തിരുവനന്തപുരം∙ പുതു യുഗയാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു.
യുഎസുമായി വ്യാപാര കരാർ ഒപ്പിട്ടതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വഞ്ചിച്ചതായി രാഹുൽ ഗാന്ധി പറഞ്ഞു. അമേരിക്ക പറയുന്നവരിൽനിന്നു മാത്രമേ എണ്ണ വാങ്ങൂ എന്ന് പ്രധാനമന്ത്രി ധാരണയിലെത്തി. ജനങ്ങളുടെ ഡേറ്റ ഇന്ത്യൻ സർക്കാർ യുഎസിന് അടിയറവുവച്ചു. എപ്സ്റ്റീൻ ഫയലുകൾ ഇനിയും പുറത്തു വരാനുണ്ട്. ഫയലുകളിൽ പ്രധാനമന്ത്രിയുടെ പേരുമുണ്ട്. പരിഭ്രമിച്ചാണ് അമേരിക്കയുമായുള്ള കരാറിൽ പ്രധാനമന്ത്രി ഒപ്പിട്ടത്.ട്രംപാണ് പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്നത്. അതുപോലെയാണ് പ്രധാനമന്ത്രി കേരള മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നതെന്നും രാഹുൽ പറഞ്ഞു.എന്നെ 55 മണിക്കൂർ ഇ.ഡി ചോദ്യം ചെയ്തു. എന്നാൽ, മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഇ.ഡി ഒരു നടപടിയും സ്വീകരിച്ചില്ല. കാരണം വ്യക്തമാണ്, അവർ ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്. സിപിഎം–ബിജെപി എന്നല്ല, കേരളത്തിൽ ‘സിജെപി’ എന്നാണ്. അവർ ഒറ്റക്കെട്ടാണെന്ന് എല്ലാപേർക്കും അറിയാം’’– രാഹുൽ പറഞ്ഞു.
സിഎംപി നേതാവ് സി.പി.ജോണ്‍ സ്വാഗതം പറഞ്ഞു. രാജ്യാന്തര ജനാധിപത്യസമൂഹം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന നേതാവാണ് രാഹുല്‍ഗാന്ധിയെന്ന് സി.പി.ജോണ്‍ പറഞ്ഞു. അധികാരത്തിൽ വരാൻ പോകുന്ന മുന്നണിയാണ് യുഡിഎഫ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. കേരളത്തിൽ മാറ്റം വേണം. വരാനിരിക്കുന്ന തലമുറയ്ക്കുവേണ്ടി കേരളത്തെ രാജ്യത്തെ മുൻനിരയിലെത്തിക്കണം. രാജ്യം അദ്ഭുതത്തോടെ നോക്കുന്ന ഒരു പുതിയ കേരള മാതൃക യുഡിഎഫ് കൊണ്ടുവരും.
സെക്രട്ടേറിയറ്റിനെ കാര്യക്ഷമമാക്കും. നാടിന് വലിയ മാറ്റമുണ്ടാകുന്ന പദ്ധതികൾ യുഡിഎഫ് നടപ്പിലാക്കുമെന്നും വി.ഡി.സതീശൻ പറഞ്ഞു. ഭരണമാറ്റത്തിനായി ജനങ്ങൾ കാതോർത്തു നിൽക്കുകയാണെന്ന് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. എൽഡിഎഫ് സർക്കാർ നാടിനെ നശിപ്പിച്ചെന്നും പിണറായി വിജയൻ നാട്ടുകാരനാണെന്ന് പറയാന്‍ ലജ്ജയുണ്ടെന്നും കെ.സുധാകരൻ പറഞ്ഞു.
എത്ര പരസ്യം നൽകിയാലും സർക്കാരിന്റെ മുഖം നന്നാക്കാനാകില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഒരു വൻകിട വികസനപ്രവർത്തനവും നടന്നില്ല. സാധാരണക്കാരുടെ ജീവിതത്തിൽ മാറ്റം ഉണ്ടായില്ല. ജനം തുടർ ഭരണത്തിന് ആഗ്രഹിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. യാത്രയുടെ വിജയത്തിന് സഹകരിച്ച എല്ലാവർക്കും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നന്ദി പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.