മിന്ന: വടക്കൻ നൈജീരിയയിലെ നൈജർ പ്രവിശ്യയിൽ സായുധ സംഘം നടത്തിയ ആസൂത്രിത ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു.
ബോർഗുവിലെ കസുവാൻ-ദാജി ഗ്രാമത്തിലുള്ള കത്തോലിക്കാ ആരാധനാലയത്തിന് നേരെയാണ് ശനിയാഴ്ച വൈകുന്നേരം ആക്രമണമുണ്ടായത്.പ്രാർത്ഥനയ്ക്കിടെ ഇരച്ചുകയറിയ ആയുധധാരികൾ ഗ്രാമവാസികൾക്ക് നേരെ വെടിയുതിർക്കുകയും പ്രദേശത്തെ ചന്തയും വീടുകളും അഗ്നിക്കിരയാക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും വിശ്വാസികളാണെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ആരാധനാലയത്തിൽ നിന്ന് നിരവധി പേരെ അക്രമികൾ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. തട്ടിക്കൊണ്ടുപോയവരിൽ ഏറെയും കുട്ടികളാണെന്ന് പള്ളി വികാരി വെളിപ്പെടുത്തി. നിരവധി പേരെ കാണാതായ സാഹചര്യത്തിൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് പോലീസ് വക്താവ് വാസിയു അബിയോദുൻ പ്രസ്താവനയിലൂടെ അറിയിച്ചു.
ഒരു ആഴ്ചയായി അക്രമി സംഘം പ്രദേശത്ത് ചുറ്റിത്തിരിഞ്ഞിരുന്നതായും സുരക്ഷാ സംവിധാനങ്ങളുടെ അഭാവം അക്രമികൾ മുതലെടുത്തതായും റിപ്പോർട്ടുകളുണ്ട്.നൈജീരിയൻ പ്രസിഡന്റ് ബോല ടിനുബു ആക്രമണത്തിൽ അതൃപ്തി രേഖപ്പെടുത്തി.
അക്രമികളെ എത്രയും വേഗം കണ്ടെത്തി ബന്ദികളെ മോചിപ്പിക്കാൻ സുരക്ഷാ സേനയ്ക്ക് അദ്ദേഹം കർശന നിർദ്ദേശം നൽകി. ഉൾഗ്രാമങ്ങളിൽ വർദ്ധിച്ചുവരുന്ന ഇത്തരം സായുധ ആക്രമണങ്ങൾ തടയാൻ കർശനമായ സൈനിക നീക്കം വേണമെന്ന ആവശ്യം ഇതോടെ ശക്തമായിട്ടുണ്ട്. നിലവിൽ സൈന്യവും പോലീസും ചേർന്ന് പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.
നൈജീരിയയിലെ വടക്കൻ മേഖലകളിൽ സായുധ സംഘങ്ങളുടെ അക്രമം നിത്യസംഭവമായി മാറുകയാണ്. കഴിഞ്ഞ നവംബറിൽ പാപിരിയിലെ കത്തോലിക്കാ സ്കൂളിൽ നിന്ന് മുന്നൂറിലധികം വിദ്യാർത്ഥികളെയും അധ്യാപകരെയും സായുധ സംഘം തട്ടിക്കൊണ്ടുപോയിരുന്നു. മതസ്ഥാപനങ്ങളെയും വിദ്യാലയങ്ങളെയും ലക്ഷ്യമിട്ടുള്ള ഇത്തരം ആസൂത്രിത ആക്രമണങ്ങൾ രാജ്യത്തെ ക്രമസമാധാന നിലയെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.