ആലപ്പുഴ: കെ.എസ്.ആർ.ടി.സി. ട്രാവൽ കാർഡിന് ആവശ്യക്കാരേറുന്നു. സ്ഥിരംയാത്രക്കാരാണ് ഇതിലേറെ.
ആവശ്യക്കാർ കൂടിയപ്പോൾ ചിലയിടങ്ങളിൽ കാർഡ് കിട്ടാത്ത സ്ഥിതിയാണ്. എത്തിയാൽത്തന്നെ ഉടൻ തീരും. ആവശ്യത്തിനനുസരിച്ച് കാർഡ് ഇറക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. കാർഡ് വിൽപ്പനയിലൂടെ കെ.എസ്.ആർ.ടി.സി.ക്കും മികച്ച വരുമാനമാണ് ലഭിക്കുന്നത്. എന്നിട്ടും സ്ഥിരം യാത്രക്കാർക്ക് കാർഡ് കിട്ടാത്ത സ്ഥിതിയാണ്.ടിക്കറ്റിനായി പണം കരുതേണ്ട എന്നതാണ് കാർഡിന്റെ മെച്ചം.ചലോ എന്ന പേരിലാണ് കാർഡ് ഇറക്കുന്നത്. കാർഡ് റീച്ചാർജ് ചെയ്ത് സഞ്ചരിക്കാം. കാർഡായതോടെ ബസുകളിലെ ചില്ലറത്തർക്കത്തിനും ഒരുപരിധിവരെ പരിഹാരമായിട്ടുണ്ട്. കെ.എസ്.ആർ.ടി.സി.യുടെ വരുമാനത്തിൽ വലിയൊരു പങ്ക് ട്രാവൽ കാർഡിലൂടെ കിട്ടുന്നുണ്ട്. ഏറ്റുവുമധികം കാർഡ് റീച്ചാർജ് നടക്കുന്നത് തിങ്കളാഴ്ചകളിലാണ്.ഒരാഴ്ചത്തേക്കും ഒരുമാസത്തേക്കും കാർഡ് റീച്ചാർജ് ചെയ്യുന്നവരുണ്ട്. കഴിഞ്ഞ അഞ്ചിന് കെ.എസ്.ആർ.ടി.സി. റെക്കോഡ് വരുമാനം നേടിയിരുന്നു. തിരുവനന്തപുരത്ത് തുടങ്ങിയ സ്മാർട്ട് കാർഡ് യാത്ര രണ്ടാമത് കൊല്ലത്തു നടപ്പിലാക്കി. തുടർന്നാണ് ആലപ്പുഴ, എറണാകുളം, പത്തനംതിട്ട ജില്ലകളിലും പ്രാബല്യത്തിലായത്. 100 രൂപയാണ് സ്മാർട്ട് കാർഡിന്. ഇതും കെ.എസ്.ആർ.ടി.സി.ക്ക് വരുമാന നേട്ടമാണ്.
മിനിമം റീച്ചാർജ് തുക 50 രൂപയാണ്. 3,000 രൂപവരെ റീച്ചാർജ് ചെയ്യാം. സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി.യിൽ ശരാശരി 30 ലക്ഷം പേർ ഒരുദിവസം യാത്ര ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ 15 ലക്ഷവും സ്ഥിരംയാത്രക്കാരാണ്. എന്നാൽ, സ്ഥിരംയാത്രക്കാർക്ക് പൂർണമായി കാർഡ് നൽകാനായിട്ടില്ല. നല്ല പ്രചാരണം നൽകിയാൽ വിൽപ്പന കൂടുമെന്നാണ് യാത്രക്കാർ പറയുന്നത്. എന്നാൽ, ആവശ്യാനുസരണം കാർഡുകളുടെ പ്രിന്റിങ് നടക്കുന്നില്ലെന്നാണ് ആക്ഷേപം.കണ്ടക്ടർമാർ, മാർക്കറ്റിങ് എക്‌സിക്യുട്ടീവ്, കെ.എസ്.ആർ.ടി.സി. ഡിപ്പോകൾ എന്നിവിടങ്ങളിൽനിന്ന് കാർഡ് ലഭിക്കും. കാർഡുകൾ യാത്രക്കാർക്ക് അവരുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കൈമാറാം. കാർഡിൽ കൃത്രിമം കാട്ടിയാൽ നിയമനടപടിയെടുക്കും. കാർഡു പൊട്ടുകയോ ഒടിയുകയോ ചെയ്താലോ നഷ്ടപ്പെട്ടാലോ മാറ്റി നൽകില്ല. നിശ്ചിത തുക നൽകിയാൽ പുതിയ കാർഡ് നൽകും. പഴയ കാർഡിലെ തുക പുതിയ കാർഡിലേക്ക് മാറ്റാം.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.