തിരുവനന്തപുരം: കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹത്തിൽ പങ്കെടുത്തതിൽ എന്താണ് കുഴപ്പമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വിവാഹത്തിൽ പങ്കെടുത്തതിൽ നിയമപരമായ തടസങ്ങളില്ലെന്നും, എല്ലാ രേഖകളും പരിശോധിച്ച ശേഷമാണ് വിവാഹം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ വിവാഹം കഴിക്കാൻ പറ്റുന്ന ഒരു അന്തരീക്ഷമുണ്ട് എന്ന് മനസിലാക്കിയിട്ട് രണ്ട് യുവതീയുവാക്കൾ കേരളത്തിൽ വരികയും പോലീസ് സ്‌റ്റേഷനിൽ പോകുകയും ചെയ്തു. അച്ഛനെ കൂട്ടിയാണ് പോയത്. അച്ഛൻ കൊടുത്ത രേഖയാണ് അവിടെയുള്ളത്. ആ രേഖകളിലെല്ലാം കുട്ടിക്ക് പ്രായപൂർത്തിയായിട്ടുണ്ട്. ആധാറും പാൻ കാർഡുമാണ് അവരുടെ പക്കലുള്ള രേഖ. ഇതിലെല്ലാം ഒരേ ജനനത്തീയതിയാണുള്ളത്. ആദ്യത്തെ രേഖ അഞ്ചാമത്തെ വയസിൽ എടുത്തിട്ടുള്ളതാണ്. എല്ലാം പോലീസ് പരിശോധിച്ചിട്ടുണ്ട്. പോലീസ്, ക്ഷേത്ര കമ്മിറ്റി, വിവാഹ രജിസ്‌ട്രേഷനു വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരെല്ലാം രേഖകൾ പരിശോധിച്ചിട്ടുണ്ട്'', എം.വി ഗോവിന്ദൻ പറഞ്ഞു. രണ്ട് വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ടവർ വിവാഹം കഴിക്കുന്നതിനെ സംഘപരിവാർ ഭീഷണിയായി കാണുന്നുവെന്നും ഈ വിവാദങ്ങൾക്ക് പിന്നിൽ അവരാണെന്നും അദ്ദേഹം ആരോപിച്ചു. ഇപ്പോൾത്തന്നെ തങ്ങൾക്ക് ഭീഷണിയുണ്ടെന്നാണ് വിവാഹിതരായവർ പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ''രണ്ട് മതവിഭാഗത്തിൽപ്പെട്ട ചെറുപ്പക്കാർ കല്ല്യാണം കഴിക്കാൻ തീരുമാനിക്കുന്നു. ഇവിടെ വന്നു. പോലീസ് സ്‌റ്റേഷനിൽ പോയി. അവരുടെ അംഗീകാരത്തോടുകൂടി ക്ഷേത്ര കമ്മറ്റിയുമായി ബന്ധപ്പെട്ടു. ക്ഷേത്രത്തിൽ വിവാഹിതരായി. അവർക്ക് ആശംസയറിയിക്കാൻ വേണ്ടി അവിടെ പോയി എന്നത് മാത്രമേ ഞങ്ങൾ ചെയ്തിട്ടുള്ളൂ. ആ പോയത് ശരിയാണെന്നാണ് അന്നും ഇന്നും ഞങ്ങളുടെ അഭിപ്രായം. ഈ നിലപാട് ഇനിയും തുടരും'', എം.വി ഗോവിന്ദൻ വ്യക്തമാക്കി. നാഷണൽ കമ്മിഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്സ് (എൻസിഎസ്ടി) കേരളത്തിലും മധ്യപ്രദേശിലും നടത്തിയ അന്വേഷണത്തിലാണ് സോഷ്യൽ മീഡിയ താരവും നടിയുമായ കുംഭമേളയിലെ വൈറൽ പെൺകുട്ടിക്ക് വിവാഹസമയത്ത് പ്രായപൂർത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയത്. ഇതോടെ ഭർത്താവ് ഫർമാൻ ഖാനെതിരേ പോക്‌സോ കേസ് ചുമത്തിയിരുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.