കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എം.ടിയില്‍ നിന്ന് 34 വർഷത്തെ സർവീസ് പൂർത്തിയാക്കി എച്ച്.എം.ടി എംപ്ലോയീസ് യൂണിയൻ സെക്രട്ടറി കൂടിയായ പി.കൃഷ്ണദാസ് കഴിഞ്ഞ ദിവസം പടിയിറങ്ങിയത് വെറുംകൈയോടെ.
രണ്ടു മാസത്തെ ശമ്പളവും കുടിശികയാണ്. ശമ്പള വർദ്ധനവും പ്രമോഷനുമില്ലാതെയാണ് കമ്പനി ജീവനക്കാരിന്ന് പിരിയുന്നത്. രണ്ടുമാസത്തെ ശമ്പളം കൃഷ്ണദാസ് ഉള്‍പ്പെടെ ആർക്കും കിട്ടിയിട്ടില്ല. ഗ്രാറ്റുവിറ്റി, ലീവ് എൻക്യാഷ്മെന്റ്, സെറ്റില്‍മെന്റ് അലവൻസ് തുടങ്ങിയവയൊക്കെ കടലാസുകളില്‍ മാത്രം. കൃഷ്ണദാസിന് പി.എഫ് തുക മാത്രം ലഭിച്ചു.2022ന് ശേഷം റിട്ടയർ ചെയ്തവർക്ക് ഗ്രാറ്റുവിറ്റി ലഭിച്ചിട്ടില്ല. 1997ലെ ശമ്പളമാണ് എല്ലാവർക്കും. 29 വർഷം ജീവിത സൂചികയിലുണ്ടായ മാറ്റത്തിനനുസരിച്ച് വർദ്ധനവ് ലഭിച്ചില്ല. പ്രമോഷനുമില്ല.
പ്രതിസന്ധികള്‍ക്കെതിരെ പോരാടി
1985ല്‍ ട്രേഡ് അപ്രന്റീസായാണ് കൃഷ്ണദാസ് എച്ച്.എം.ടി യില്‍ കാലുകുത്തിയത്. 1997 മുതല്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്കെതിരായ പോരാട്ടങ്ങളില്‍ മുൻനിരയിലുണ്ടായിരുന്നു. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗവും സി.പി.എം ലോക്കല്‍ സെക്രട്ടറിയുമായിരുന്നു.
1997ലെ ശമ്പള പരിഷ്കരണം 2014 ഫെബ്രുവരിയിലാണ് ലഭിച്ചത്. അതിനായി 1520 ദിവസം എച്ച്.എം.ടി ഗേറ്റില്‍ സത്യാഗ്രഹ സമരം നടത്തി. 34വർഷം പിന്നിടുമ്പോള്‍ അടിസ്ഥാന ശമ്പളം 10,700 രൂപ മാത്രം. ഇത്രയും കാലം കളമശേരിയില്‍ ജീവിച്ചെങ്കിലും സ്വന്തം വീടുവയ്ക്കാൻ പോലും കഴിഞ്ഞില്ല. ക്വാർട്ടേഴ്സില്‍ മൂന്നുമാസം കൂടി താമസിക്കാം. എങ്കിലും ആനുകൂല്യങ്ങള്‍ ലഭിക്കാതെ ഇറങ്ങില്ലെന്നാണ് നിലപാട്.
മകള്‍ ബംഗളൂരു നിംഹാൻസില്‍ ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.ഫില്‍ ചെയ്യുന്നു. മകൻ അവസാന വർഷം ബി.ടെക് വിദ്യാർത്ഥിയും. ഭാര്യ: ടി.ആർ. സിന്ധു കളമശേരിയിലെ അണ്‍ എയ്ഡഡ് സ്കൂളില്‍ ലൈബ്രേറിയനാണ്. റിട്ടയർമെന്റ് ജീവിതം നന്നാവട്ടെ എന്ന് എല്ലാവരും ആശംസിക്കുമ്പോള്‍ പട്ടിണിയില്ലാതെ പോകണമെങ്കില്‍ പുതിയ ജോലി തേടണം.ഇനി എച്ച്.എം.ടിയില്‍ അവശേഷിക്കുന്നത് 114 സ്ഥിരം ജീവനക്കാർ മാത്രം ക്യാന്റീൻ, സെക്യൂരിറ്റി, ടെക്നീഷ്യൻ ഉള്‍പ്പെടെ കരാർ ജീവനക്കാർ 300 പേരുണ്ട്







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.