ലണ്ടൻ: ഇംഗ്ലണ്ടിലെ ക്രിക്കറ്റ് ടൂർണമെന്റായ 'ദ ഹണ്ട്രഡ്' ലേലത്തിൽ പാക്കിസ്ഥാൻ സ്പിന്നർ അബ്രാർ അഹമ്മദിനെ സൺ റൈസേഴ്‌സ് ലീഡ്‌സ് സ്വന്തമാക്കിയത് വലിയ വിവാദത്തിന് തിരികൊളുത്തി. ഒന്നേമുക്കാൽ കോടിയിലധികം രൂപയ്ക്കാണ് (1.90 ലക്ഷം പൗണ്ട്) അബ്രാറിനെ ടീമിലെടുത്തത്. ഇതിനെതിരേ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗാവസ്‌കർ അടക്കമുള്ളവർ രംഗത്തെത്തി.
2008-ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഐപിഎലിൽ പാക് താരങ്ങൾക്ക് വിലക്കേർപ്പെടുത്തിയ സാഹചര്യത്തിൽ, വിദേശ ലീഗിലാണെങ്കിലും ഒരു ഇന്ത്യൻ ഫ്രാഞ്ചൈസി പാക് താരത്തെ വാങ്ങിയത് ശരിയായ നടപടിയല്ലെന്ന് ഗാവസ്‌കർ വിമർശിച്ചു. പാക് താരങ്ങൾക്ക് നൽകുന്ന പ്രതിഫലത്തിന്റെ ഒരുഭാഗം നികുതിയായി ആ രാജ്യത്തിന്റെ സർക്കാരിലേക്കാണ് പോകുക. ആ പണം ഇന്ത്യക്കെതിരായ ആയുധങ്ങൾ വാങ്ങാൻ ഉപയോഗിക്കുന്നത് വഴി ഇന്ത്യൻ സൈനികരുടേയും പൗരന്മാരുടേയും ജീവൻ അപകടത്തിലാക്കാൻ കാരണമാകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഫ്രാഞ്ചൈസി ഉടമ കാവ്യ മാരനെതിരേയും സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള പ്രതിഷേധം ഉയരുന്നുണ്ട്. സൺറൈസേഴ്സ് ലീഡ്സിന്റെ ഔദ്യോഗിക പേജുകൾക്കെതിരെ സൈബർ ആക്രമണം രൂക്ഷമായതോടെ അക്കൗണ്ടുകൾ താത്കാലികമായി പ്രവർത്തനരഹിതമാക്കി. അതേസമയം, ഇത് കേവലം ക്രിക്കറ്റ് സംബന്ധമായ തീരുമാനമാണെന്ന് ടീം ഹെഡ് കോച്ച് ഡാനിയൽ വെട്ടോറി പ്രതികരിച്ചു.
ഇംഗ്ലീഷ് സ്പിന്നർ ആദിൽ റഷീദിനെ ടീമിലെത്തിക്കാൻ കഴിയാത്തതിനാലാണ് മികച്ച ഫോമിലുള്ള അബ്രാറിനെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം, ടൂർണമെന്റ് നടക്കുന്നത് വിദേശത്തായതിനാലും ബിസിസിഐയുടെ പരിധിയിലല്ലാത്തതിനാലും ഇതിൽ ഇടപെടാൻ കഴിയില്ലെന്നും തീരുമാനം ഫ്രാഞ്ചൈസിയുടേതാണെന്നും ബി.സി.സി.ഐ. വൈസ് പ്രസിഡന്റ് രാജീവ് ശുക്ല നിലപാടറിയിച്ചു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.