കൊച്ചി: ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴത്തുക പകുതിയായി കുറച്ച് തീർപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ് ‘അമ്നസ്റ്റി സ്കീം 2026’ അവതരിപ്പിച്ചു. പിഴ തുകയുടെ 50 ശതമാനം മാത്രം അടച്ച് നിയമനടപടികൾ അവസാനിപ്പിക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും. ഹെൽമെറ്റില്ലാതെ വാഹനം ഓടിച്ചതിന് 500 രൂപ പിഴ ലഭിച്ചവർക്ക് ഇപ്പോൾ 250 രൂപ മാത്രം അടച്ചാൽ മതിയാകും.
ദീർഘകാലമായി തീർപ്പാക്കാതെ കിടക്കുന്ന കേസുകളും സാങ്കേതിക തടസ്സങ്ങളിൽ കുടുങ്ങിയ ചലാനുകളും വേഗത്തിൽ പരിഹരിക്കാൻ ഈ ആനുകൂല്യം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
പദ്ധതിയുടെ ഭാഗമായി ഏപ്രിൽ 27 മുതൽ 30 വരെ കൊച്ചി കളക്ടറേറ്റ് സമുച്ചയത്തിലെ എൻഫോഴ്സ്മെന്റ് ആർടിഒ ഓഫീസിൽ പ്രത്യേക അദാലത്ത് നടക്കും.
രാവിലെ 10.30 മുതൽ വൈകുന്നേരം 5 മണി വരെ പൊതുജനങ്ങൾക്ക് നേരിട്ടെത്തി പരാതികൾ അറിയിക്കാനും പിഴയടയ്ക്കാനും സൗകര്യമുണ്ട്. ഇതിനുപുറമെ മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ഓൺലൈനായി ഇളവുകളോടെ പിഴയടയ്ക്കാവുന്നതാണ്. ഏപ്രിൽ 30-ന് ശേഷം പിഴത്തുക മുഴുവനായി തന്നെ അടയ്‌ക്കേണ്ടി വരുമെന്നതിനാൽ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് മോട്ടോർ വാഹന വകുപ്പ് നിർദ്ദേശിച്ചു.
2024 ഡിസംബർ 31 വരെ പോലീസോ മോട്ടോർ വാഹന വകുപ്പോ ചുമത്തിയ പിഴകൾക്ക് മാത്രമാണ് ഈ ഇളവ് ലഭിക്കുക. വിർച്വൽ കോടതിയിലേക്ക് കൈമാറുകയും എന്നാൽ സമയപരിധിക്കുള്ളിൽ അടയ്ക്കാതിരിക്കുകയും ചെയ്ത ചലാനുകളും ഈ സ്കീമിൽ ഉൾപ്പെടും.
എന്നാൽ കോടതി നേരിട്ട് പരിഗണിച്ചുകൊണ്ടിരിക്കുന്ന കേസുകൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല. ട്രാഫിക് പിഴകളുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനും നിയമനടപടികൾ ലഘൂകരിക്കാനും ഈ അദാലത്ത് വലിയ സഹായമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.