കഴുത്തിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആരോഗ്യമന്ത്രി വീണ ജോർജ് വീണ്ടും പൊതുവേദിയിൽ

പത്തനംതിട്ട: കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ കഴുത്തിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആരോഗ്യമന്ത്രി വീണ ജോർജ് ദിവസങ്ങൾ നീണ്ട വിശ്രമത്തിന് ശേഷം വീണ്ടും പൊതുവേദിയിൽ എത്തി.


സ്വന്തം മണ്ഡലമായ പത്തനംതിട്ടയിൽ ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആരോഗ്യം ആനന്ദം ഫെസ്റ്റ് 2026 പരിപാടിയിലാണ് മന്ത്രി നേരിട്ട് പങ്കെടുത്തത്. ഡോക്ടർമാരുടെ നിർദേശപ്രകാരം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൂർണ വിശ്രമത്തിലായിരുന്ന മന്ത്രി രണ്ടാം തീയതി വരെയുള്ള പൊതുപരിപാടികൾ റദ്ദാക്കിയിരുന്നു.

വേദന പൂർണമായും മാറാതെ വേദിയിൽ

വേദന പൂർണമായും മാറാത്തതിനാൽ കഴുത്തിൽ കോളർ ധരിച്ചാണ് മന്ത്രി പരിപാടിയിൽ പങ്കെടുത്തത്. പെട്ടെന്ന് പുറകിലേക്ക് തിരിയാനോ സാധാരണ നിലയിൽ നോക്കാനോ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി വേദിയിൽ വ്യക്തമായിരുന്നു. സംസ്ഥാനത്തുടനീളം ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ 438 കോടി രൂപ ചെലവഴിച്ച് പൂർത്തിയാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനമാണ് ഇന്ന് നടക്കുന്നതെന്ന് പരിപാടിയിൽ മന്ത്രി വ്യക്തമാക്കി.ഇത്രയും വലിയ തുക മുടക്കി നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തുന്നത് സർക്കാരിൻ്റെ വലിയ നേട്ടമാണെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ സംസ്ഥാനത്തെ സർക്കാർ ആരോഗ്യ സംവിധാനങ്ങളെ തകർക്കാൻ ബോധപൂർവമായ ശ്രമങ്ങൾ പല കോണുകളിൽ നിന്നും ആസൂത്രിതമായി നടക്കുന്നുണ്ടെന്ന് അവർ ആരോപിച്ചു. ഇത്തരം നീക്കങ്ങളെ സത്യത്തിൻ്റെ പ്രതിരോധം തീർത്തുകൊണ്ട് നേരിടുമെന്നും ഏത് വിധേനയും തകർക്കൽ ശ്രമങ്ങളെ ചെറുക്കുമെന്നും അവർ വ്യക്തമാക്കി.

തുറവൂരിൽ സംഘർഷം

രണ്ടാം തീയതി വരെ വിശ്രമം നിർദേശിച്ചിരുന്നതിനാൽ കഴിഞ്ഞ ദിവസം ആലപ്പുഴയിലെ തുറവൂർ താലൂക്ക് ആശുപത്രി കെട്ടിടത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ മന്ത്രി ഓൺലൈൻ വഴിയായിരുന്നു പങ്കെടുത്തത്. ഇവിടേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധം വലിയ സംഘർഷത്തിൽ കലാശിച്ചിരുന്നു. ആശുപത്രി കെട്ടിടം മാത്രമാണ് പണി പൂർത്തിയായതെന്നും ആവശ്യത്തിന് ഡോക്ടർമാരോ മറ്റ് സജ്ജീകരണങ്ങളോ ഇല്ലെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. ഇതിനിടെ എതിർദിശയിൽ നിന്നും സിപിഎം പ്രവർത്തകർ കൂടി എത്തിയതോടെ ഇരുവിഭാഗങ്ങളും തമ്മിൽ വാക്കുതർക്കവും ഉന്തും തള്ളും ഉണ്ടായി.

പ്രസംഗത്തിനിടെ സിപിഎമ്മിനും ആരോഗ്യ വകുപ്പിനുമെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച കോൺഗ്രസ് നേതാവും പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമായ സികെ രാജേന്ദ്രൻ സ്റ്റേജിൽ നിന്നും താഴെയിറങ്ങിയതിന് പിന്നാലെ സിപിഎം പ്രവർത്തകരുമായി വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു. അദ്ദേഹത്തെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ മറ്റൊരാൾ മരക്കഷണം ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. സംഘർഷത്തിൽ സികെ രാജേന്ദ്രൻ ഉൾപ്പെടെ മൂന്നു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരിങ്കൊടി കാണിച്ച കോൺഗ്രസ് പ്രവർത്തകരെ പിന്നീട് പൊലീസ് സംഭവസ്ഥലത്ത് നിന്നും നീക്കം ചെയ്തു.

യാത്രാവിവരങ്ങളിൽ അവ്യക്തത

കെഎസ്‌യു പ്രതിഷേധത്തിനിടയിൽ മന്ത്രിക്ക് പരിക്കേറ്റ സംഭവം വലിയ ഭരണ പ്രതിപക്ഷ വാദപ്രതിവാദങ്ങൾക്കാണ് വഴിവച്ചത്. മന്ത്രിയെ വധിക്കാൻ ശ്രമം നടന്നു എന്ന് ഭരണപക്ഷം ആരോപിച്ചപ്പോൾ, പ്രതിപക്ഷവും യുവജന സംഘടനകളും മന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന നിലപാടുകളിലേക്കും കടന്നിരുന്നു. യഥാർഥത്തിൽ മന്ത്രിക്ക് പരിക്കേറ്റിട്ടുണ്ടോ എന്ന കാര്യത്തിൽപ്പോലും വലിയ തർക്കങ്ങൾ മാധ്യമങ്ങളിലും മറ്റും നടന്നു.

ഇതിനിടെ മന്ത്രിയുടെ യാത്രാവിവരങ്ങളുമായി ബന്ധപ്പെട്ടും ചില ദുരൂഹതകൾ ഉയർന്നിരുന്നു. പരിക്കേറ്റതിനെ തുടർന്ന് കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സ തേടിയ മന്ത്രി, അവിടെത്തെ ഡോക്ടർമാർ പൂർണ വിശ്രമം നിർദേശിച്ചതിന് പിന്നാലെ പുലർച്ചെ നാലു മണിയോടെ അവിടെ നിന്ന് യാത്ര തിരിച്ചെങ്കിലും അന്ന് രാത്രി എട്ടു മണിയോടെ മാത്രമാണ് പത്തനംതിട്ട അങ്ങാടിക്കലിലെ വീട്ടിൽ എത്തിയത്. ഇടയിലുള്ള സമയത്ത് മന്ത്രി എവിടെയായിരുന്നു എന്നതിൽ അവ്യക്തതയുണ്ടായിരുന്നു. മന്ത്രി ആയുർവേദ ചികിത്സയ്ക്ക് പോയോ എന്ന തരത്തിലുള്ള പ്രചാരണങ്ങളും ഇതിനിടെ നടന്നിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി മാധ്യമങ്ങളോട് യാതൊന്നും പ്രതികരിക്കാൻ തയ്യാറാകാതിരുന്ന മന്ത്രി പരിപാടിക്ക് ശേഷം ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളിലും തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിലും വിശദമായ പ്രതികരണം നടത്തിയേക്കുമെന്നാണ് വിലയിരുത്തൽ.

കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യമില്ല

അതേസമയം, മന്ത്രി വീണ ജോർജിനെ ആക്രമിച്ചെന്ന കേസിൽ അറസ്റ്റിലായ കെഎസ്‌യു പ്രവർത്തകരുടെ ജാമ്യാപേക്ഷ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് എംസി അതുൽ ഉൾപ്പെടെയുള്ള അഞ്ച് പ്രതികൾക്കാണ് ജാമ്യം നിഷേധിച്ചത്. ഇവർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി കോടതി ജാമ്യാപേക്ഷയിൽ വാദം കേട്ടുവരികയായിരുന്നു.

സംഭവത്തിൽ ആയുധം ഉപയോഗിച്ചിട്ടുണ്ടെന്നും അത് കണ്ടെത്തേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് സംശയമുണ്ടെന്നും പ്രതികൾ സഞ്ചരിച്ച വാഹനം ഉൾപ്പെടെയുള്ളവ കണ്ടെടുക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. 

തെളിവുകൾ ശേഖരിക്കുന്നതിനായി പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷൻ്റെ ആവശ്യം പരിഗണിച്ചാണ് ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, കേസിൻ്റെ ഗൗരവം കണക്കിലെടുത്ത് അപേക്ഷ നിരസിച്ചത്. അഞ്ച് പ്രതികളെയും രണ്ട് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. കസ്റ്റഡി അപേക്ഷയിൽ കോടതി അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും, പ്രതികളെ അഞ്ചാം തീയതി കോടതിയിൽ ഹാജരാക്കാൻ നിർദേശിച്ചിട്ടുണ്ട്. മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ മേൽക്കോടതിയെ സമീപിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ തീരുമാനം.

നടപടി രാഷ്ട്രീയ പ്രേരിതമെന്ന് കെഎസ്‌യു

പൊലീസ് നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും കരിങ്കൊടി പ്രതിഷേധത്തെ ആയുധം ഉപയോഗിച്ചുള്ള ആക്രമണമായി ചിത്രീകരിക്കുന്നത് വിചിത്രമാണെന്നും കെഎസ്‌യു നേതാവ് മുഹമ്മദ് ഷമ്മാസ് പ്രതികരിച്ചു. ജാമ്യം നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതികൾ വന്ന വാഹനം കണ്ടെത്തണമെന്നും ആയുധങ്ങൾ വീണ്ടെടുക്കണമെന്നും പറയുന്നത് നേതാക്കളെ വേട്ടയാടാൻ വേണ്ടിയുള്ള നാടകം മാത്രമാണ്. പരമാവധി ദിവസം കെഎസ്‌യു നേതാക്കളെ ജയിലിൽ അടയ്ക്കാനാണ് സർക്കാരും പൊലീസും ശ്രമിക്കുന്നത്.

കസ്റ്റഡി അപേക്ഷ നൽകുന്നതിലും ജാമ്യത്തെ എതിർക്കുന്നതിലും വലിയ പൊരുത്തക്കേടുകളുണ്ട്. കീഴ്ക്കോടതിയിൽ നിന്ന് ജാമ്യം ലഭിക്കാത്ത തരത്തിൽ വധശ്രമം പോലുള്ള കടുത്ത വകുപ്പുകൾ എഫ്‌ഐആറിൽ ആസൂത്രിതമായി ചേർത്തതാണെന്നും സിപിഎമ്മിൻ്റെ രാഷ്ട്രീയ തീരുമാനം നടപ്പിലാക്കുകയാണ് പൊലീസ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. ആരോഗ്യ കാരണങ്ങളാൽ മന്ത്രിക്ക് സംസാരിക്കാൻ കഴിയില്ലെന്നും അതിനാൽ മൊഴിയെടുക്കാൻ സാധിച്ചില്ലെന്നുമാണ് കോടതിയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ ഇതേ മന്ത്രി തന്നെ കഴിഞ്ഞ ദിവസം ചാനലുകൾക്ക് അഭിമുഖം നൽകുകയും കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തിരുന്നു.

ആ അഭിമുഖത്തിൽ പോലും ആയുധം ഉപയോഗിച്ച് ആക്രമിച്ചതായി മന്ത്രി പറയുന്നില്ല. എന്നിട്ടും പൊലീസ് എന്തിനാണ് ഇത്തരമൊരു തിരക്കഥ തയ്യാറാക്കി ജാമ്യത്തെ എതിർക്കുന്നതെന്ന് പൊതുസമൂഹം കാണുന്നുണ്ട്. ന്യായമായ സമരത്തിൻ്റെ പേരിൽ സഹപ്രവർത്തകരെ വേട്ടയാടാനാണ് സർക്കാർ ഭാവമെങ്കിൽ കടുത്ത പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകും. ഈ രീതിയിലുള്ള പീഡനം തുടർന്നാൽ മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നും കെഎസ്‌യു സംസ്ഥാന നേതൃത്വം ആലോചിക്കുന്ന രീതിയിലുള്ള കടുത്ത സമരമുറകളിലേക്ക് നീങ്ങേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !