മഹാരാഷ്ട്രയുടെ മർമ്മമറിഞ്ഞ ജനസേവകൻ അജിത് പവാർ വിടവാങ്ങുമ്പോൾ ബാക്കിയാകുന്ന ചോദ്യം..അപകടമോ..കൊലപാതകമോ..?

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിലൊരാളായ അജിത് പവാർ വിമാനാപകടത്തിൽ അന്തരിച്ചതോടെ ഇന്ത്യൻ രാഷ്ട്രീയത്തിന്, പ്രത്യേകിച്ച് മഹാരാഷ്ട്രയ്ക്ക് ഇത് നികത്താനാകാത്ത നഷ്‌ടമാണ്.

പൊടുന്നനെയുണ്ടായ അദ്ദേഹത്തിൻ്റെ വേർപാട് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ഞെട്ടലുണ്ടാക്കി. സഹപ്രവർത്തകർ മാത്രമല്ല, ജീവിതത്തിൻ്റെ നാനാതുറകളിലുള്ളവരും ഈ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. മറാത്തയുടെ രാഷ്ട്രീയ ഭൂപടം രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച ഒരു കരുത്തുറ്റ നേതാവായി ഇന്ത്യൻ രാഷ്ട്രീയം അദ്ദേഹത്തെ എന്നും സ്‌മരിക്കും.

1959-ൽ ഒരു രാഷ്ട്രീയ കുടുംബത്തിൽ ജനിച്ച അദ്ദേഹം, 1999-നും 2023-നും ഇടയിൽ പലതവണയായി മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ കാലം ഉപമുഖ്യമന്ത്രി പദം അലങ്കരിച്ച നേതാവായി മാറി. മഹാരാഷ്ട്രയുടെ പൊതുവികാരം ഉൾക്കൊണ്ട വ്യക്തിയായാണ് 'ദാദ' എന്ന് സ്നേഹപൂർവ്വം വിളിക്കപ്പെട്ടിരുന്ന അജിത് അനന്തറാവു പവാര്‍. ദിവസവും 16-17 മണിക്കൂർ ജനസേവനത്തിനായി നീക്കിവയ്ക്കു‌ന്നതും ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പരിശ്രമിക്കുന്നതുമായ അദ്ദേഹത്തിൻ്റെ സാന്നിധ്യം സംസ്ഥാന രാഷ്ട്രീയത്തിൽ എന്നും തിളങ്ങിനിന്നു.

പുലർച്ചെ 6 മണിക്ക് എഴുന്നേൽക്കുന്ന ശീലവും കാര്യങ്ങൾ പെട്ടെന്ന് തീരുമാനിക്കുന്ന ശൈലിയും അദ്ദേഹത്തിനുണ്ടായിരുന്നു. വാചകക്കസർത്തുകൾ നടത്താത്ത നേതാവെന്ന നിലയിലായിരുന്നു അദ്ദേഹത്തിൻ്റെ പൊതുപ്രതിച്ഛായ. വെറുതെ വാഗ്‌ദാനങ്ങൾ നൽകുന്നതിന് പകരം, ഓരോ വിഷയങ്ങളിലും തൻ്റെ ഉറച്ച നിലപാട് പറയാനും അത് പ്രാവര്‍ത്തികമാക്കാനും അദ്ദേഹം മടിച്ചിരുന്നില്ല.

വികസനത്തെക്കുറിച്ചുള്ള അജിത് പവാറിൻ്റെ വ്യക്തമായ കാഴ്ചപ്പാടുകൾ മൂന്ന് പതിറ്റാണ്ടോളം മഹാരാഷ്ട്രയുടെ രാഷ്ട്രീയ-സാമൂഹിക ജീവിതത്തെ സ്വാധീനിച്ചു. 'നവ മഹാരാഷ്ട്രയുടെ ശില്പി' എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ തൻ്റെ കൃത്യനിഷ്ഠയുടെ പേരിലും അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അജിത് പവാർ (ജൂലൈ 22, 1959 - ജനുവരി 28, 2026)

ഒരു പൊതുസേവകൻ എന്ന നിലയിലുള്ള ആദ്യകാല ജീവിതം

1959 ജൂലൈ 22-ന് മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ജില്ലയിലുള്ള രാഹൂരി താലൂക്കിലെ ദേവ്‌ലാലി പ്രവരയിലാണ് അജിത് പവാർ ജനിച്ചത്. പിതാവിൻ്റെ വിയോഗത്തെത്തുടർന്ന് ചെറുപ്പത്തിൽ തന്നെ കുടുംബത്തിൻ്റെ ഉത്തരവാദിത്തങ്ങൾ അദ്ദേഹത്തിന് ഏറ്റെടുക്കേണ്ടി വന്നു. ഈ അനുഭവമാണ് സാധാരണക്കാരുടെ, പ്രത്യേകിച്ച് കർഷകരുടെ പോരാട്ടങ്ങളോട് അദ്ദേഹത്തെ അടുപ്പിച്ചത്. ഗ്രാമീണ മേഖലയിലെ ദുരിതങ്ങളും താഴെത്തട്ടിലുള്ള പ്രശ്നങ്ങളും പ്രാദേശിക ഭരണരീതിയും മനസ്സിലാക്കാൻ ഇത് അദ്ദേഹത്തെ സഹായിച്ചു.

മഹാരാഷ്ട്രയിലെ സഹകരണ മേഖലയിലൂടെയാണ് അദ്ദേഹം തൻ്റെ പൊതുപ്രവർത്തനം ആരംഭിച്ചത്. പഞ്ചസാര മില്ലുകൾ, പാൽ യൂണിയനുകൾ, സഹകരണ ബാങ്കുകൾ എന്നിവയിൽ അദ്ദേഹം പ്രവർത്തിച്ചു. 1982-ൽ ഒരു പഞ്ചസാര സഹകരണ സംഘത്തിലൂടെയാണ് അദ്ദേഹം ഔദ്യോഗികമായി പൊതുജീവിതത്തിലേക്ക് പ്രവേശിച്ചത്. 1991-ൽ പൂനെ ജില്ലാ സെൻട്രൽ കോഓപ്പറേറ്റീവ് ബാങ്കിൻ്റെ ചെയർമാനായ അദ്ദേഹം ഏകദേശം 16 വർഷത്തോളം ആ പദവിയിൽ തുടർന്നു.സഹകരണ സ്ഥാപനങ്ങളുമായുള്ള അദ്ദേഹത്തിൻ്റെ ദീർഘകാല ബന്ധം, പ്രത്യേകിച്ച് പശ്ചിമ മഹാരാഷ്ട്രയിലെ ഷുഗർ ബെൽറ്റിൽ ശക്തമായ ഒരു സംഘടനാ ശൃംഖല കെട്ടിപ്പടുക്കാൻ അദ്ദേഹത്തെ സഹായിച്ചു. പിൽക്കാലത്ത് അദ്ദേഹത്തിൻ്റെ രാഷ്ട്രീയ കരുത്തിൻ്റെയും ഗ്രാമീണ രാഷ്ട്രീയത്തിലെ സ്വാധീനത്തിൻ്റെയും അടിത്തറയായി ഈ സഹകരണ മേഖല മാറി.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം

1991-ൽ ബാരാമതിയിൽ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് അജിത് പവാറിൻ്റെ തെരഞ്ഞെടുപ്പ് ജീവിതം ആരംഭിച്ചത്. എങ്കിലും പിന്നീട് അദ്ദേഹം ആ സ്ഥാനം ഒഴിഞ്ഞു. അതേ വർഷം തന്നെ ബാരാമതിയിൽ നിന്ന് എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ദശകങ്ങളോളം ആ മണ്ഡലത്തെ പ്രതിനിധീകരിച്ചു. കാലക്രമേണ ബാരാമതി അദ്ദേഹത്തിൻ്റെ ശക്തമായ രാഷ്ട്രീയ താവളമായി മാറി. കുടുംബപരമായ ഭിന്നതകളും കടുത്ത രാഷ്ട്രീയ മത്സരങ്ങളും ഉണ്ടായപ്പോഴും ആ മണ്ഡലത്തിൽ തൻ്റെ ആധിപത്യം നിലനിർത്താൻ അദ്ദേഹത്തിന് സാധിച്ചു.പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൻ്റെ അനന്തരവൻ യുഗേന്ദ്ര പവാറിനെ ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയത് മണ്ഡലത്തിലെ അദ്ദേഹത്തിൻ്റെ സ്വാധീനം വീണ്ടും ഉറപ്പിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനം ദുർബലമായിരുന്നപ്പോഴും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച സീറ്റുകളിൽ വലിയ വിജയം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു. സംസ്ഥാന തലത്തിൽ ശക്തമായ സംഘടനാ നിയന്ത്രണവും വോട്ട് ബാങ്കുമുള്ള ഒരു നേതാവെന്ന നിലയിൽ ഇത് അദ്ദേഹത്തിൻ്റെ സ്ഥാനം ശക്തിപ്പെടുത്തി.

ഭരണരംഗത്തെ പങ്കും വളർച്ചയും

മഹാരാഷ്ട്രയിലെ വിവിധ രാഷ്ട്രീയ ഘട്ടങ്ങളിൽ നിർണ്ണായകമായ അധികാരസ്ഥാനങ്ങളിലേക്ക് ആവർത്തിച്ച് തെരഞ്ഞെടുക്കപ്പെട്ടതാണ് അജിത് പവാറിൻ്റെ ഭരണപരമായ വളർച്ചയെ അടയാളപ്പെടുത്തിയത്. 1991-ൽ എം.എൽ.എ ആയതിനുശേഷം, 90-കളുടെ തുടക്കത്തിൽ കൃഷി, ഊർജ്ജം തുടങ്ങിയ വിവിധ വകുപ്പുകളിൽ സഹമന്ത്രിയായി അദ്ദേഹം പ്രവർത്തിച്ചു.

സഖ്യസർക്കാരുകളുടെ രൂപീകരണത്തോടെ, 1999 മുതൽ കോൺഗ്രസ്-നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) ഭരണകൂടങ്ങളിലെ കേന്ദ്രബിന്ദുവായി അദ്ദേഹം മാറി. ജലസേചനം, ജലവിഭവം തുടങ്ങിയ പ്രധാന വകുപ്പുകൾ അദ്ദേഹം കൈകാര്യം ചെയ്‌തു. പിന്നീട് ഗ്രാമവികസന വകുപ്പിൻ്റെ ചുമതല ലഭിച്ച അദ്ദേഹം, കാലക്രമേണ ഊർജ്ജം, ആസൂത്രണം, ധനകാര്യം എന്നീ വകുപ്പുകളും നിയന്ത്രിച്ചു.ജലവിഭവ, ജലസേചന വകുപ്പുകളിലെ പ്രവർത്തനം അദ്ദേഹത്തെ വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ കേന്ദ്രസ്ഥാനത്തെത്തിച്ചു. ധനകാര്യ മന്ത്രി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കാലാവധി സംസ്ഥാന ഭരണയന്ത്രത്തിലെ ഏറ്റവും സ്വാധീനമുള്ള തീരുമാനങ്ങൾ എടുക്കുന്ന വ്യക്തികളിൽ ഒരാളായി അദ്ദേഹത്തെ മാറ്റി. സംസ്ഥാനത്തിൻ്റെ ധനമന്ത്രി എന്ന നിലയിൽ, ബജറ്റ് വിഹിതം നിശ്ചയിക്കുന്നതിലും ആസൂത്രണത്തിലും അദ്ദേഹം പ്രധാന പങ്ക് വഹിച്ചു, ഇത് സർക്കാരിലും ഉദ്യോഗസ്ഥർക്കിടയിലും അദ്ദേഹത്തിൻ്റെ അധികാരം വർധിപ്പിച്ചു.

വിവിധ മുഖ്യമന്ത്രിമാർക്കും രാഷ്ട്രീയ സഖ്യങ്ങൾക്കും കീഴിൽ പലതവണ മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി പവാർ സേവനമനുഷ്ഠിച്ചു. ഈ പദവിയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച വ്യക്തികളിൽ ഒരാളായി അദ്ദേഹം മാറി. ഭരണത്തിലില്ലാതിരുന്ന സമയത്ത് മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവർത്തിച്ചു, ഇത് അധികാരത്തിന് പുറത്തായിരുന്നപ്പോഴും അദ്ദേഹത്തെ നിയമസഭാ രാഷ്ട്രീയത്തിൻ്റെ കേന്ദ്രസ്ഥാനത്ത് നിലനിർത്തി.

2019-ന് ശേഷം അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ജീവിതം വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചു. 2019 നവംബറിൽ ബി.ജെ.പി.യുമായി ചേർന്ന് രൂപീകരിച്ച, ഏതാനും ദിവസങ്ങൾ മാത്രം നീണ്ടുനിന്ന സർക്കാരിൽ അദ്ദേഹം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. പിന്നീട് മഹാ വികാസ് അഘാഡി (എം.വി.എ) സർക്കാരിലും അദ്ദേഹം ഉപമുഖ്യമന്ത്രിയായി തിരിച്ചെത്തി.

2023-ൽ എൻ.സി.പി പിളർത്തി ഭരണസഖ്യത്തിൽ ചേർന്നതോടെ അദ്ദേഹം വീണ്ടും ഉപമുഖ്യമന്ത്രി പദം അലങ്കരിച്ചു. ഇത് സംസ്ഥാന രാഷ്ട്രീയത്തിലെ വലിയൊരു മാറ്റമായിരുന്നു. 2024 ഫെബ്രുവരിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അദ്ദേഹത്തിൻ്റെ വിഭാഗത്തെ ഔദ്യോഗിക എൻ.സി.പിയായി അംഗീകരിക്കുകയും പാർട്ടിയുടെ പേരും ചിഹ്നവും അനുവദിച്ചു നൽകുകയും ചെയ്തു. ഇതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ അദ്ദേഹത്തിൻ്റെ സ്ഥാനം കൂടുതൽ സുരക്ഷിതമായി.വെല്ലുവിളികളും വിവാദങ്ങളും

ജലസേചന പദ്ധതികൾ, സഹകരണ ബാങ്കിംഗ് സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ആരോപണങ്ങളും അജിത് പവാറിൻ്റെ ദീർഘകാല രാഷ്ട്രീയ ജീവിതത്തിൽ ഉണ്ടായിരുന്നു. തനിക്കെതിരായ ആരോപണങ്ങൾ അദ്ദേഹം നിഷേധിക്കുകയും പൊതുജീവിതത്തിൽ തുടരുകയും ചെയ്തു. അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ ഉറച്ചതും തീരുമാനമെടുക്കാൻ കഴിവുള്ളതുമായ ഒരു ഭരണാധികാരിയായി അദ്ദേഹത്തെ കണ്ടപ്പോൾ, വിമർശകർ അദ്ദേഹത്തിൻ്റെ പ്രവർത്തന രീതികളെ ചോദ്യം ചെയ്തു.

അജിത് പവാർ: ഒരു കാലരേഖ

1980-കളുടെ തുടക്കത്തിൽ: സഹകരണ മേഖലയിൽ സജീവമായി, ഒരു പഞ്ചസാര സഹകരണ സംഘത്തിലൂടെ പൊതുജീവിതം ആരംഭിച്ചു.

1982: ഒരു സഹകരണ പഞ്ചസാര ഫാക്ടറിയുടെ ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു, ഇത് രാഷ്ട്രീയത്തിലേക്കും പൊതു സ്ഥാപനങ്ങളിലേക്കുമുള്ള അദ്ദേഹത്തിൻ്റെ ഔദ്യോഗിക പ്രവേശനത്തെ അടയാളപ്പെടുത്തി.

1991-ൽ:

ബാരാമതിയിൽ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

പിന്നീട് ആ സ്ഥാനം രാജിവെച്ചു.

അതേ വർഷം ബാരാമതിയിൽ നിന്ന് എം‌എൽ‌എ ആയി തെരഞ്ഞെടുക്കപ്പെട്ടു, മണ്ഡലത്തിൻ്റെ പ്രതിനിധി എന്ന നിലയിൽ ഒരു നീണ്ട യാത്രയ്ക്ക് തുടക്കമിട്ടു.

പൂനെ ജില്ലാ സെൻട്രൽ കോഓപ്പറേറ്റീവ് ബാങ്കിൻ്റെ ചെയർമാനായി, ഏകദേശം 16 വർഷത്തോളം ആ പദവി വഹിച്ചു.

1991-1992: മഹാരാഷ്ട്രയിൽ കൃഷി, ഊർജ്ജം എന്നീ വകുപ്പുകളുടെ സഹമന്ത്രിയായി സേവനമനുഷ്ഠിച്ചു.

1999: കോൺഗ്രസ്-എൻ‌സി‌പി സർക്കാരിലെ കാബിനറ്റ് മന്ത്രിയായി, ജലസേചന (ജലവിഭവ) വകുപ്പ് കൈകാര്യം ചെയ്തു.

2003: ഗ്രാമവികസന വകുപ്പിൻ്റെ അധിക ചുമതല നൽകി.

2004-2014: തുടർച്ചയായ സംസ്ഥാന സർക്കാരുകളിൽ ജലവിഭവം, ഊർജ്ജം, ധനകാര്യം തുടങ്ങിയ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്നത് തുടർന്നു.

2019 നവംബർ 23: ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായുള്ള, കുറച്ചുകാലം മാത്രം നിലനിന്ന സർക്കാരിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സർക്കാർ വീണതിനെത്തുടർന്ന് ദിവസങ്ങൾക്കുള്ളിൽ രാജിവെച്ചു.

2019 ഡിസംബർ: ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള എം‌വി‌എ സർക്കാരിലും ഉപമുഖ്യമന്ത്രിയായി തിരിച്ചെത്തി.

2022-2023: എം‌വി‌എ സർക്കാരിൻ്റെ പതനത്തിന് ശേഷം മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവായി സേവനമനുഷ്ഠിച്ചു.

2023 ജൂലൈ: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി പിളർത്തി മഹാരാഷ്ട്രയിലെ ഭരണസഖ്യത്തിൽ ചേർന്നു, വീണ്ടും ഉപമുഖ്യമന്ത്രിയായി.

2024 ഫെബ്രുവരി 7: തിരഞ്ഞെടുപ്പ് കമ്മീഷൻ അദ്ദേഹത്തിൻ്റെ വിഭാഗത്തെ ഔദ്യോഗിക എൻ‌സി‌പിയായി അംഗീകരിക്കുകയും പാർട്ടിയുടെ പേരും 'ക്ലോക്ക്' ചിഹ്നവും അനുവദിക്കുകയും ചെയ്തു.

2024: ധനകാര്യം, ആസൂത്രണം ഉൾപ്പെടെയുള്ള പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്ത് സംസ്ഥാന സർക്കാരിലെ പ്രധാന നേതാവായി തുടർന്നു.

വിവാദങ്ങൾക്കും പാർട്ടി പിളർപ്പുകൾക്കും സഖ്യങ്ങൾ മാറിയതിനും ഒക്കെ ശേഷവും, മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിൽ ഒരാളായി അദ്ദേഹം നിലകൊണ്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !