കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഫാള്‍ട്ട നിയോജക മണ്ഡലത്തില്‍ റീപോളിങ് നടക്കാനിരിക്കെ നാമനിർദേശ പത്രിക പിൻവലിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർഥി.
വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെ ടിഎംസിയുടെ ജഹാംഗീർ ഖാൻ ആണ് പത്രിക പിൻവലിച്ചത്. ഫാള്‍ട്ടയില്‍ കൂടുതല്‍ വികസനം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മത്സരരംഗത്തുനിന്ന് പിന്മാറുന്നതായി ജഹാംഗീർ ഖാൻ പ്രഖ്യാപിച്ചത്. അതേസമയം ജഹാംഗീർ ഖാൻ്റെ പിന്മാറ്റം ടിഎംസി നേതൃത്വം അറിഞ്ഞിട്ടില്ല.'ഞാൻ ഫാള്‍ട്ടയുടെ മകനാണ്. ഫാള്‍ട്ട മണ്ഡലത്തെ എനിക്ക് സമാധാനപരവും ആരോഗ്യപരവും മികച്ചതുമാക്കണം. ഫാള്‍ട്ടയില്‍ എനിക്ക് കൂടുതല്‍ കൂടുതല്‍ വികസനം വേണം. ഒരു സുവർണ ഫാള്‍ട്ട ആണ് എൻ്റെ സ്വപ്നം. അതിനുവേണ്ടിയാണ് നമ്മുടെ മുഖ്യമന്ത്രി ഫാള്‍ട്ടയുടെ വികസനത്തിന് വേണ്ടി ഒരു പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുന്നത്. അതുകാരണം ഉപതെരഞ്ഞെടുപ്പില്‍നിന്ന് ഞാൻ സ്വയം പിന്മാറുകയാണ്"- ജഹാംഗീർ ഖാൻ പറഞ്ഞു.
അതേസമയം പത്രിക പിൻവലിക്കാനുള്ള ജഹാംഗീർ ഖാൻ്റെ തീരുമാനം ടിഎംസിക്ക് തിരിച്ചടിയാണ്. ഫാള്‍ട്ടയില്‍ മത്സരിക്കാനില്ലെന്ന് ജഹാംഗീർ ഖാൻ തീരുമാനിച്ചതായി അറിഞ്ഞുവെന്ന് ടിഎംസി വക്താവ് അരുപ് ചക്രബർത്തി പ്രതികരിച്ചു. എന്നാല്‍ പത്രിക പിൻവലിക്കാനുള്ള കാരണം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.ഏപ്രില്‍ 29ന് ഫാള്‍ട്ട മണ്ഡലത്തില്‍ നടന്ന വോട്ടെടുപ്പില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് വോട്ടെടുപ്പ് നടപടികള്‍ റദ്ദാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിരുന്നത്. മണ്ഡലത്തിൻ്റെ പരിധിയിലുള്ള 285 പോളിങ് സ്റ്റേഷനുകളിലെയും വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ റദ്ദാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ മെയ് 21 വോട്ടെടുപ്പും 24ന് വോട്ടെണ്ണലും നടത്താൻ തീരുമാനിക്കുകയായിരുന്നു.
ബംഗാളിലെ സൗത്ത് പർഗാനാസ് ജില്ലയിലാണ് ഫാള്‍ട്ട മണ്ഡലം ഉള്‍പ്പെടുന്നത്. ടിഎംസി ദേശീയ ജനറല്‍ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജിയുടെ മണ്ഡലമായ ഡയമണ്ട് ഹാർബറിൻ്റെ പരിധിയില്‍ വരുന്ന നിയോജക മണ്ഡലം കൂടിയാണ് ഫാള്‍ട്ട. ബിജെപിക്കായി ദേബാങ്ഷു പാണ്ഡയും കോണ്‍ഗ്രസിനായി റസാഖ് മൊല്ലയും സിപിഎമ്മിനായി ശംഭു നാഥ് കുർമിയും ആണ് മത്സരരംഗത്തുള്ളത്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.