തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിജിലൻസ് സംഘം ചോദ്യംചെയ്തു.

കൊച്ചി: മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിജിലൻസ് സംഘം ചോദ്യംചെയ്തു.

ക്രൈം ബ്രാഞ്ച് എസ്പി എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്ച കണിച്ചുകുളങ്ങരയിലുള്ള വീട്ടിലെത്തി വെള്ളാപ്പള്ളിയെ ചോദ്യംചെയ്തത്. മൊഴിയെടുത്തതായി വെള്ളാപ്പള്ളി നടേശൻ മാതൃഭൂമി ഡോട്ട് കോമിനോട് സ്ഥിരീകരിച്ചു.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യപ്രതിയായ കേസിന്റെ അന്വേഷണം വേഗത്തിലാക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ജൂലൈയിൽ നിർദേശം നൽകിയിരുന്നു. അന്ന് വിജിലൻസ് എസ്പി ആയിരുന്ന എസ്. ശശിധരൻതന്നെ കേസ് അന്വേഷണം തുടർന്നും നടത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. 

വെള്ളാപ്പള്ളി അടക്കം അഞ്ച് പ്രതികളെ ഉൾപ്പെടുത്തിയാണ് എഫ്.ഐ.ആർ തയ്യാറാക്കിയിട്ടുള്ളത്. 2016-ൽ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പരാതിയിലാണ് വെള്ളാപ്പള്ളി നടേശനെയടക്കം പ്രതിചേർത്ത് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നാക്ക വികസന കോർപ്പറേഷൻ മുൻ എംഡി നജീബ്, നിലവിലെ എംഡി ദിലീപ് കുമാർ, മൈക്രോ ഫിനാൻസ് ചീഫ് കോർഡിനേറ്റർ കെ.കെ. മഹേശൻ, എസ്.എൻ.ഡി.പി യൂണിയൻ നേതാവ് ഡോ എം.എൻ. സോമൻ എന്നിവരെയാണ് എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 

മൈക്രോ ഫിനാൻസ് പദ്ധതിയുമായി ബന്ധപ്പെട്ട് 15 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിയിലെ ആരോപണം. സാമ്പത്തിക തിരിമറി, ഗൂഢാലോചന എന്നിവ അടക്കമുള്ള ആരോപണങ്ങളാണ് പ്രതികൾക്കെതിരെയുള്ളത്. 2003-2015 കാലയളവിൽ സ്വാശ്രയ സംഘങ്ങൾക്ക് കൊടുക്കാൻ പിന്നാക്ക വികസന കോർപറേഷൻ മുഖേന കോടിക്കണക്കിന് രൂപ വായ്പയെടുത്ത് അഴിമതി നടത്തി എന്നായിരുന്നു ആരോപണം. 

പിന്നാക്ക വികസന കോർപറേഷൻ മുഖേന കുറഞ്ഞ പലിശയ്ക്ക് വായ്പ എടുക്കുകയും അത് ഉയർന്ന പലിശ ഈടാക്കി വിതരണംചെയ്യുകയും, ഇല്ലാത്ത ആളുകളുടെ പേരിൽപോലും വായ്പ അനുവദിക്കുകയും ചെയ്തുവെന്നാണ് പരാതി. അച്ചാർ, ജാം, സോപ്പ് നിർമാണ യൂണിറ്റുകൾ തുടങ്ങിയ ചെറുകിട സംരംഭങ്ങളുടെ പേരിൽ വ്യാജമായി പദ്ധതിയുണ്ടാക്കി, 2014 ജൂൺ 19-നാണ് പിന്നാക്ക വികസന കോർപറേഷൻ കൊല്ലം ശാഖയിൽനിന്ന് എസ്.എൻ.ഡി.പി അഞ്ചുകോടി വായ്പയെടുത്തത്. കോർപറേഷൻ അധികൃതർ അന്വേഷിച്ചത്തെി നടപടിയെടുത്തപ്പോഴാണ് പലരും തങ്ങളുടെ പേരിൽ വായ്പയെടുത്ത വിവരം അറിയുന്നത്. 

ഏകദേശം അയ്യായിരത്തോളം കുടുംബങ്ങൾ ഇതിന്റെ പേരിൽ റവന്യൂ റിക്കവറി നടപടികൾ നേരിടുന്ന സാഹചര്യം ഉണ്ടായതിനെ തുടർന്നാണ് സംഭവം പുറത്തായത്. പത്തനംതിട്ട എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റും കെപ്‌കോ ചെയർമാനുമായ കെ. പത്മകുമാറിനെ പ്രതിയാക്കി 2015 നവംബറിൽ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു. തുടർന്ന് പന്ത്രണ്ടോളം കേസുകൾ ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യപ്പെട്ടു. തുടർന്ന് എസ്.എൻ.ഡി.പി. യോഗം യൂണിയനുകളിൽ നടത്തിയ മൈക്രോ ഫിനാൻസ് പദ്ധതിയിൽ വ്യാപകമായി അഴിമതി നടന്നെന്ന് കാണിച്ച് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ പരാതി നൽകി. 

സ്ത്രീകളുടെ പേരിൽ വ്യാജ പദ്ധതിയുണ്ടാക്കി കേരള സംസ്ഥാന പിന്നാക്ക വികസന കോർപറേഷനിൽനിന്ന് കുറഞ്ഞ പലിശയ്ക്ക് എസ്.എൻ.ഡി.പി യോഗം അഞ്ചു കോടി രൂപ വായ്പയെടുത്തതായും ഇതിന്റെ വിതരണത്തിൽ വലിയ ക്രമക്കേട് നടന്നതായുമാണ് ആരോപണം. വി.എസ്. അച്യുതാനന്ദൻ ഒക്ടോബർ 13-ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കാണ് പരാതി നൽകിയത്. 

എന്നാൽ, പരാതിയിൽ നടപടിയെടുക്കാത്തതിനെത്തുടർന്ന് വി.എസ്. രണ്ടാമതും പരാതി നൽകി. നടപടിയെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. പിന്നീട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ഹർജിയിൽ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിജിലൻസ് അന്വേഷണത്തിന് 2016 ജനുവരിയിൽ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. 

മാത്രമല്ല, വെള്ളാപ്പള്ളിയും എം.എൻ. സോമനും പിന്നാക്ക വികസന കോർപ്പറേഷനിൽനിന്ന് കൈപ്പറ്റിയ 12.6 കോടി രൂപയിൽ 3.67 കോടി ഉടൻ മടക്കിനൽകിയില്ലെങ്കിൽ ജപ്തിനടപടി സ്വീകരിക്കുമെന്ന് പിന്നാക്ക വികസന കോർപ്പറേഷൻ നോട്ടീസും നൽകിയിരുന്നു മൈക്രോ ഫിനാൻസ് കേസിൽ ഏത് വെല്ലുവിളിയും നേരിടുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നേരത്തേ വ്യക്തമാക്കിയിരുന്നു. ഒരു കുറ്റവും ചെയ്തിട്ടില്ല. 

അതുകൊണ്ട് കേസിൽനിന്ന് ഒളിച്ചോടില്ല. എഫ്.ഐ.ആർ ഇട്ടതുകൊണ്ട് താൻ കുറ്റവാളിയാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !