കൊച്ചി; മലബാറിന് പുറത്തു നിന്നുള്ള മുസ്‌ലിം ലീഗ് നേതാക്കളുടെ പട്ടികയിൽ മുൻനിരയിലുണ്ടാകും വി.കെ. ഇബ്രാഹിം കുഞ്ഞ് എന്ന പേര്.
കേരള രാഷ്ട്രീയത്തിലെ സൗമ്യ മുഖങ്ങളിൽ ഒരാൾ. എടയാർ മേഖലയിലെ ഫാക്ടറി ജീവനക്കാരന്റെ എളിയ സാഹചര്യങ്ങളിൽ നിന്നു 2 തവണ സംസ്ഥാന മന്ത്രിപദം വരെയെത്തിയ ഉയർച്ചയുടെ ചരിത്രം കൂടിയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം.മുസ്‌ലിം സ്റ്റുഡന്റ്സ് ഫെഡറേഷൻ, യൂത്ത് ലീഗ് എന്നിവയിലൂടെ വളർന്ന ഇബ്രാഹിംകുഞ്ഞ് ലീഗ് അനുകൂല തൊഴിലാളി സംഘടനയിലും സജീവമായിരുന്നു. 5 വർഷം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചു. പിന്നീടു സംസ്ഥാന തലത്തിലായി പ്രവർത്തനം. ലീഗിലെ അതികായനായ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനായി നിലകൊണ്ടു. 2005 ജനുവരിയിൽ ഐസ്ക്രീം പാർലർ വിവാദത്തെത്തുടർന്നു കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിസ്ഥാനം രാജിവച്ചപ്പോൾ പകരം പാർട്ടി നിയോഗിച്ചത് ഇബ്രാഹിംകുഞ്ഞിനെ.അതുവരെ ലീഗ് രാഷ്ട്രീയത്തിൽ മുൻനിര നേതാക്കളുടെ നിഴലിൽ ഒതുങ്ങിനിന്ന അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനം പലരെയും അദ്ഭുതപ്പെടുത്തി. അങ്ങനെ എംഎൽഎയായ ആദ്യ ടേമിൽ തന്നെ മന്ത്രിയുമായി. 2001 ലും 2006 ലും മട്ടാഞ്ചേരിയിൽ നിന്നു ജയിച്ച അദ്ദേഹം മണ്ഡലം പുനർനിർണയം വന്നപ്പോൾ പുതുതായി രൂപീകരിച്ച കളമശേരിയിലേക്കു മാറി. 2011 ലും 2016 ലും കളമശേരിയിൽ മിന്നും വിജയം. മണ്ഡലം നോക്കുന്ന എംഎൽഎയെന്ന വിശേഷണമാണു വിജയങ്ങൾക്കു പിന്നിൽ.
സഹായം തേടിയെത്തുന്നവരെ സഹായിക്കുന്നയാൾ എന്ന പരിവേഷവും രാഷ്ട്രീയ പോരാട്ടങ്ങളിൽ തുണയായി.
ആദ്യം മന്ത്രിയായത് പകരക്കാരനായിട്ടാണെങ്കിൽ രണ്ടാംതവണ ലഭിച്ചത് നിർണായകമായ പൊതുമരാമത്ത് വകുപ്പിന്റെ ചുമതല. ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് നടപ്പാക്കിയ നിരവധി വികസന പദ്ധതികളുടെ മുൻനിരയിൽ ഇബ്രാഹിംകുഞ്ഞുണ്ടായിരുന്നു. മന്ത്രിപദവിക്കു പുറമേ കൊച്ചിൻ ഇൻറർ നാഷണൽ എയർപോർട്ട് ലിമിറ്റഡിൻറെ ഡയറക്ടർ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സിൻറിക്കേറ്റ് മെമ്പർ, ഗോശ്രീ ഐലൻറ് ഡെവലപ്പ്മെൻറ് അതോറിറ്റി എക്സിക്യൂട്ടീവ് കമ്മറ്റിയിലെ ഏക അനൗദ്ദ്യോഗിക അംഗം, ഗ്രേറ്റർ കൊച്ചിൻ ഡെവലപ്പ്മെൻറ് അതോറിറ്റി എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പർ തുടങ്ങിയ ഉന്നത സ്ഥാനങ്ങൾ വഹിച്ചു.
ചന്ദ്രിക ദിനപത്രത്തിൻറെ ഡയറക്ടർ ബോർഡ് അംഗമായും പ്രവർത്തിച്ചു. പാലാരിവട്ടം മേൽപാലം നിർമാണ അഴിമതിക്കേസിൽ അഞ്ചാംപ്രതിയാക്കപ്പെട്ടത് ഇബ്രാഹിംകുഞ്ഞിന്റെ രാഷ്ട്രീയ ജീവിതത്തിൽ കറുത്ത പൊട്ടായി. അവസാന കാലത്ത് അസുഖത്തെ തുടർന്ന് നാളുകളോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.