ന്യൂ ഡൽഹി: ഇന്ത്യയുടെയും അമേരിക്കയുടെയും വ്യാപാര ബന്ധത്തിലുണ്ടായ വിള്ളലുകൾ ചൂണ്ടിക്കാട്ടി മോദിക്കെതിരേ വിമർശനവുമായി കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാൻ.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി വിചാരണയ്ക്കായി അമേരിക്കയിലേക്ക് കൊണ്ടുപോയ സംഭവം സൂചിപ്പിച്ച്, ഇന്ത്യയുടെ പ്രധാനമന്ത്രിയേയും ട്രംപ് തട്ടിക്കൊണ്ടുപോകുമോ എന്ന് ചവാൻ ചോദിച്ചു.അമേരിക്ക ഏർപ്പെടുത്തിയ 50 ശതമാനം നികുതിവർധന ഇന്ത്യൻ വ്യാപാരികൾക്ക് വലിയ തിരിച്ചടിയാകുമെന്ന് ചവാൻ ചൂണ്ടിക്കാട്ടി.ഇത്രയും ഉയർന്ന നികുതി നിലനിൽക്കെ വ്യാപാരം അസാധ്യമാണെന്നും ഇത് ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്ക് തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു. നേരിട്ടുള്ള നിരോധനം ഏർപ്പെടുത്താൻ കഴിയാത്തതിനാൽ നികുതി വർധനവ് ട്രംപ് ഒരു ആയുധമായി ഉപയോഗിക്കുകയാണ്. ഇതിന്റെ ഫലമായി മുൻപ് ലഭിച്ചിരുന്ന ലാഭം ഇല്ലാതാകുമെന്നും ഇന്ത്യയ്ക്ക് മറ്റ് വിപണികൾ കണ്ടെത്തേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മോദി സർക്കാർ അമേരിക്കൻ തീരുമാനങ്ങൾക്ക് മുന്നിൽ വഴങ്ങുകയാണെന്നും ഇന്ത്യയുടെ നിർണായകമായ കാര്യങ്ങളിൽ ട്രംപ് തീരുമാനങ്ങൾ എടുക്കുകയാണെന്നും ചവാൻ വിമർശിച്ചു. അതിനിടെ, പ്രധാനമന്ത്രിയെ ട്രംപ് തട്ടിക്കൊണ്ടുപോകുമോ എന്ന ചവാന്റെ ചോദ്യം സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്കും വഴിവെച്ചു.
ആണവ ശക്തിയായ ഇന്ത്യയെക്കുറിച്ച് ഇത്തരമൊരു ചോദ്യം ഉന്നയിച്ച ചവാന് മസ്തിഷ്ക മരണം ഭവിച്ചിരിക്കുകയാണെന്നും വിവരക്കേടാണ് അദ്ദേഹം പറയുന്നതെന്നും വിമർശനം ഉയർന്നു. മുൻ ജമ്മുകശ്മീർ ഡിജിപി എസ്.പി. വൈദ് ഉൾപ്പെടെയുള്ള പ്രമുഖർ ചവാന്റെ പ്രസ്താവനയ്ക്കെതിരേ രംഗത്തുവന്നു. രാജ്യത്തെ മുഴുവൻ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണിതെന്നും ഇതാണോ കോൺഗ്രസിന്റെ പ്രത്യയശാസ്ത്രമെന്നും അദ്ദേഹം ചോദിച്ചു.
ഇത്തരം ഗൗരവകരമായ വിഷയങ്ങളിൽ സംസാരിക്കുമ്പോൾ കുറച്ചുകൂടി വിവേകം കാണിക്കണമെന്നും ചവാനെ അദ്ദേഹം ഓർമിപ്പിച്ചു. അതേസമയം, അമേരിക്കയുടെ താരിഫ് വർധനവ് നിലനിൽക്കുമ്പോഴും ഇന്ത്യയുടെ യുഎസിലേക്കുള്ള കയറ്റുമതിയിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
നവംബർ മാസത്തിൽ ഇന്ത്യയുടെ കയറ്റുമതി 22.61 ശതമാനം വർധിച്ച് 6.98 ബില്യൺ ഡോളറിലെത്തി. ഈ സാമ്പത്തിക വർഷം ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ യുഎസിലേക്കുള്ള കയറ്റുമതിയിൽ 11.38 ശതമാനവും ഇറക്കുമതിയിൽ 13.49 ശതമാനവും വർധനവ് ഉണ്ടായതായും സ്രോതസ്സുകൾ വ്യക്തമാക്കുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.