തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.
രാവിലെ 11 മുതൽ വൈകിട്ട് മൂന്നുവരെയാണ് പത്രിക സമർപ്പിക്കാൻ അവസരം. അവധി ദിവസങ്ങൾക്ക് ശേഷം ലഭിക്കുന്ന അവസാന ദിനമായതിനാൽ വരണാധികാരികളുടെ ഓഫിസുകളിൽ വൻ തിരക്ക്സംസ്ഥാനത്തൊട്ടാകെ ഇതുവരെ 341 സ്ഥാനാർഥികളാണ് പത്രിക നൽകിയത്.ത്രികോണ മത്സരം നടക്കുന്ന പാലായിൽ NDA സ്ഥാനാർഥി ഷോൺ ജോർജ്,ഇടതുപക്ഷ സ്ഥാനാർഥി ജോസ് കെ മാണി എന്നിവർ പത്രിക സമർപ്പിച്ചു..
പത്രികകളുടെ സൂക്ഷ്മപരിശോധന നാളെ നടക്കും. സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറാൻ 26 വരെ സമയം അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഡോ. രത്തൻ യു ഖേൽക്കർ അറിയിച്ചു. ഏപ്രിൽ ഒൻപതിനാണ് വോട്ടെടുപ്പ്. പുതിയ നിയമസഭാംഗങ്ങളെ കണ്ടെത്താൻ ഇനി 17 ദിവസം മാത്രമാണ് അവശേഷിക്കുന്നത്. വോട്ടെടുപ്പിന് മുമ്പ് പരസ്യ പ്രചാരണത്തിന് 15 ദിവസം മാത്രമാണുള്ളത്.
വളരെ കുറഞ്ഞ സമയം മാത്രമുള്ളതിനാൽ സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും സജീവ പ്രചാരണത്തിലാണ്. ഇതിനോടകം മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതാക്കൾ പ്രചാരണ രംഗത്തുണ്ട്. മുഖ്യമന്ത്രിയുടെ മണ്ഡല പര്യടനം ഇന്ന് തുടങ്ങും. തിരുവനന്തപുരത്ത് സുധീർ കരമന, കാസർകോട് ഷാനവാസ് പാദൂർ, താനൂരിൽ മുഹമ്മദ് സമീർ, വള്ളിക്കുന്നിൽ സിപി മുസ്തഫ എന്നിവർ എത്തിയതോടെ എൽഡിഎഫ് സ്ഥാനാർഥി ചിത്രം പൂർത്തിയായി.
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ
പത്രിക സമർപ്പണത്തിനൊപ്പം വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന അവസരവും ഇന്നാണ്. എന്നാൽ, വോട്ടെടുപ്പിന് പത്ത് ദിവസം മുമ്പ് വരെ ലഭിച്ച അപേക്ഷകൾ മാത്രമേ പരിഗണിക്കൂ. മാർച്ച് 15 വരെ സമർപ്പിച്ച അപേക്ഷകളാണ് നിലവിൽ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നത്.
എറണാകുളം, കോഴിക്കോട് ജില്ലകളിൽ
എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളിലായി 29 നാമനിർദേശ പത്രികകളാണ് ലഭിച്ചത്. അങ്കമാലിയിൽ നാല് പത്രികകൾ സമർപ്പിച്ചു. ആലുവ, കളമശ്ശേരി, തൃപ്പൂണിത്തുറ, പിറവം, കോതമംഗലം എന്നിവിടങ്ങളിൽ മൂന്ന് പേർ വീതം പത്രിക നൽകി. മൂവാറ്റുപുഴയിലും വൈപ്പിനിലും ഇതുവരെ പത്രിക സമർപ്പിച്ചിട്ടില്ല. പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറവൂരിൽ നാമനിർദേശ പത്രിക സമർപ്പിക്കും.
കുന്നത്തുനാട് യുഡിഎഫ് സ്ഥാനാർഥി വിപി സജീന്ദ്രൻ ഇന്ന് പത്രിക നൽകും. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കബറിടത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം മോറയ്ക്കാല സെൻ്റ് മേരീസ് കത്തീഡ്രൽ സന്ദർശിച്ച അദ്ദേഹം പള്ളിക്കരയിൽ കുന്നത്തുനാട് ക്രിക്കറ്റ് കൂട്ടായ്മയുമായി ആശയവിനിമയം നടത്തി.
കോഴിക്കോട് ജില്ലയിൽ 39 പേരാണ് പത്രിക നൽകിയത്. കോഴിക്കോട് നോർത്ത് നാല്, കോഴിക്കോട് സൗത്ത് ഒന്ന്, ബേപ്പൂർ രണ്ട്, എലത്തൂർ മൂന്ന്, കുന്ദമംഗലം മൂന്ന്, കൊടുവള്ളി മൂന്ന്, തിരുവമ്പാടി നാല്, ബാലുശ്ശേരി നാല്, കൊയിലാണ്ടി മൂന്ന്, വടകര മൂന്ന്, കുറ്റ്യാടി രണ്ട്, പേരാമ്പ്ര മൂന്ന്, നാദാപുരം നാല് എന്നിങ്ങനെയാണ് കണക്ക്. എലത്തൂർ മണ്ഡലം സ്ഥാനാർഥി എകെ ശശീന്ദ്രൻ സിവിൽ സ്റ്റേഷനിലെത്തി പത്രിക നൽകും. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പര്യടനം 25ന് കോഴിക്കോട് ബീച്ചിൽ നടക്കുന്ന റാലിയോടെ ആരംഭിക്കും.
വിവിധ ജില്ലകളിലെ സ്ഥാനാർഥികൾ
തൃശൂർ ജില്ലയിൽ 41 സ്ഥാനാർഥികളാണ് പത്രിക നൽകിയത്. ചേലക്കരയിൽ കെ ബാലകൃഷ്ണൻ (എൻഡിഎ), ഗുരുവായൂരിൽ സിഎച്ച് റഷിദ് (യുഡിഎഫ്), പോളി ഫ്രാൻസിസ് (എഎപി), ഉണ്ണികൃഷ്ണൻ (സ്വതന്ത്രൻ), മണലൂരിൽ കെകെ അനീഷ്‌കുമാർ (എൻഡിഎ), ഉണ്ണികൃഷ്ണൻ (എഎപി), ഒല്ലൂരിൽ ഷാജി കോടങ്കണ്ടത്ത് (യുഡിഎഫ്), തൃശൂരിൽ രാജൻ ജെ പല്ലൻ (യുഡിഎഫ്), പത്മജ വേണുഗോപാൽ (എൻഡിഎ), റോസ്‌ലിൻ ചാക്കോ (ബിഎസ്പി), ജയപ്രകാശ് (സ്വതന്ത്രൻ), ഇരിങ്ങാലക്കുടയിൽ സന്തോഷ് (എൻഡിഎ), തങ്കമണി (ബിഎസ്പി), കൊടുങ്ങല്ലൂരിൽ കെഎം ഫ്രാൻസിസ് റോയ് (എഎപി), നന്ദഗോപൻ (സ്വതന്ത്രൻ), എകെ രവി (ബിഎസ്പി), ചാലക്കുടിയിൽ സനീഷ് കുമാർ ജോസഫ് (യുഡിഎഫ്), ചാർളി പോൾ (ട്വൻ്റി 20), അശോകൻ (ബിഎസ്പി), പുതുക്കാട് ബാബുരാജൻ (യുഡിഎഫ്), നാട്ടികയിൽ ബിഎ ബെന്നി (സ്വതന്ത്രൻ), സിസി മുകുന്ദൻ (എൻഡിഎ), കയ്പമംഗലത്ത് ടിഎം നാസർ (യുഡിഎഫ്), രാമൻ (എഎപി), വടക്കാഞ്ചേരിയിൽ എംഎസ് ജിതിൻ (എഎപി), പികെ സുബ്രഹമണ്യൻ (എഎപി) എന്നിവർ പത്രിക നൽകി.
തിരുവനന്തപുരം ജില്ലയിൽ 25 സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു. നേമത്ത് രാജീവ് ചന്ദ്രശേഖർ (എൻഡിഎ), വി ശിവൻകുട്ടി (എൽഡിഎഫ്) എന്നിവർ പത്രിക നൽകി. തിരുവനന്തപുരത്ത് സിപി ജോൺ (സിഎംപി) പത്രിക സമർപ്പിച്ചു. വട്ടിയൂർക്കാവിൽ കെ മുരളീധരൻ (കോൺഗ്രസ്), വികെ പ്രശാന്ത് (സിപിഎം), ആർ ശ്രീലേഖ (ബിജെപി), എമിൽ ബിഎസ് (എസ്‌യുസിഐ) എന്നിവരും ആറ്റിങ്ങലിൽ ഒഎസ് അംബികയും (സിപിഎം) വർക്കലയിൽ വി ജോയിയും (സിപിഎം), സ്വതന്ത്ര സ്ഥാനാർഥി കണ്ണനും പത്രിക നൽകി.
പാറശ്ശാലയിൽ സികെ ഹരീന്ദ്രനും (സിപിഎം) വാമനപുരത്ത് ഡികെ മുരളിയും (സിപിഎം) കോവളത്ത് എം വിൻസെൻ്റും (കോൺഗ്രസ്) പത്രിക സമർപ്പിച്ചു. കാട്ടാക്കടയിൽ പികെ കൃഷ്ണദാസ് (ബിജെപി), ജയകുമാർ എസ് (സിപിഐ എംഎൽ), കഴക്കൂട്ടത്ത് വി മുരളീധരൻ (ബിജെപി), കടകംപള്ളി സുരേന്ദ്രൻ (സിപിഎം), ശരത്ചന്ദ്രപ്രസാദ് (കോൺഗ്രസ്), സ്വതന്ത്ര സ്ഥാനാർഥി ദീപിക ബാബു എന്നിവരും ചിറയിൻകീഴിൽ മനോജ് കുമാർ (സിപിഐ), രമ്യ ഹരിദാസ് (കോൺഗ്രസ്), സ്വതന്ത്ര സ്ഥാനാർഥി അനൂപ് ബി എന്നിവരും നാമനിർദേശ പത്രിക നൽകി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.