിലെ തിരൂർ റെയിൽവേ സ്റ്റേഷനാണ് ഏറെ മുന്നിൽ. ഒരു വർഷംകൊണ്ട് തിരൂരിലെ വരുമാനത്തിലുണ്ടായത് 7 കോടിയിലേറെ രൂപയുടെ വർധനയാണ്.
2025–26 സാമ്പത്തിക വർഷത്തിൽ തിരൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് 39,03,83,274 രൂപയുടെ വരുമാനമാണ് ടിക്കറ്റ് ഇനത്തിൽ റെയിൽവേക്കു ലഭിച്ചത്. 2024–25 സാമ്പത്തിക വർഷത്തിൽ 31,91,13,961 രൂപ ആയിരുന്ന സ്ഥാനത്താണിത്. ജില്ലയിലെ ഏറ്റവും വരുമാനമുള്ള റെയിൽവേ സ്റ്റേഷനും തിരൂരാണ്. സംസ്ഥാനത്ത് തിരൂരിന് 18–ാം സ്ഥാനമാണ്.
വരുമാനത്തിൽ ജില്ലയിൽ രണ്ടാമതുള്ള കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ 3 കോടി രൂപയുടെ വരുമാന വർധനയാണ് ഉണ്ടായിരിക്കുന്നത്. 15,68,52,503 രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷം ലഭിച്ചത്. മൂന്നാം സ്ഥാനത്തുള്ള പരപ്പനങ്ങാടിയിൽനിന്ന് 11,45,13,059 രൂപയുടെ വരുമാനമാണുള്ളത്.
രണ്ടേമുക്കാൽ കോടിയോളം രൂപയുടെ വർധനയുണ്ട്. നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് 9,09,11,249 കോടി രൂപയുടെ വരുമാനമുണ്ടായി. 1.8 കോടി രൂപയുടെ വർധന. അങ്ങാടിപ്പുറത്ത് 5,34,40,836 രൂപയുടെ വരുമാനം ലഭിച്ചു. 32 ലക്ഷത്തിലേറെ രൂപയുടെ വർധന.
ജില്ലയിൽനിന്നുള്ള ഈ 5 സ്റ്റേഷനുകളും റെയിൽവേക്ക് ഏറ്റവുമധികം വരുമാനം നൽകുന്ന സംസ്ഥാനത്തെ ആദ്യ 45 സ്റ്റേഷനുകളുടെ പട്ടികയിലുണ്ട്. സംസ്ഥാനത്ത് 319 കോടി രൂപയിലേറെ വരുമാനം നൽകിയ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനാണ് പട്ടികയിൽ ഒന്നാമത്. പാലക്കാട് ഡിവിഷനിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനാണ് ഏറ്റവുമധികം വരുമാനം നൽകുന്നത്. 218 കോടി രൂപയിലേറെയാണ് ഇവിടെ നിന്നുള്ള വരുമാനം. പത്തനംതിട്ടയിലെ ഇലവുംതിട്ട സ്വദേശി നിഖിൽ.എസ്.ആനന്ദിന് വിവരാവകാശ നിയമം വഴി റെയിൽവേ നൽകിയ വിവരങ്ങളാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.