തിരുനാവായ; കേരള കുംഭമേളയ്ക്കു നാളെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കൊടിയുയർത്തും. ഇതിനുള്ള കൊടിയും കൊടിമരവും അങ്ങാടിപ്പുറം ആലിപ്പറമ്പ് കളരിയിൽനിന്ന് ഇന്നു ഘോഷയാത്രയായി എത്തിക്കും.
നാളെ രാവിലെ പതിനൊന്നിനാണ് ഗവർണർ തിരുനാവായയിൽ എത്തുന്നത്. വിവിധ സംസ്ഥാനങ്ങളിലെ സന്യാസിമാർ നിളാ സ്നാനത്തിനായി തിരുനാവായയിൽ എത്തിച്ചേരും. ഫെബ്രുവരി മൂന്നു വരെയാണ് മഹാമാഘ ഉത്സവം എന്ന പേരിൽ കുംഭമേള നടക്കുന്നത്. തമിഴ്നാട്ടിലെ ത്രിമൂർത്തി മലയിൽനിന്ന് ശ്രീചക്രവുമായുള്ള രഥയാത്രയും നാളെ തിരുനാവായയിലേക്കു പുറപ്പെടും. ഇന്ന് മൗനി അമാവാസി ദിനത്തിൽ തിരുനാവായയിൽ കാലചക്രം – ബലി എന്ന പൂജ നടക്കും.വൈകിട്ട് ആറു മുതൽ രാത്രി 11 വരെയാണ് പൂജ. ആചാര്യൻ കുഞ്ഞിരാമൻ പണിക്കരാണ് നേതൃത്വം നൽകുന്നത്. പര എന്ന ദേവതാ ഭാവത്തെ പ്രോജ്വലിപ്പിക്കുന്ന ആരാധനാ സമ്പ്രദായമാണിതെന്നു ചടങ്ങുകൾക്കു നേതൃത്വം നൽകുന്ന സ്വാമി അഭിനവ ബാലാനന്ദ ഭൈരവ പറഞ്ഞു. നൂറിലേറെ വർഷങ്ങൾക്കു ശേഷമാണ് നിളാതീരത്ത് ഈ പൂജ നടക്കുന്നത്. ഇന്നു രാവിലെ ആറു മുതൽ ശ്മശാന ശ്രാദ്ധം എന്ന പിതൃകർമം നടക്കും. ഐവർമഠത്തിലെ ആചാര്യൻ കോരപ്പത്ത് രമേശാണ് നേതൃത്വം നൽകുന്നത്.ഇന്നലെ തിരുനാവായയിൽ വേദശ്രാദ്ധ കർമം നടന്നു. ചെറുമുക്ക് വൈദികൻ വല്ലഭൻ അക്കിത്തിരിപ്പാട് ആചാര്യനായി. കൂശ്മാണ്ഡി ഹോമവും ഇന്നലെ നടത്തി. യജുർവേദ മന്ത്രങ്ങളോടെയാണ് കൂശ്മാണ്ഡി ഹോമം നടത്തിയത്. ശബരിമല മുൻ മേൽശാന്തി അരീക്കര സുധീർ നമ്പൂതിരി നേതൃത്വം നൽകി.നാളെ മുതൽ നവകോടി നാരായണ ജപാർച്ചന തുടങ്ങും. ക്ഷേത്രങ്ങളിൽനിന്ന് ദീപവുമായി എത്തുന്ന ഭക്തസമിതികൾക്കു മാഘവൃക്ഷവും അശ്വത്ഥ വൃക്ഷത്തൈയും പ്രസാദമായി നൽകും.
വിവിധ പരമ്പരകളുടെ പ്രത്യേക അനുഷ്ഠാനങ്ങളും സത്സംഗങ്ങളും വിദ്വൽ സദസ്സുകളും കളരി യോഗ അനുഷ്ഠാനങ്ങളും കലാവതരണങ്ങളും മേളയുടെ ഭാഗമായി നടക്കും. ഇന്ന് മൗനി അമാവാസി ദിനത്തിലും നാളെ മാഘപ്രതിപദത്തിലും 22ന് ഗണേശ ജയന്തിക്കും 23ന് വസന്ത പഞ്ചമിക്കും 25ന് രഥ സപ്തമിക്കും 26ന് ഭീഷ്മാഷ്ടമിക്കും 27ന് മഹാനന്ദാനവമിക്കും 28ന് ഗുപ്തവിജയദശമിക്കും 29ന് ജയ ഏകാദശിക്കും ഫെബ്രുവരി ഒന്നിന് തൈപ്പൂയത്തിനും മൂന്നിന് മകത്തിനും പ്രത്യേക പൂജകൾ നടക്കും.ദീപജ്യോതി, ധ്വജ, ധ്വജസ്‌തംഭ ഘോഷയാത്ര ഇന്ന് പെരിന്തൽമണ്ണ∙ കേരള കുംഭമേളയിലേക്കു ദീപജ്യോതി, ധ്വജ, ധ്വജസ്‌തംഭ ഘോഷയാത്ര ആലിപ്പറമ്പ് കളരിയിൽനിന്ന് ഇന്ന് പുറപ്പെടും. രാവിലെ ഗണപതി ഹോമത്തിനു ശേഷം എട്ടിന് അരക്കുപറമ്പ് അർധനാരീശ്വര ക്ഷേത്രം, കാളികടവ് മഹാകാളി ക്ഷേത്രങ്ങളിൽനിന്നെത്തുന്ന ദീപജ്യോതികൾ കളരിയിൽ സ്വീകരിക്കും. സ്വാമി ആനന്ദവനം ഭാരതി മഹാരാജ് ഉദ്ഘാടനം ചെയ്യും. 10ന് സഹസ്രനാമ ദേവീമാഹാത്മ്യ പാരായണത്തിനു ശേഷം ദീപജ്യോതി, ധ്വജ, ധ്വജസ്‌തംഭ ഘോഷയാത്ര എന്നിവ പുറപ്പെടും. വൈകിട്ട് മൂന്നിന് നാഗപാട്ട്, നാലിന് പൂതനും തിറയുമായി ബന്ധപ്പെട്ട നാടൻപാട്ട്, അഞ്ചിന് ലക്ഷ്‌മീനന്ദന അവതരിപ്പിക്കുന്ന നൃത്ത സായാഹ്നം, ആറിന് സിത്താനി ഭജൻസ് അവതരിപ്പിക്കുന്ന ഭജൻസന്ധ്യ, 8.30ന് വിപിൻ ഗുരുക്കളുടെ നേതൃത്വത്തിൽ ആത്മകളരി സംഘം അവതരിപ്പിക്കുന്ന കളരിപ്പയറ്റ് പ്രദർശനം എന്നിവയും ഉണ്ടാകും. ദീപജ്യോതി, ധ്വജ, ധ്വജസ്‌തംഭ ഘോഷയാത്ര വൈകിട്ട് മൂന്നോടെ തിരുനാവായയിലെത്തും.
വൻ സുരക്ഷാ സംവിധാനങ്ങൾ തിരുനാവായ∙ കേരള കുംഭമേളയ്ക്കു റവന്യു വകുപ്പും പൊലീസും ചേർന്ന് വൻ സുരക്ഷാ സംവിധാനങ്ങളൊരുക്കുന്നു. സുരക്ഷാ സംവിധാനങ്ങൾ ഏകോപിപ്പിക്കാൻ 9 തഹസിൽദാർമാരെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരായി ഇവിടേക്ക് നിയമിച്ചു. 300 പൊലീസ് സേനാംഗങ്ങൾ ഇവിടെയെത്തും. 150 പേർ വീതമടങ്ങുന്ന 2 ബാച്ചുകളായി തിരിഞ്ഞാണ് ഇവരുടെ സുരക്ഷാസേവനം. തിരക്കു കൂടുന്ന ദിവസം കൂടുതൽ സേനാംഗങ്ങളെ എത്തിക്കും. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവയുണ്ടാകും. ദേഹപരിശോധന നടത്തിയാണ് യജ്ഞശാലയിലേക്കും ക്ഷേത്ര പരിസരത്തേക്കും ആളുകളെ കടത്തിവിടുക. 3 ഡീപ് സേർച് മെറ്റൽ ഡിറ്റക്ടറും സ്ഥാപിക്കും. ഇതിലൂടെ മാത്രമേ പ്രവേശിക്കാൻ അനുവദിക്കൂ. പുഴയിലും കരയിലും ബോംബ് സ്ക്വാഡ് ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധന നടത്തും. ഡിവൈഎസ്പി, ഇൻസ്പെക്ടർമാർ എന്നിവർ സുരക്ഷാ കാര്യത്തിൽ മേൽനോട്ടം വഹിക്കും. സുരക്ഷ ഏകോപിപ്പിക്കാനാണ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ നിയമിച്ചിട്ടുള്ളത്.
നൂറോളം സർവീസുകൾ നടത്താൻ കെഎസ്ആർടിസി തിരുനാവായ∙ കേരള കുംഭമേളയ്ക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നൂറോളം സർവീസുകൾ നടത്താൻ കെഎസ്ആർടിസി. ബജറ്റ് ടൂറിസം സെൽ വഴിയാണ് സർവീസുകൾ നടത്തുന്നത്. ഇതിൽ 55 സർവീസുകളിലേക്കുള്ള ആളുകളുടെ ബുക്കിങ് പൂർത്തിയായി. എല്ലാ ഡിപ്പോകളിൽനിന്നും സർവീസുകളുണ്ടാകും. രാവിലെ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലേക്കാണ് ബസുകളെത്തുക. ഇവിടെ ദർശനം നടത്തിയ ശേഷം ചന്ദനക്കാവ് ഭഗവതി ക്ഷേത്രത്തിലും തുടർന്ന് തിരുനാവായയിലുമെത്തിക്കും. നവാമുകുന്ദ ക്ഷേത്രത്തിലെ ദർശനത്തിനു ശേഷം തുഞ്ചൻപറമ്പ് സന്ദർശിക്കും.
ഇവിടെ ഉച്ചഭക്ഷണം കഴിഞ്ഞ ശേഷം വീണ്ടും ക്ഷേത്രദർശനം. തൃപ്രങ്ങോട്, ആലത്തിയൂർ, ഗരുഡൻകാവ് എന്നീ ക്ഷേത്രങ്ങളിലൊരിടത്തേക്കായിരിക്കും പോകുന്നത്. തുടർന്ന് ഇവിടെനിന്ന് വീണ്ടും തിരുനാവായയിലെത്തും. ഇവിടെ വൈകിട്ട് നിളാ ആരതി കാണുന്നതിനാണ് വീണ്ടുമെത്തുന്നത്. നിളാ ആരതിക്കു ശേഷം ബസുകൾ അതതു സ്ഥലങ്ങളിലേക്കു മടങ്ങും. തിരുനാവായയിലെ സ്ഥിതികൾ അറിയാൻ ഇന്നലെ കോഴിക്കോട് റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ, ബജറ്റ് സെൽ കോഓർഡിനേറ്റർമാർ എന്നിവരെത്തിയിരുന്നു. 9188938531.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.