ന്യൂഡൽഹി: 2026-ലെ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാമെന്ന ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ മോഹങ്ങൾക്ക് തിരിച്ചടി. ഏഷ്യൻ ഗെയിംസ് യോഗ്യതാ മത്സരത്തിൽ വിനേഷ് പരാജയപ്പെട്ടു. വനിതകളുടെ 53 കിലോഗ്രാം വിഭാഗം സെമി ഫൈനലിൽ ഹരിയാണയുടെ മീനാക്ഷി ഗോയറ്റിനോടായിരുന്നു തോൽവി (4-6). തോൽവിയോടെ വിനേഷിന് ഏഷ്യൻ ഗെയിംസിലേക്കുള്ള യോഗ്യത നഷ്ടമായി.
ഇന്ദിരാഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഈ ട്രയൽസ് കടുത്ത തർക്കങ്ങൾക്കും നാടകീയമായ സംഭവങ്ങൾക്കുമാണ് സാക്ഷ്യം വഹിച്ചത്. സുപ്രീം കോടതിവരെ കേസിനു പോയാണ് വിനേഷ് ഏഷ്യൻ ഗെയിംസ് യോഗ്യതാ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അനുമതി നേടിയെടുത്തത്. മത്സരത്തിന് മുന്നോടിയായി ഭാരപരിധിയെച്ചൊല്ലി ഫെഡറേഷനുമായി തർക്കമുണ്ടായെങ്കിലും കോടതി ഇടപെടലിലൂടെയാണ് വിനേഷിന് പങ്കെടുക്കാൻ സാധിച്ചത്.
ടൂർണമെന്റിലുടനീളം പരിശീലകരുടെ ഭാഗത്തുനിന്നുള്ള പ്രതിഷേധങ്ങളും സാങ്കേതിക തടസ്സങ്ങളും ഉണ്ടായിരുന്നു. തന്റെ കഴിഞ്ഞ നാല് അന്താരാഷ്ട്ര മത്സരങ്ങളിലും (പാരീസ് ഒളിമ്പിക്‌സ് ഉൾപ്പെടെ) 50 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ചതിനാൽ, വിനേഷിനെ 50 കിലോഗ്രാം വിഭാഗത്തിൽ മാത്രമേ മത്സരിക്കാൻ അനുവദിക്കൂ എന്ന് റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ ആദ്യം അറിയിച്ചിരുന്നു. എന്നാൽ, ഇത് വിവേചനമാണെന്ന് വിനേഷ് ആരോപിച്ചു.
ഒടുവിൽ 53.9 കിലോഗ്രാം ഭാരമുണ്ടായിരുന്ന വിനേഷിനെ 53 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കാൻ റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് സഞ്ജയ് സിങ് അനുവദിക്കുകയായിരുന്നു. വിനേഷിനെ ഒരു ഐക്കൺ പ്ലെയറായി പരിഗണിക്കാനും ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ അനുവദിക്കാനും ഡൽഹി ഹൈക്കോടതി ഡബ്ല്യുഎഫ്‌ഐയോട് നിർദേശിച്ചിരുന്നു. നേരത്തേ ക്വാർട്ടർ ഫൈനലിൽ ഹരിയാണയുടെ നിഷുവിനെതിരേ കടുത്ത മത്സരമാണ് വിനേഷ് നേരിട്ടത്.
ആദ്യ പകുതിയിൽ 0-5 എന്ന സ്‌കോറിന് പിന്നിലായിരുന്ന വിനേഷ് പിന്നീട് ശക്തമായി തിരിച്ചുവന്നു. സാങ്കേതിക തകരാറുകൾ മൂലമുണ്ടായ തടസങ്ങൾ വിനേഷിന് അനുകൂലമായി മാറുകയും മത്സരം 6-6 എന്ന സ്‌കോറിൽ അവസാനിക്കുകയും ചെയ്തു. പിന്നീട് വിനേഷിനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു. നിഷുവിന്റെ കോച്ച് തീരുമാനത്തെ ചോദ്യം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് നിഷു, വിനേഷിന് ഹസ്തദാനം നൽകാൻ വിസമ്മതിച്ച് കരഞ്ഞുകൊണ്ടാണ് കളം വിട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.