ഡൽഹി :ഇറാൻ-ഇസ്രായേൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ലോകത്തെ മുൾമുനയിൽ നിർത്തി യമനിലെ ഹൂതി വിമതരുടെ പുതിയ ഭീഷണി.
ഹോർമുസ് കടലിടുക്ക് ഇതിനകം തന്നെ സംഘർഷഭരിതമായിരിക്കെ, ചെങ്കടലിന്റെ പ്രവേശന കവാടമായ ബാബ് എൽ-മാൻഡെബ് കടലിടുക്കും തങ്ങൾ ലക്ഷ്യം വെക്കുകയാണെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകി.തങ്ങളുടെ വിരലുകൾ തോക്കിൻ്റെ ട്രിഗറിലാണെന്നും ഏത് നിമിഷവും തിരിച്ചടിക്ക് തയ്യാറാണെന്നുമാണ് ഇറാൻ്റെ പിന്തുണയുള്ള ഈ സായുധ ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ആഗോള വ്യാപാര മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഹോർമുസ് കടലിടുക്കിന് പിന്നാലെ ബാബ് എൽ-മാൻഡെബ് കൂടി അടയ്ക്കപ്പെട്ടാൽ ലോകത്തെ ഇന്ധന വിതരണവും ഏഷ്യ-യൂറോപ്പ് വ്യാപാരവും പൂർണ്ണമായും തടസ്സപ്പെടും. ആഗോളതലത്തിൽ കടൽമാർഗ്ഗമുള്ള എണ്ണക്കടത്തിൻ്റെ 30 ശതമാനവും ഈ രണ്ട് പാതകളിലൂടെയാണ് നടക്കുന്നത്. ബാബ് എൽ-മാൻഡെബ് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടാൽ കപ്പലുകൾക്ക് ആഫ്രിക്കൻ ഭൂഖണ്ഡം ചുറ്റി കേപ് ഓഫ് ഗുഡ് ഹോപ്പ് വഴി സഞ്ചരിക്കേണ്ടി വരും. ഇത് യാത്രാ സമയം 10 മുതൽ 15 ദിവസം വരെ വർദ്ധിപ്പിക്കുകയും കപ്പൽ വാടകയും ഇൻഷുറൻസ് തുകയും കുത്തനെ ഉയർത്തുകയും ചെയ്യും.
ഇറാൻ്റെ "ആക്സിസ് ഓഫ് റെസിസ്റ്റൻസ്" എന്നറിയപ്പെടുന്ന സഖ്യത്തിലെ പ്രധാന ശക്തിയാണ് ഹൂതികൾ. സൗദി അറേബ്യ പോലുള്ള രാജ്യങ്ങൾ ഇറാന്റെ ശത്രുക്കൾക്കൊപ്പം ചേരുകയോ ഇറാനെതിരെയുള്ള ആക്രമണം ശക്തമാവുകയോ ചെയ്താൽ കപ്പൽ പാതകളെ ലക്ഷ്യം വെക്കുമെന്നാണ് ഇവരുടെ ഭീഷണി. ഡ്രോണുകളും ആന്റി-ഷിപ്പ് മിസൈലുകളും ഉപയോഗിച്ചുള്ള ഹൂതികളുടെ ആക്രമണം മുൻകാലങ്ങളിൽ ചെങ്കടലിലെ ഗതാഗതം സാരമായി ബാധിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ പ്രമുഖ ഷിപ്പിംഗ് കമ്പനിയായ മാേഴ്സ്ക് (Maersk) ചെങ്കടൽ വഴിയുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
ബാബ് എൽ-മാൻഡെബ് അഥവാ "കണ്ണീരിന്റെ കവാടം" എന്ന് വിളിക്കപ്പെടുന്ന ഈ പാത വെറും 29 കിലോമീറ്റർ മാത്രം വീതിയുള്ള ഒന്നാണ്. പ്രതിദിനം 8.8 ദശലക്ഷം ബാരൽ എണ്ണയാണ് ഈ ഇടനാഴിയിലൂടെ കടന്നുപോകുന്നത്. ഈ പാത കൂടി ഹൂതികൾ ബ്ലോക്ക് ചെയ്താൽ ആഗോള വിപണിയിൽ എണ്ണവില 100 ഡോളറിന് മുകളിലേക്ക് കുതിച്ചുയരാൻ സാധ്യതയുണ്ട്. നിലവിൽ തന്നെ ഇന്ധനവിലയിൽ ഉണ്ടായ 40 ശതമാനം വർദ്ധനവ് ലോക സമ്പദ്‌വ്യവസ്ഥയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കെയാണിത്.
യുദ്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നത് തടയാൻ അമേരിക്കയും സഖ്യകക്ഷികളും ശ്രമിക്കുന്നുണ്ടെങ്കിലും ഹൂതികളുടെ നീക്കം തിരിച്ചടിയാണ്. ഇതിനിടെ സോമാലിലാൻഡിൽ സൈനിക താവളം സ്ഥാപിച്ച് ഹൂതികളെ നേരിടാനുള്ള നീക്കങ്ങൾ ഇസ്രായേലും സജീവമാക്കിയിട്ടുണ്ട്. ഇതോടെ ഗൾഫ് മേഖലയിലെ സംഘർഷം ആഫ്രിക്കൻ തീരങ്ങളിലേക്കും വ്യാപിക്കുമോ എന്ന ഭീതിയിലാണ് ലോകം. ഹോർമുസും ബാബ് എൽ-മാൻഡെബും ഒരുപോലെ അടയ്ക്കപ്പെടുന്നത് ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര പ്രതിസന്ധിക്കായിരിക്കും വഴിമരുന്നിടുക






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.