ന്യൂഡൽഹി ; വനിതാ സംവരണ നിയമ ഭേദഗതി കേവലം ഒരു നിയമനിർമാണ നടപടിയല്ലെന്നും, മറിച്ച് ഇന്ത്യയിലെ കോടിക്കണക്കിനു സ്ത്രീകളുടെ അഭിലാഷങ്ങളുടെ പ്രതിഫലനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഈ നീക്കത്തെ പിന്തുണയ്ക്കാൻ എല്ലാ എംപിമാരും ഒത്തുചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ വെബ്‌സൈറ്റായ narendramodi.inൽ പോസ്റ്റ് ചെയ്ത ലേഖനത്തിൽ, സ്ത്രീകൾ പുരോഗമിക്കുമ്പോഴാണ് സമൂഹം പുരോഗമിക്കുന്നത് എന്ന ഇന്ത്യയുടെ നാഗരിക മൂല്യങ്ങളുടെ സാക്ഷ്യപ്പെടുത്തലാണ് ഈ നീക്കമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും വനിതാ സംവരണത്തോടെ നടത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.രാജ്യം ഒരു ചരിത്ര നിമിഷത്തിന്റെ പടിവാതിൽക്കലാണെന്നും, ജനാധിപത്യത്തിന്റെ അടിത്തറ ആഴത്തിലാക്കാനും സമത്വത്തോടുള്ള പ്രതിബദ്ധത ഉറപ്പിക്കാനുമുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. വനിതാ സംവരണം നടപ്പിലാക്കുന്നതിനുള്ള സുപ്രധാന ബിൽ ചർച്ച ചെയ്യുന്നതിനായി ഏപ്രിൽ 16ന് പാർലമെന്റ് സമ്മേളിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നിലവിലെ വിവരങ്ങൾ പ്രകാരം ഏപ്രിൽ 16 മുതൽ 18 വരെ നടക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ‘നാരി ശക്തി വന്ദൻ അധിനിയം’ (വനിതാ സംവരണ നിയമം) ഭേദഗതി ചെയ്യും. ഇതോടെ 2029ലെ പൊതുതിരഞ്ഞെടുപ്പ് മുതൽ സംവരണം പ്രാബല്യത്തിൽ വരും. ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543 ൽ നിന്ന് 816 ആയി ഉയരും. ഇതിൽ 273 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യും. 2027ലെ സെൻസസിനു ശേഷം 2034ൽ നടപ്പിലാക്കേണ്ടിയിരുന്ന സംവരണം, 2011ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനർനിർണയം നടത്തി 2029ൽ തന്നെ നടപ്പിലാക്കാനാണ് ഭേദഗതി ലക്ഷ്യമിടുന്നത്.
ശാസ്ത്രം, സംരംഭകത്വം, കായികം, സായുധ സേന തുടങ്ങി എല്ലാ മേഖലകളിലും സ്ത്രീകൾ കൈവരിക്കുന്ന നേട്ടങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. ഭരണത്തിലും തീരുമാനങ്ങൾ എടുക്കുന്നതിലും സ്ത്രീകൾ എത്തുമ്പോൾ അത് ഭരണത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ജനാധിപത്യത്തിന്റെ ഗുണനിലവാരവും ഉൾക്കൊള്ളലും ശക്തിപ്പെടുത്തുന്നതിൽ വരുത്തുന്ന ഓരോ കാലതാമസവും സ്ത്രീകളുടെ പ്രാതിനിധ്യം വൈകിപ്പിക്കുന്നതിനു തുല്യമാണെന്നും നരേന്ദ്ര മോദി പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.