കണ്ണൂർ: കണ്ണൂരിൽ ദന്തൽ കോളജ് വിദ്യാർഥി മരിച്ച സംഭവത്തിൽ ലോൺ ആപ്പ് ഓപ്പറേറ്റർമാർക്കെതിരെ കേസെടുത്ത് സൈബർ പൊലീസ്.കോളജിലെ അസിസ്റ്റൻ്റ് പ്രൊഫസർ നൽകിയ പരാതിയെ തുടർന്ന്
ഇന്നലെ രാത്രിയാണ് കേസ് രജിസ്റ്റർ ചെയ്‌തത്. ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥിയായ നിതിൻ രാജ് ആർ എൽ ഒരു ഓൺലൈൻ ലോൺ ആപ്പ് വഴി എടുത്ത വായ്‌പ തിരിച്ചടയ്‌ക്കാത്തതിനെ തുടർന്ന് ആപ്പ് ഓപ്പറേറ്റർമാർ കോളജിലെ അസിസ്റ്റൻ്റ് പ്രൊഫസറെ ശല്യപ്പെടുത്താൻ തുടങ്ങിയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.ആപ്പിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിന് ഭീഷണി സന്ദേശങ്ങളും കോളുകളും ലഭിച്ച അസിസ്റ്റൻ്റ് പ്രൊഫസറിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തുന്നതിനുമായി നിതിൻ്റെ മൊബൈൽ ഫോൺ പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആപ്പ് ഓപ്പറേറ്റർമാർ എംഎംഎസ്, വാട്ട്‌സ്ആപ്പ് വഴി അധ്യാപികയുമായി ബന്ധപ്പെടുകയും തിരിച്ചടവ് സംബന്ധിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി എഫ്‌ഐആറിൽ പറയുന്നു.
നിയമവിരുദ്ധമായി അവരിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിച്ചതായും എഫ്‌ഐആറിൽ പറയുന്നുണ്ട്. സ്രോതസുകൾ പ്രകാരം, ഒരാൾ പണം തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ, ലോൺ ആപ്പ് ഓപ്പറേറ്റർമാർ അയാളുടെ/അവളുടെ ലഭ്യമായ എല്ലാ കോൺടാക്റ്റുകളിലേക്കും സന്ദേശങ്ങൾ അയയ്ക്കും.
അതേസമയം, നിതിൻ്റെ ഫോണിൽ നിന്ന് ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട ചാറ്റ് വിശദാംശങ്ങൾ അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. നിതിൻ 14,000 രൂപ വായ്‌പയെടുത്തിരുന്നുവെന്നും ലോൺ ആപ്പ് ഓപ്പറേറ്റർ 8,000 രൂപ ഉടൻ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു. എന്നാൽ കുടുംബം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നതിനാൽ, കുടിശ്ശിക തീർക്കാൻ ഏതാനും ആഴ്‌ചകൾ വേണമെന്ന് നിതിൻ ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു.ലോൺ ആപ്പ് ഓപ്പറേറ്റർമാരുടെ ഭീഷണിയുമായി നിതിൻ്റെ ആത്മഹത്യയ്ക്ക് ബന്ധമുണ്ടോ എന്ന് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ചക്കരക്കല്ലു പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിൽ അന്വേഷണസംഘം ഇന്ന് ഉച്ചയ്ക്ക് നിതിൻ്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരിയുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നാലംഗ സംഘം അവരുടെ മൊഴികൾ പ്രത്യേകം രേഖപ്പെടുത്തുകയും അവരിൽ നിന്ന് ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അമ്മയുടെ ചികിത്സയ്ക്കായി മകൻ ഒരു മൊബൈൽ ആപ്പിൽ നിന്ന് വായ്‌പ എടുത്തിട്ടുണ്ടെന്നും അടുത്തിടെയാണ് തിരിച്ചടവ് മുടങ്ങിയതെന്നും നിതിൻ്റെ പിതാവ് രാജൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ലോൺ ആപ്പിൽ നിന്ന് വന്ന കോളുകൾ കാരണം അധ്യാപകന് വിഷമമുണ്ടായിരുന്നെങ്കിൽ അവർ ഞങ്ങളെ അറിയിക്കണമായിരുന്നുവെന്നും കോളജിൽ നിന്ന് ഇത് വരെ ഒരു കോളും വന്നിട്ടില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ജാതിയുടേയും നിറത്തിൻ്റേയും പേരിൽ നിതിനെ രണ്ട് അധ്യാപകർ വൈകാരികമായി പീഡിപ്പിച്ചെന്ന കുടുംബത്തിൻ്റെ ആരോപണത്തെ തുടർന്ന് ദന്തൽ അനാട്ടമി വിഭാഗം മേധാവി എം കെ റാം, അസോസിയേറ്റ് പ്രൊഫസർ കെ ടി സംഗീത നമ്പ്യാർ എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്കും എസ്‌സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
ഇടപെട്ട് പട്ടികജാതി/പട്ടിക വർഗ കമ്മീഷൻ
കേരള പട്ടികജാതി/പട്ടിക വർഗ കമ്മീഷൻ ചെയർപേഴ്‌സൺ ശേഖരൻ മിനിയോടൻ നിതിൻ്റെ വീട് സന്ദർശിച്ച് കുടുംബവുമായി സംസാരിച്ചു. കമ്മിഷൻ കേസ് രജിസ്റ്റർ ചെയ്‌ത് പൊലീസിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു."സംഭവത്തെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തോടൊപ്പം ഞങ്ങൾ വിവരങ്ങൾ ശേഖരിക്കും. പ്രാഥമിക അന്വേഷണ റിപ്പോർട്ടിന് പുറമേ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഞങ്ങൾ പരിശോധിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.
മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, ലോൺ ആപ്പിനെക്കുറിച്ച് കമ്മീഷൻ മനസ്സിലാക്കിയിട്ടുണ്ടെന്നും മരണത്തിന് കാരണം ഇത് മാത്രമായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "10 ദിവസത്തിനുള്ളിൽ ഒരു പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ ഞങ്ങൾ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലഭ്യമെങ്കിൽ ഏതെങ്കിലും ഫോറൻസിക് റിപ്പോർട്ടുകളും പരിശോധിക്കും" അദ്ദേഹം പറഞ്ഞു. നേരത്തെ, കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്യുകയും പൊലീസിൽ നിന്ന് റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.