തിരുവനന്തപുരം: ആര്യനാട് രണ്ടര വയസ്സുകാരി ഐഷ ഫാത്തിമ മരിച്ച സംഭവത്തില്‍ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് കുട്ടിയുടെ പിതാവ് സിദ്ദിഖ്. കുത്തിവയ്പുകള്‍ എടുത്തതിനു ശേഷമാണ് കുട്ടിയുടെ നില വഷളായതെന്നും ആംബുലന്‍സില്‍ കുട്ടിക്കൊപ്പം കയറാന്‍ പോലും ഡോക്ടര്‍മാര്‍ സമ്മതിച്ചില്ലെന്നും സിദ്ദിഖ് പറഞ്ഞു.
‘‘കണ്ണില്‍ തടിപ്പും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഐഷയെ 22ന് ഉച്ചയ്ക്ക് 11 മണിക്കു ശേഷം ആര്യനാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. നെബുലൈസേഷന് ചികിത്സയാണ് നല്‍കിയത്. അതിനിടയ്ക്ക് വെള്ളവും മിഠായിയും വേണമെന്ന് അവള് പറഞ്ഞു. ഞാന്‍ കന്റീനില്‍ പോയി അതു വാങ്ങി വന്നപ്പോള്‍ അവള് നെബുലൈസേഷന് കഴിഞ്ഞ് നന്നായി ഇരിക്കുകയായിരുന്നു. കൊണ്ടുവന്നപ്പോള്‍ ഹൃദയമിടിപ്പ് ഇത്തിരി കൂടുതലായിരുന്നു. അതും നോര്‍മലായിരുന്നു. വെള്ളം കൊടുക്കട്ടെ എന്നു ചോദിച്ചപ്പോള്‍ കുത്തിവയ്പു കഴിഞ്ഞു മതിയെന്നു പറഞ്ഞു. ആദ്യം ഒരു കുത്തിവയ്പെടുത്തു. തൊട്ടുപിന്നാലെ അതേ സ്ഥലത്തു തന്നെ മറ്റൊരു കുത്തിവയ്പു കൂടി എടുത്തു. അതോടെ പെട്ടെന്ന് അവളുടെ മുഖം ഒരു വശത്തേക്കു കോടിപ്പോയി. ശ്വാസം കിട്ടാത്തതു പോലെ എടുത്തുവലിച്ചു. അതിനു ശേഷം കുഴഞ്ഞുവീണു.

ഡോക്ടര്‍മാര്‍ സ്വന്തമായി തീരുമാനമെടുക്കുകയായിരുന്നു. അഡ്രിനാലിന്‍ കുത്തിവയ്പാണ് നല്‍കിയതെന്നാണ് എഴുതിയിരിക്കുന്നത്. അലര്‍ജി ടെസ്റ്റ് പോലും ചെയ്യാതെയാണ് കുട്ടിക്ക് അവര്‍ കുത്തിവയ്പ് നല്‍കിയത്’’ - സിദ്ദിഖ് പറഞ്ഞു.
ഡോക്ടര്‍ പറഞ്ഞത് പോലെ കുഞ്ഞിനെ ഒന്നും കടിച്ചിട്ടില്ലെന്നും ആശുപത്രിയില്‍ വച്ച് ഡോക്ടര്‍ അങ്ങനെ ഒരു കാര്യം പറഞ്ഞില്ലെന്നും സിദ്ദിഖ് പറഞ്ഞു. തിരുവനന്തപുരം ചക്കിപ്പാറ സ്വദേശിയാണ് സിദ്ദിഖ്. 18ന് കുട്ടിക്ക് ശ്വാസതടസ്സത്തിനും കണ്‍പോളയിലെ തടിപ്പിനും ആര്യനാട് ഗവ.ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ശിശുരോഗ വിദഗ്ധനെ കാണിക്കാനായി 19ന് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. വസ്ത്രങ്ങളുടെയോ ആഹരത്തിന്റെയോ അലര്‍ജിയാണെന്നാണ് ഡോക്ടര്‍ പറഞ്ഞത്. കണ്ണാശുപത്രിയില്‍ കാണിക്കാന്‍ നിര്‍ദേശിച്ചതനുസരിച്ച് 20ന് സ്വകാര്യ കണ്ണാശുപത്രിയിലും ചികിത്സ തേടി. ഞായറാഴ്ച ഉച്ചയ്ക്ക് 11ന് വീട്ടില്‍ വച്ചു കുഞ്ഞിന് അസ്വസ്ഥതയുണ്ടായി. തളര്‍ച്ചയും ശ്വാസതടസ്സവും കൂടിയതോടെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശിശുരോഗ വിദഗ്ധന്‍ അവധിയിലായിരുന്നു. മറ്റൊരു ഡോക്ടറാണു പരിശോധിച്ചത്. നെബുലൈസ് ചെയ്തതിനു ശേഷം കുത്തിവയ്പുകള്‍ നല്കി. ഇതോടെ കുട്ടിയുടെ ഹൃദയമിടിപ്പ് കൂടി, ആരോഗ്യനില വഷളായി. ഈ ആശുപത്രിയിലെ 2 ഡോക്ടര്‍മാരും സിദ്ദിഖിന്റെ മാതാവ് ജുനൈദാ ബീവിയും ആംബുലന്‍സില്‍ കുട്ടിയെ മറ്റൊരു സ്വകാര്യ ആശുപത്രി കാഷ്വല്‍റ്റിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സിദ്ദിഖിന്റെ പരാതിയില്‍ ആശുപത്രിയില്‍നിന്നു ചികിത്സാ രേഖകള്‍ ഉള്‍പ്പെടെ ശേഖരിച്ച് വിദഗ്ധ സംഘത്തിനു കൈമാറുമെന്ന് ആര്യനാട് പൊലീസ് പറഞ്ഞു. വെള്ളനാട് പുനലാല്‍ ചക്കിപ്പാറ ഷാനിമ മന്‍സിലില്‍ സിദ്ദിഖ്-ഫാസില ദമ്പതികളുടെ മകള്‍ ഐഷ ഫാത്തിമ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം മരിച്ചുവെന്ന പരാതിയിലാണ് ആര്യനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. വിദഗ്ധ ഡോക്ടര്‍മാരുടെ പാനല്‍ രേഖകള്‍ പരിശോധിച്ച ശേഷം നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യം തീരുമാനിക്കുമെന്ന് ആര്യനാട് എസ്എച്ച്ഒ പറഞ്ഞു. പൊലീസ് സിദ്ധിഖിന്റെ മൊഴിയെടുത്തിരുന്നു. ഇരട്ടക്കുട്ടികളിലൊരാളാണ് ഐഷ. അതേ സമയം, കുട്ടിക്ക് ജീവന്‍രക്ഷാ മരുന്നുകളാണു നല്‍കിയതെന്നും ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും ഡോക്ടര്‍ പറഞ്ഞു. ശ്വാസം മുട്ടലിനു ചികിത്സ തേടിയാണ് 11.38ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.
നെബുലൈസേഷന് വിത്ത് ബ്യുഡികോര്‍ട്ട് ആണ് നല്‍കിയത്. പിന്നിട് കുട്ടി കുഴഞ്ഞുവീഴുകയും ഹൃദയമിടിപ്പ് കുറയുകയും ചെയ്തപ്പോള്‍ അഡ്രിനാലിന്‍ കുത്തിവയ്പു നല്കി. ഈ രണ്ടു മരുന്നുകളും ഒരിക്കലും കുട്ടിയുടെ മരണത്തിന് ഇടയാക്കില്ല. നാലഞ്ചു ദിവസം മുന്‍പ് കുട്ടിക്കു മുഖത്തു നീര് കാരണം മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അപ്പോള്‍ കൊടുത്ത മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍ മൂലമാകാം നില വഷളായതെന്നും സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.