പത്തനംതിട്ട ;ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി അന്വേഷണം പുരോഗമിക്കുമ്പോൾ കൂടുതൽ ക്ഷേത്രങ്ങളിലെ ക്രമക്കേടുകളും മോഷണ വിവരങ്ങളും പുറത്തേയ്ക്ക്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള പ്രശസ്തമായ മലയാലപ്പുഴ ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന പൂജാ സാധനങ്ങൾ ജീവനക്കാരുടെ ഒത്താശയോടെ മോഷ്ടിച്ചു കടത്തുന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 2025 മേയ് മാസം ദേവസ്വം ബോർഡ് വിജിലൻസ് നടത്തിയ അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങളാണ് പുറത്തുവന്നത്.മലയാലപ്പുഴയിൽ ഭക്തർ സമർപ്പിക്കുന്ന പൂജാ സാധനങ്ങൾ ക്ഷേത്രത്തിൽ ഉപയോഗിക്കാതെ വീണ്ടും സമീപത്തെ പൂജ സ്റ്റാളിൽ വിൽപനയ്ക്ക് എത്തിക്കുന്നതായിട്ടാണ് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയത്.ക്ഷേത്രത്തിൽ ലഭിക്കുന്ന പൂജാ സാധനങ്ങൾ ദേവസ്വം ജീവനക്കാരുടെ ഒത്താശയോടെ മറിച്ചു വിൽക്കുന്നതായി കഴിഞ്ഞ മേയ് മാസം വിജിലൻസിന് പരാതി ലഭിച്ചിരുന്നു. ഇതേതുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജിലൻസ് പരിശോധന നടത്തുകയും ക്ഷേത്രത്തിലെ സിസിടിവി പരിശോധിക്കുകയും ചെയ്തു.15 ദിവസത്തെ ദൃശ്യങ്ങൾ സൂക്ഷിക്കാനുള്ള ശേഷി മാത്രമാണ് സിസിടിവി ഹാർഡ് ഡിസ്കിനുണ്ടായിരുന്നത്. ക്യാമറ ദൃശ്യങ്ങളിൽ മോഷണ പരാതി ശരിയെന്നു കണ്ടെത്തിയിരുന്നു. മേയ് 29നു ക്ഷേത്രത്തിൽനിന്ന് രഞ്ജിത്ത് എന്നയാൾ പൂജാസാധനങ്ങൾ കടത്തിക്കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്.അന്വേഷണത്തിൽ ഇയാൾ സമീപത്തെ പൂജാ സ്റ്റാളിലെ ജീവനക്കാരനാണെന്നു കണ്ടെത്തി. വിരമിച്ച ദേവസ്വം ഉദ്യോഗസ്ഥനായിരുന്നു ഈ സ്റ്റാളിന്റെ നടത്തിപ്പുകാരൻ.മോഷണം കണ്ടെത്തിയ സംഭവത്തിൽ മലയാലപ്പുഴ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ രഞ്ജിത്തിനെതിരെ കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ ക്ഷേത്ര ജീവനക്കാരുടെ പങ്ക് കൂടി അന്വേഷിക്കാൻ ആവശ്യപ്പെട്ട് പൊലീസിനു ദേവസ്വം കത്തുനൽകിയിരുന്നു. അന്വേഷണത്തിൽ ദേവസ്വം വാച്ചർ ശൈലേഷിനു മോഷണത്തിൽ പങ്കുള്ളതായി കണ്ടെത്തി. സിസിടിവിയിലും പൂജാ സാധനങ്ങൾ അടങ്ങിയ ചാക്കുമായി രഞ്ജിത്ത് പോകുമ്പോൾ ശൈലേഷുമായി സംസാരിക്കുന്ന ദൃശ്യങ്ങളുണ്ട്.
ക്ഷേത്രത്തിനടുത്തുള്ള പൂജാസ്റ്റാൾ ലേലത്തിെനെടുത്തു നടത്തുന്ന വിരമിച്ച ദേവസ്വം ജീവനക്കാരൻ കുഞ്ഞുമോന്റെ കടയിലെ ജീവനക്കാരനാണ് രഞ്ജിത്ത്. ലേലത്തിൽ സ്റ്റാൾ എടുത്തെങ്കിലും ലേലത്തുകയായ 8,26,303 രൂപ കുഞ്ഞുമോൻ ദേവസ്വത്തിന് അടച്ചിട്ടില്ലെന്നും കണ്ടെത്തിയിരുന്നു. ഇതിൽ വീഴ്ച സംഭവിച്ച ഉദ്യോഗസ്ഥൻമാർക്കെതിരെ നടപടി എടുക്കണമെന്നും വിജിലൻസ് ആവശ്യപ്പെട്ടിരുന്നു.
അതേസമയം കൂടുതൽ അന്വേഷണം നടത്തുകയോ വീഴ്ച സംഭവിച്ചവർക്കെതിരെ നടപടി എടുക്കുകയോ ചെയ്തില്ലെന്നും ആക്ഷേപമുണ്ട്. ശബരിമല സ്വർണക്കവർച്ചയുടെ പശ്ചാത്തലത്തിലാണ് മലയാലപ്പുഴയിലെ പൂജാ സാധനങ്ങൾ മോഷണം പോയ സംഭവം വീണ്ടും ചർച്ചയാകുന്നത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.