കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ജൂണ്‍ ഒന്നു മുതല്‍ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കാൻ പുതിയ സർക്കാർ തീരുമാനിച്ചു.
കേന്ദ്ര സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത്, സ്ത്രീകള്‍ക്ക് സർക്കാർ ബസുകളില്‍ സൗജന്യ യാത്ര, ബിജെപിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായ അന്നപൂർണ ഭണ്ഡാർ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. നിലവിലുള്ള ഒരു സാമൂഹിക ക്ഷേമ പദ്ധതികളും നിർത്തലാക്കില്ലെന്ന് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സർക്കാർ അറിയിച്ചു.സ്ത്രീകള്‍ക്ക് സൗജന്യ യാത്ര
യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് സർക്കാർ ഉടമസ്ഥതയിലുള്ള ബസുകളില്‍ ഇനി മുതല്‍ സൗജന്യമായി യാത്ര ചെയ്യാം. വിദ്യാർത്ഥികള്‍ക്കും ജോലിക്ക് പോകുന്ന സ്ത്രീകള്‍ക്കും ഈ തീരുമാനം വലിയ ആശ്വാസമാകും. ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഈ പദ്ധതിയിലൂടെ ലക്ഷക്കണക്കിന് സ്ത്രീ യാത്രക്കാർക്ക് സാമ്പത്തിക ലാഭം ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അന്നപൂർണ ഭണ്ഡാർ
ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലെ പ്രധാന വാഗ്ദാനമായിരുന്ന അന്നപൂർണ ഭണ്ഡാർ പദ്ധതി അടുത്ത മാസം മുതല്‍ യാഥാർത്ഥ്യമാകും. പദ്ധതി പ്രകാരം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് പ്രതിമാസം 3,000 രൂപ വീതം നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് നല്‍കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായാണ് ഈ ധനസഹായം വിഭാവനം ചെയ്തിരിക്കുന്നതെന്ന് പുതിയ സർക്കാർ അറിയിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ് സർക്കാരിന്റെ 'ലക്ഷ്മിർ ഭണ്ഡാർ' പദ്ധതിക്ക് പകരമായാണ് ബിജെപി ഈ പദ്ധതി മുന്നോട്ട് വെച്ചത്. നിലവില്‍ ലക്ഷ്മിർ ഭണ്ഡാർ പദ്ധതിയിലൂടെ സ്ത്രീകള്‍ക്ക് ലഭിച്ചിരുന്ന 1,500 രൂപയുടെ ഇരട്ടി തുകയായ 3,000 രൂപ നല്‍കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് വാഗ്ദാനം. പദ്ധതിയുടെ സാങ്കേതിക വശങ്ങള്‍ ക്രമീകരിച്ചു വരികയാണെങ്കിലും ജൂണ്‍ ഒന്നിന് തന്നെ ഇത് തുടങ്ങുമെന്നാണ് അറിയിപ്പ്.ആയുഷ്മാൻ ഭാരത്
സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ വലിയ മാറ്റം ലക്ഷ്യമിട്ടാണ് കേന്ദ്ര പദ്ധതിയായ ആയുഷ്മാൻ ഭാരത് ജൂണ്‍ ഒന്നു മുതല്‍ പശ്ചിമ ബംഗാളില്‍ നടപ്പിലാക്കുന്നത്. നരേന്ദ്ര മോദി സർക്കാരിന്റെ ഏറ്റവും വലിയ ആരോഗ്യ പദ്ധതികളിലൊന്നായ ഇത് അർഹരായ കുടുംബങ്ങള്‍ക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നു. നിലവിലെ ചികിത്സാ സൗകര്യങ്ങള്‍ക്കൊപ്പം ആയുഷ്മാൻ ഭാരത് കൂടി എത്തുന്നതോടെ സാധാരണക്കാർക്ക് മികച്ച വൈദ്യസഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ.
പുതിയ ക്ഷേമ പദ്ധതികള്‍ അവതരിപ്പിക്കുമ്പോഴും സംസ്ഥാനത്ത് നിലവിലുള്ള മറ്റ് ആനുകൂല്യങ്ങളോ ക്ഷേമ പരിപാടികളോ നിർത്തിവെക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് കൈത്താങ്ങാവുകയാണ് ലക്ഷ്യമെന്ന് സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.