പുതുക്കോട്ട: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) ഭാരവാഹി സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റില്‍.
പുതുക്കോട്ട സെൻട്രല്‍ ഡിസ്ട്രിക്‌ട് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ശരവണനെയാണ് ജില്ലാ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റുചെയ്തത്.
സംസ്ഥാനത്തെ പുതിയ രാഷ്ട്രീയ സാഹചര്യം മുതലെടുത്ത് ഭരണകക്ഷിയിലെ സ്വാധീനം ഉപയോഗിച്ച് ഇയാള്‍ കേസില്‍ നിന്ന് രക്ഷപ്പെടുമെന്ന് ഭയന്ന് നിക്ഷേപകർ പുതുക്കോട്ട എസ്പിക്ക് പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ നിരവധി പരാതികള്‍ ലഭിച്ചതോടെ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കി.
മറ്റൊരു സംസ്ഥാനത്ത് ഒളിവില്‍ കഴിയുകയായിരുന്ന ശരവണനെ പൊലീസ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് ഇയാളെ പുതുക്കോട്ടയിലെത്തിച്ചു. അറസ്റ്റ് അറിഞ്ഞ് നൂറിലധികം നിക്ഷേപകർ എസ്പി ഓഫീസിന് മുന്നില്‍ തടിച്ചുകൂടി പ്രതിഷേധിച്ചു.
ശരവണനെ തങ്ങള്‍ക്ക് വിട്ടുതരണമെന്നും തങ്ങള്‍ തന്നെ കാര്യങ്ങള്‍ തീരുമാനിച്ചുകൊള്ളാമെന്നും പറഞ്ഞ് പ്രതിഷേധക്കാർ ബഹളം വച്ചു. തുടർന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടാണ് പ്രതിഷേധക്കാരെ ശാന്തരാക്കിയത്. ശരവണനെതിരെ കേസെടുത്തെന്നും കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങുമെന്നും പൊലീസ് അറിയിച്ചു. പണം തിരിച്ചുപിടിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്.വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് പാർട്ടിക്കുള്ളില്‍ നിന്നുള്ള അറസ്റ്റ് എന്നതും ശ്രദ്ധേയമാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുകയും ചെറുകക്ഷികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കുകയും ചെയ്തിരുന്നു.
തമിഴ് രാഷ്ട്രീയത്തിലെ ഡിഎംകെ-എഐഎഡിഎംകെ ആധിപത്യത്തിന് അറുതി വരുത്തിയ വിജയത്തിന് പിന്നാലെ പാർട്ടിക്കുണ്ടായ തിരിച്ചടി നേതൃത്വത്തെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.