പൊന്നാനി ; ആറുമാസം കൊണ്ടു ബിരുദവും ബിരുദാനന്തര ബിരുദവും ലഭിക്കുമെന്ന പരസ്യം കണ്ടു പണം നൽകി സർട്ടിഫിക്കറ്റ് വാങ്ങിയവരുടെ കൂട്ടത്തിൽ നിങ്ങളും ഉണ്ടോ.? എങ്കിൽ ആ സർട്ടിഫിക്കറ്റ് ഒന്നുകൂടി പരിശോധിച്ചു നോക്കുക. ഒന്നാന്തരം വ്യാജനായിരിക്കാം.
സംസ്ഥാനത്തെ 10 ലക്ഷം പേർക്ക് ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ എത്തിയെന്നാണു പൊന്നാനി പൊലീസിന്റെ കണ്ടെത്തൽ. വ്യാജ എൽഎൽബി, പിഎച്ച്ഡി സർട്ടിഫിക്കറ്റുകൾ വരെ ഇക്കൂട്ടത്തിലുണ്ട്. രാജ്യത്തെ 22 സർവകലാശാലകളുടെ പേരിൽ നടത്തിയ വൻ തട്ടിപ്പ് കഴിഞ്ഞ മാസം ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിന്റെ നേതൃത്വത്തിൽ പുറത്തു കൊണ്ടുവന്നിരുന്നു. ആദ്യ സൂചനകൾ പുറത്തു വന്നത് ഹൈദരാബാദിൽ നിന്നായിരുന്നു.ഹൈദരാബാദ് എയർപോർട്ട് യുഎസ് നാടുകടത്തിയ തെലങ്കാന നൽഗൊണ്ട സ്വദേശിയായ പകീരു ഗോപാൽ റെഡ്‍ഡി എന്ന യുവാവ് ആ രാത്രിയിൽ ഹൈദരാബാദ് രാജീവ് ഗാന്ധി എയർപോർട്ടിൽ വന്നിറങ്ങി. ഉന്നത പഠനത്തിനായി യുഎസിലേക്കു പോയ റെഡ്ഡി ദിവസങ്ങൾക്കുള്ളിലാണു നാടുകടത്തപ്പെടുന്നത്.
എയർപോർട്ട് എമിഗ്രേഷൻ ഓഫിസർ എൻ.ജോൺകുമാർ ഇയാളെ വിശദമായി പരിശോധിച്ചു. ഇയാളുടെ ബിരുദ സർട്ടിഫിക്കറ്റ് എടുത്തു നോക്കിയപ്പോൾ ഒറിജിനലിനെ വെല്ലുന്ന ഒന്നാന്തരം വ്യാജനാണെന്ന് കണ്ടെത്തി. ഇത് കയ്യോടെ പൊക്കിയതോടെയാണ് ഗോപാൽ റെഡ്ഡിയെ ഉടൻ തന്നെ നാടുകടത്തിയത്.എമിഗ്രേഷൻ ഓഫിസർ ഹൈദരാബാദ് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയപ്പോഴാണ് വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ പരസ്യ വാചകങ്ങളുമായി പ്രവർത്തിക്കുന്ന ധനലക്ഷ്മി ഓവർസീസ് കൺസൽറ്റൻസിയെ കുറിച്ചറിയുന്നത്.
രാജ്യത്തെ സർവകലാശാലകളുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ചു നൽകുന്ന സ്ഥാപനമാണ്. ഇവിടെ നിന്നാണ് ഗോപാൽ റെഡ്ഡിക്ക് വ്യാജ സർട്ടിഫിക്കറ്റ് ലഭിക്കുന്നത്. ഹൈദരാബാദിലെ ഇൗ സ്ഥാപനത്തിലേക്ക് സർട്ടിഫിക്കറ്റുകൾ എത്തുന്നത് കേരളത്തിൽ നിന്നാണെന്നു കണ്ടെത്തി. പ്രതികളെ തേടി ഹൈദരാബാദ് പൊലീസ് കേരളത്തിലെത്തിയെങ്കിലും പ്രതികൾ തന്ത്രപരമായി രക്ഷപ്പെട്ടു.
പൊന്നാനി ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിന് രഹസ്യ വിവരം കിട്ടി; പൊന്നാനിയിലെ ഒരു സ്ഥാപനത്തിൽ വിവിധ സർവകലാശാലകളുടെ സർട്ടിഫിക്കറ്റുകൾ നൽകുന്നുണ്ട്. സംഭവം ഡിവൈഎസ്പി എ.ജെ.ജോൺസൺ, സിഐ എസ്.അഷ്റഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു തുടങ്ങി. ചമ്രവട്ടം ജംക്‌ഷനിലെ മാർക് എജ്യുക്കേഷൻ കൺസൽറ്റൻസിയെ ചുറ്റിപ്പറ്റിയായിരുന്നു അന്വേഷണം. പൊന്നാനി പൊലീസ് ജംക്‌ഷനിലെ ഇൗ സ്ഥാപനത്തിലേക്ക് എത്തി.
നരിപ്പറമ്പ് സ്വദേശി മൂച്ചിക്കൽ വീട്ടിൽ ഇർഷാദിന്റേതാണ് സ്ഥാപനം. ഇയാളുടെ വീട്ടിലും സ്ഥാപനത്തിലും പരിശോധന നടത്തിയപ്പോൾ രാജ്യത്തെ വിവിധ സർവകലാശാലകളുടെ പേരിലുള്ള നൂറോളം സർട്ടിഫിക്കറ്റുകൾ കണ്ടെത്തി. പിഎച്ച്ഡി, പിജി, ബിഎഡ്, ബിടെക് തുടങ്ങി 52 കോഴ്സുകളുടെ സർട്ടിഫിക്കറ്റുകളാണ് ഇൗ സ്ഥാപനത്തിൽ തയാറാക്കി വച്ചിരിക്കുന്നത്. ഇതെല്ലാം തിരുവനന്തപുരത്തു നിന്നു വന്ന കുറിയർ പാക്കറ്റുകളിലാണ് ഇരിക്കുന്നത്. പൊലീസ് ഇൗ സ്ഥാപനത്തിന്റെ പ്രവർത്തന രീതികൾ വിശദമായി പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന തട്ടിപ്പുകൾ പുറത്തുവരുന്നത്.‘മുടങ്ങിപ്പോയ പഠനം ജോലിയോടൊപ്പം’ ചമ്രവട്ടം ജംക്‌ഷനിലെ മാർക്ക് എജ്യുക്കേഷൻ കൺസൽറ്റൻസിയുടെ പരസ്യവാചകം കണ്ടാൽ ആരും ഒന്നു കയറി നോക്കും. മുടങ്ങിപ്പോയ പഠനം ഡിസ്റ്റൻസ് ഓൺലൈൻ വഴി പൂർത്തിയാക്കാം. എംബിഎ, എംകോം, ബിഎഡ്, ബിടെക്, ഡിപ്ലോമ തുടങ്ങി എസ്എസ്എൽസി, പ്ലസ്ടു സർട്ടിഫിക്കറ്റുകൾ വരെ ഇൗ സ്ഥാപനം സംഘടിപ്പിച്ചു നൽകുന്നുണ്ട്. പരസ്യവാചകം കണ്ടു നൂറുകണക്കിന് ഉദ്യോഗാർഥികൾ ഇൗ സ്ഥാപനത്തെ സമീപിച്ചിട്ടുമുണ്ട്.
ആറുമാസം കൊണ്ട് ബിരുദ സർട്ടിഫിക്കറ്റ് ഇവർ നൽകും. ബിരുദാനന്തര ബിരുദവും, എൽഎൽബിയും പിഎച്ച്ഡി സർട്ടിഫിക്കറ്റും വരെ റെഡിയാണ്. രാജ്യത്തെ പ്രധാനപ്പെട്ട സർവകലാശാലകളുടെ അംഗീകൃത സ്ഥാപനമെന്ന നിലയിലാണ് ഇവരുടെ പ്രവർത്തനം. ഒരു സർട്ടിഫിക്കറ്റിന് 75,000 മുതൽ ഒന്നര ലക്ഷം രൂപ വരെയാണ് വാങ്ങിക്കുന്നത്. സ്ഥാപനത്തിൽ നിന്നു കിട്ടിയ സർട്ടിഫിക്കറ്റുകൾ പൊലീസ് വിശദമായി പരിശോധിച്ചു. എല്ലാം വ്യാജമെന്ന് ബോധ്യപ്പെട്ടു. സ്ഥാപന നടത്തിപ്പുകാരനായ ഇർഷാദിനെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ സമാന തട്ടിപ്പ് തിരൂരിലും നടക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടു. അന്വേഷണം തിരൂരിലേക്ക് നീങ്ങി.
‘എജ്യു ഹബ് കൺസൽറ്റൻസി’ തിരൂരിലെ ഫോർസ മാളിൽ പ്രവർത്തിക്കുന്ന എജ്യു ഹബ് എന്ന സ്ഥാപനത്തിലേക്ക് പൊലീസെത്തി. അത്യാകർഷകമായ പരസ്യ വാചകങ്ങളുമായി പ്രവർത്തിക്കുന്ന ഇൗ സ്ഥാപനത്തിലേക്ക് ആയിരക്കണക്കിന് യുവതീയുവാക്കൾ സർട്ടിഫിക്കറ്റുകൾക്കായി എത്തിയിട്ടുണ്ടെന്ന് മനസ്സിലായി. വിശദമായ പരിശോധനയിൽ നൂറുകണക്കിന് വ്യാജ സർട്ടിഫിക്കറ്റുകൾ പിടിച്ചെടുത്തു. എല്ലാം പണം നൽകി മുൻകൂട്ടി ബുക്ക് ചെയ്തവർക്കു വേണ്ടി അച്ചടിച്ചു കൊണ്ടുവന്ന വ്യാജ സർട്ടിഫിക്കറ്റുകൾ. പൊന്നാനിയിലേതു പോലെ തന്നെ ഇവിടേക്കും തിരുവനന്തപുരത്തു നിന്നാണ് സർട്ടിഫിക്കറ്റുകളെല്ലാം കുറിയറായി വന്നിരിക്കുന്നത്.
എജ്യു ഹബിന്റെ നടത്തിപ്പുകാരൻ തിരൂർ പയ്യനങ്ങാടി സ്വദേശി ചാലുപറമ്പിൽ അബ്ദുൽ നിസാറിനെയും ഇയാളുടെ സഹായി പുറത്തൂർ പുതുപ്പള്ളി സ്വദേശി നമ്പ്യാരകത്ത് രാഹുലിനെയും പൊലീസ് അറസ്റ്റ് ചെയ്തു. തിരൂരിലെയും പൊന്നാനിയിലെയും സ്ഥാപനങ്ങളിലേക്ക് സർട്ടിഫിക്കറ്റുകൾ വരുന്നത് തിരുവനന്തപുരത്തെ കുറിയർ സ്ഥാപനത്തിൽ നിന്നാണ് പൊലീസിന് ബോധ്യപ്പെട്ടു.
സർട്ടിഫിക്കറ്റുകൾ അയച്ചു നൽകുന്നത് ജോസ് എന്നയാളാണെന്ന് ഇവർ മൊഴി നൽകി. ഒന്നും രണ്ടുമല്ല, ആയിരക്കണക്കിന് വ്യാജ സർട്ടിഫിക്കറ്റുകളാണ് ഓരോ മാസവും പുറത്തിറങ്ങുന്നത്. തട്ടിപ്പിന്റെ ആഴം മനസ്സിലാക്കി പൊലീസ് അന്വേഷണ സംഘത്തെ രൂപീകരിച്ചു. വ്യാജ സർട്ടിഫിക്കറ്റുകളുടെ അടിവേരു തേടി പൊലീസ് ഇറങ്ങി.. നാളെ : വൻ തട്ടിപ്പ്, 750 കോടിക്കും മുകളിൽ








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.