എലത്തൂർ: യുവതിയെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി വൈശാഖനുമായി കൗൺസലിങ് സെൻററിൽ നടത്തിയ തെളിവെടുപ്പിൽ നിർണായകവിവരങ്ങൾ ലഭിച്ചു.
24-ന് രാവിലെ യുവതി കൗൺസലർക്ക് തന്റെ ജീവന് അപായമുണ്ടെന്ന് കാണിച്ച് സന്ദേശമയച്ചിരുന്നതായി പോലീസ് കണ്ടെത്തി. അന്ന് ഉച്ചയോടെയാണ് യുവതി കൊല്ലപ്പെട്ടത്. ജനുവരി 20, 22 തീയതികളിൽ കല്ലായിലുള്ള കൗൺസലിങ് സെൻററിൽ പ്രതി വൈശാഖനും യുവതിയും കൗൺസലിങ്ങിന് എത്തിയിരുന്നു. 27-നാണ് അടുത്ത കൗൺസലിങ് നിശ്ചയിച്ചിരുന്നത്.ആദ്യ സന്ദർശനത്തിൽ തന്റെ ഭാര്യയാണ് യുവതി എന്നാണ് വൈശാഖൻ കൗൺസലറോട് പറഞ്ഞത്.അടുത്തദിവസം യുവതി ഇത് തിരുത്തിപ്പറഞ്ഞതായി കൗൺസലർ മൊഴിനൽകി. യുവതി എഴുതിവെച്ച ഡയറിയുടെ പകർപ്പ് കൗൺസലർക്ക് വാട്സാപ്പിൽ അയച്ചുനൽകിയിരുന്നു. ഇതിന്റെ തെളിവുകളും പോലീസ് ശേഖരിച്ചു. യുവതി ഫാഷൻ ഡിസൈനിങ്ങിന് പഠിക്കുന്ന സ്ഥാപനത്തിൽനിന്ന് 23-ന് തിരിച്ചുവരുമ്പോൾ പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസിന് വിവരമുണ്ട്. ഇതിനെത്തുടർന്നാണ് ഡയറിയിൽ ജീവനു ഭീഷണിയുള്ള കാര്യം യുവതി എഴുതിവെച്ചത്.യുവതിയെ കൊലപ്പെടുത്താൻവേണ്ടി ഉപയോഗിച്ച ഉറക്കഗുളികയെക്കുറിച്ച് പ്രതി ഗൂഗിളിൽ പരിശോധന നടത്തിയതായി പോലീസിന് തെളിവുലഭിച്ചിട്ടുണ്ട്. പത്തുഗുളിക കുടിച്ചാൽ അപായപ്പെടുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അത്രയും ഗുളിക ജ്യൂസിൽ കലർത്തി നൽകിയത്. മരുന്നുപൊടിക്കാൻ ഉപയോഗിച്ച ചുറ്റികയും കലർത്തിയ ഗ്ലാസുകളും പോലീസ് കസ്റ്റഡിയിലെടുത്തു.
തങ്ങൾ ഒരുമിച്ച് ആത്മഹത്യചെയ്യാൻ ഒരുങ്ങിയതായിരുന്നുവെന്ന പ്രതിയുടെ വാദമാണ് ഇതോടെ പൊളിഞ്ഞത്. അതേസമയം, പ്രതി വൈശാഖന്റെ തടമ്പാട്ടുതാഴെയുള്ള വീട്ടിൽ നടത്തിയ പരിശോധനയിൽ കംപ്യൂട്ടറിന്റെ ഹാർഡ് ഡിസ്ക് സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് പിടിച്ചെടുത്തു. ഇയാളുടെ കിടപ്പുമുറിയും മറ്റുമുറികളും പോലീസ് പരിശോധിച്ചു. വീട് അടച്ചിട്ടതിനാൽ സഹോദരിവന്നാണ് തുറന്നുകൊടുത്തത്. ശനിയാഴ്ച പാലത്തുള്ള പ്രതിയുടെ ഭാര്യവീട്ടിലും പോലീസ് പരിശോധന നടത്തും.
കൊലപാതകം നടന്ന മോരിക്കരയിലെ ഇൻഡസ്ട്രിയൽ യൂണിറ്റിലും പലതവണ യുവതിയെ കൗൺസിലിങ്ങിന് കൊണ്ടുപോയ കല്ലായിലെ കൗൺസലിങ് കേന്ദ്രത്തിലും പ്രതിയെ എത്തിച്ചു. ജ്യൂസിൽ കലർത്താൻ ഉറക്കഗുളികകൾ വാങ്ങിയ കരിക്കാംകുളത്തെ മെഡിക്കൽ ഷോപ്പിലും ജ്യൂസ് വാങ്ങിയ മാളികടവിലെ സെൻട്രൽ ബേക്കറിയിലും പ്രതിയുമായെത്തി പോലീസ് തെളിവെടുത്തു. ബേക്കറിയിൽനിന്ന് ഉള്ളിവടയും സിഗരറ്റും വാങ്ങിയതായി ജീവനക്കാർ മൊഴിനൽകി. ഒട്ടും കൂസലില്ലാതെയാണ് ചെയ്ത ക്രൂരതകൾ പ്രതി പോലീസിനോട് വിവരിച്ചത്.എലത്തൂർ ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്തിന്റെ നേതൃത്വത്തിൽ കനത്ത പോലീസ് കാവലിലായിരുന്നു തെളിവെടുപ്പ്. കൊലപാതകം നടന്ന ഐഡിയൽ ഇൻഡസ്ട്രിയൽ യൂണിറ്റിൽ രാവിലെ 10-ഓടെയാണ് പ്രതിയെ ആദ്യം എത്തിച്ചത്. 11 മണിവരെ ഇവിടെ തെളിവെടുപ്പ് നീണ്ടു. യുവതിയെ എങ്ങനെയാണ് ക്രൂരതയ്ക്ക് ഇരയാക്കിയതെന്ന് പ്രതി പോലീസിന് മുന്നിൽ വിവരിച്ചു. സി.സി.ടി.വി. തെളിവുകളുള്ളതിനാൽ രംഗങ്ങളൊന്നും പുനരാവിഷ്കരിച്ചില്ല. കൊലപാതകത്തിനുശേഷം നൽകിയ കുറ്റസമ്മതമൊഴിയിൽനിന്ന് ഒരു മാറ്റവുമില്ലാതെയാണ് വെള്ളിയാഴ്ചയും മൊഴിനൽകിയത്.
അതേസമയം, കൊലപാതകം ഭാര്യ അറിയുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അറിയുമെന്നാണ് വൈശാഖൻ ഉത്തരം നൽകിയത്. എന്നാൽ, ഇത് കളവാണെന്ന് പോലീസ് പറഞ്ഞു. ഇൻഡസ്ട്രിയലിലെ തെളിവെടുപ്പിന് ശേഷമാണ് മെഡിക്കൽ ഷോപ്പിലും ജ്യൂസ് കടയിലും തുടർന്ന് കല്ലായിലെ കൗൺസലിങ് കേന്ദ്രത്തിലും എത്തിച്ചത്. യുവതി അനുഭവിച്ചിരുന്ന മാനസികസമ്മർദങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തതവരുത്താനായിരുന്നു കൗൺസലിങ് കേന്ദ്രത്തിലെത്തി വിവരങ്ങൾ ശേഖരിച്ചത്.
വൈശാഖൻ തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ടെന്നും ആത്മഹത്യചെയ്യാൻ പേടിയാണെന്നും യുവതി പറഞ്ഞതായി കൗൺസലർ മൊഴിനൽകി. മെഡിക്കൽ ഷോപ്പ്, ജ്യൂസ് കട എന്നിവിടങ്ങളിലെ ജീവനക്കാരിൽനിന്നും സാക്ഷിമൊഴി രേഖപ്പെടുത്തി. ശാസ്ത്രീയതെളിവുകളും നിരീക്ഷണക്യാമറ ദൃശ്യങ്ങളും സഹിതം പഴുതടച്ച കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. തങ്ങൾ ഒരുമിച്ച് ആത്മഹത്യക്ക് ശ്രമിച്ചതാണെന്നും രക്ഷപ്പെട്ടതോടെ താൻ ഭാര്യയുടെ സഹായത്തോടെ യുവതിയെ ആശുപത്രിയിലെത്തിച്ചെന്നുമായിരുന്നു പ്രതിയുടെ ആദ്യമൊഴി.
മൊഴിയിലെ പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതോടെ പോലീസ് ഇൻഡസ്ട്രിയൽ സീൽചെയ്യാൻ നിർദേശിച്ചു. ഇതോടെയാണ് ആത്മഹത്യയായി എഴുതിത്തള്ളുമായിരുന്ന കേസ് കൊലപാതകമായത്. സ്ഥാപനത്തിലെ നിരീക്ഷണക്യാമറയിൽനിന്ന് ക്രൂരമായ കൊലപാതകത്തിന്റെയും പീഡനത്തിന്റെയും ദൃശ്യങ്ങൾ ലഭിച്ചു. ജനുവരി 24-ന് യുവതിയെ തന്ത്രപൂർവം ഇൻഡസ്ട്രിയൽ യൂണിറ്റിൽ വിളിച്ചുവരുത്തിയാണ് പ്രതി കൃത്യം നിർവഹിച്ചത്. രണ്ടുപേർക്കും മരിക്കാനായി ഒരേ കയറിൽ രണ്ടു കുരുക്കുകൾ തയ്യാറാക്കിവെച്ചശേഷമാണ് ഉറക്കഗുളികകൾ കലർത്തിയ ജ്യൂസ് നൽകി കൊലപാതകത്തിന് സാഹചര്യം ഒരുക്കിയത്.
താനുംകൂടി മരിക്കുകയാണെന്ന് യുവതിയെ തെറ്റിദ്ധരിപ്പിച്ചശേഷമാണ് അരുംകൊല നടത്തിയത്. യുവതിയെ കൊലപ്പെടുത്തിയശേഷം തെളിവുനശിപ്പിക്കാനായി സി.സി.ടി.വി. ഹാർഡ് ഡിസ്ക് മാറ്റാൻ വൈശാഖൻ പദ്ധതിയിട്ടിരുന്നെങ്കിലും സ്ഥാപനം പോലീസ് സീൽചെയ്തതോടെ ആ നീക്കം പരാജയപ്പെടുകയായിരുന്നു. പ്രതിയും കൊല്ലപ്പെട്ട യുവതിയും ഒരേസ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് തെളിയിക്കാൻ സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള തെളിവെടുപ്പും സമാന്തരമായി നടക്കുന്നുണ്ട്.
ഫെബ്രുവരി രണ്ടുവരെയാണ് പ്രതിയെ കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയിൽ വിട്ടുനൽകിയത്. എലത്തൂർ ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്തിന് പുറമെ പ്രിൻസിപ്പൽ എസ്.ഐ. വി.ടി. ഹരീഷ് കുമാർ, എസ്.ഐ. മ സഹദ്, എ.എസ്.ഐ. ബിജു എന്നിവർ തെളിവെടുപ്പ് സംഘത്തിൽ ഉണ്ടായിരുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.